Photo : Alexander Hassenstein/Getty Images (Photo: Photo : Alexander Hassenstein/Getty Images)
ദോഹ: മെസ്സിയും എംബാപ്പെയും ഗോളുകളുടെ ഇന്ദ്രജാലക്കാരാണ്, ബ്രസീല്‍ ടീം മനോഹരമായൊരു സംഘനൃത്തവും. ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ വാതില്‍തുറക്കാന്‍ കളത്തിലിറങ്ങുമ്പോള്‍ നെയ്മറുടെയും കൂട്ടുകാരുടെയും ഏറ്റവും വലിയ ആത്മവിശ്വാസവും അതുതന്നെയാണ്. സംഘബലത്തിന്റെ കരുത്തും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ ചാരുതയുമായി ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെള്ളിയാഴ്ച ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
ഓപ്പണ്‍ ബ്രസീല്‍
വ്യാഴാഴ്ച അല്‍ അറബി എസ്.സി. സ്റ്റേഡിയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ 15 മിനിറ്റ് നേരം ഓപ്പണായിട്ടായിരുന്നു ബ്രസീലിന്റെ പരിശീലനം. പത്രസമ്മേളനത്തിനെത്തിയ കോച്ച് ടിറ്റെയും പ്രതിരോധ താരം ഡാനിലോയും 'ഓപ്പണാ'യ ബ്രസീലിനെ വെളിപ്പെടുത്തി. ടീമിലെ 26 കളിക്കാരെയും ഇതിനകം കളിപ്പിച്ചതിന്റെ ആത്മവിശ്വാസം പങ്കിട്ട ടിറ്റെക്ക് ഏറ്റവും മികച്ച നിരയെ ക്വാര്‍ട്ടറില്‍ അണിനിരത്താനാകും. പരിക്കുമാറി തിരിച്ചെത്തിയ നെയ്മര്‍ക്കൊപ്പം റിച്ചാലിസനും വിനീഷ്യസും പക്വേറ്റയും ഗോളടിക്കുന്നതും അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നു. ഇതുവരെ ഏഴു ഗോളടിച്ച ബ്രസീല്‍ കാമറൂണ്‍, കൊറിയ ടീമുകള്‍ക്കെതിരേ ഓരോ ഗോള്‍ വഴങ്ങിയത് കാര്യമാക്കാനില്ലെന്നാണ് ടിറ്റെ പറഞ്ഞത്.
കാര്യമായി ക്രൊയേഷ്യ
ബ്രസീലിനെ കീഴടക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രൊയേഷ്യ കാര്യമായി പോരാടുമെന്നുറപ്പാണ്. ഇതുവരെ നാലു കളികളില്‍ രണ്ടു ഗോള്‍ മാത്രമേ ക്രൊയേഷ്യ വഴങ്ങിയുള്ളൂ. കോച്ച് ഡാലിച്ച് ലോകത്തെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എന്ന് വിശേഷിപ്പിക്കുന്ന ജോസ്കോ ഗ്വാര്‍ഡിയോളിന്റെ നേതൃത്വത്തില്‍ മികച്ച കളിയാണ് ഇതുവരെ ക്രൊയേഷ്യ കാഴ്ചവെച്ചത്. എന്നാല്‍, അറ്റാക്കിങ് ടീമായ ബ്രസീലിനെതിരേ അതു മതിയാകുമോയെന്ന് കണ്ടറിയണം. ലൂക്കാ മോഡ്രിച്ചും പെരിസിച്ചും ക്രമാറിച്ചും ഉള്‍പ്പെട്ട നിരയ്ക്ക് വേണ്ടത്ര ഗോള്‍ കണ്ടെത്താനാകാത്തതും ക്രൊയേഷ്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.
ബ്രസീല്‍
- കളി 4
- ജയം 3
- തോല്‍വി 1
- ഗോള്‍ 7
- ഗോള്‍ വഴങ്ങിയത് 2
- ബോള്‍ പൊസഷന്‍ 57.8%
- മൊത്തം പാസ് 2314
- പാസിങ് കൃത്യത 87.9%
- ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 7
- ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 0
- ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 32
- ഷോട്ട് ശരാശരി 18.8
- കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത്- മാര്‍ക്വിന്യോസ് (34.41 കി.മീ.)
- കളി 4
- ജയം 2
- സമനില 2
- ഗോള്‍ 5
- ഗോള്‍ വഴങ്ങിയത് 2
- ബോള്‍ പൊസഷന്‍ 54.8%
- മൊത്തം പാസുകള്‍ 2442
- പാസിങ് കൃത്യത 84.7%
- ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 4
- ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 1
- ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 20
- ഷോട്ട് ശരാശരി 11.5
- കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത് - മാഴ്സലോ ബ്രോസോവിച്ച് (56.26)
- ബ്രസീല്‍: അലിസന്, മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്വിന്യോസ്, ഡാനിലോ, കാസെമിറോ, പക്വേറ്റ, റഫീന്യ, നെയ്മര്‍, വിനീഷ്യസ്, റിച്ചാലിസണ്
- ക്രൊയേഷ്യ: ലിവാകോവിച്ച്, യുറാനോവിച്ച്, ലോവ്റന്, ഗ്വാര്‍ഡിയോള്‍, സോസ, കൊവാസിച്ച്, ബ്രോസോവിച്ച്, മോഡ്രിച്ച്, ക്രാമാറിച്ച്, പെറ്റോകോവിച്ച്, പെരിസിച്ച്
Content Highlights: Brazil vs Croatia: Brazil hoping to dance past Croatia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..