Photo: Getty Images
ദോഹ: കപ്പില്‍ മുത്തമിടാനുള്ള സാധ്യത കല്‍പ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ മുന്‍ബെഞ്ചില്‍ തന്നെയുണ്ടായിരുന്നിട്ടും അന്നൊരു ചൊവ്വാഴ്ച ദിവസം സൗദി അറേബ്യയോട് തോറ്റുകൊണ്ടാണ് മെസിയും സംഘവും ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്. ഒരു ഗോളിന് മുന്നിലെത്തി നിന്ന ശേഷം അടിച്ച മൂന്ന് ഗോളുകളും ഓഫ്സൈഡെന്ന കെണിയില്‍ വീണ് പോയി. സൗദി അറേബ്യന്‍ താരങ്ങള്‍ രണ്ടാം പകുതിയില്‍ യന്ത്രമനുഷ്യന്മാരെ പോലെ പന്ത് തട്ടിയപ്പോള്‍ ലോകം ഞെട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ലോകകപ്പില്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും നോക്കൗട്ടിന് സമാനമായിരുന്നു അര്‍ജന്റീനയ്ക്ക്. എതിരിടാനുള്ളത് മോശക്കാരല്ലാത്ത മെക്സികോയേയും പോളണ്ടിനേയും. ആദ്യ മത്സരത്തിലെ തോല്‍വിഭാരം മറക്കുന്ന പ്രകടനമാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് പിന്നീട് കളത്തില്‍ കണ്ടത്. മെസിയേയും സംഘത്തേയും പ്രതിരോധിച്ച് വലച്ച മെക്സികോ സമനിലയുടെ സൂചനകള്‍ നല്കി. പിന്നീട് രണ്ടാം പകുതിയില്‍ കളി മാറി. ഗോളടിച്ചു ഗോളടിപ്പിച്ചും മെസി കളിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ 2-0ന് ജയിച്ച് ആദ്യ പടി കയറി.
പിന്നീട് നേരിടാനുള്ളത് ഒരു സമനില പോലും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കുമായിരുന്ന പോളണ്ടിനെ. ലക്ഷ്യം സമനിലതന്നെയെന്ന് പോളണ്ടിന്റെ ഫോര്‍മേഷനില്‍ നിന്ന് തന്നെ വ്യക്തം. കളത്തില്‍ പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടി പോളിഷ് വെല്ലുവിളി. ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത് വാര് സാങ്കേതിക വിദ്യയുടെ സഹായത്തോടെ. പക്ഷേ ആ മാന്ത്രികന്റെ ഇടങ്കാലന്‍ ഷോട്ട് പോളിഷ് കീപ്പര്‍ വോസിയെച്ച് സെസ്നി തടുത്തിട്ടു.
രണ്ടാം പകുതിയിലും പോളണ്ടിന്റെ തന്ത്രം പ്രതിരോധം തന്നെയെന്ന് മനസ്സിലാക്കിയ അര്‍ജന്റീന വിങ്ങുകളിലൂടെ കളി മെനഞ്ഞു. നിന്തര പ്രയത്നത്തിന് ഒടുവില്‍ ഫലം കണ്ടു. 20ാം നമ്പര്‍ താരം മാക്കലിസ്റ്റര്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ക്ക് അത് ആശ്വാസത്തിന്റെ നിമിഷം. പിന്നാലെ ജൂലിയന്‍ അല്‍വാരസ് എന്ന കൗമാരക്കാരന് ഒന്നാന്തരമൊരു ഗോളിലൂടെ പ്രീ ക്വാര്‍ട്ടറിന്റെ വാതില്‍ അര്‍ജന്റീനയ്ക്കായി തള്ളിത്തുറന്നുകൊടുത്തു.
രണ്ടാം ഗോള്‍ വീണ ശേഷം പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. ഫൈനല്‍ വിസിലിനായി കാത്തിരുന്നത് അര്‍ജന്റീനയ്ക്കൊപ്പം പോളണ്ടും. 2-0 എന്ന സ്കോര്‍ തുടരുകയും മെക്സിക്കോ സൗദിക്കെതിരെ മൂന്നാമതൊരു ഗോള്‍ നേടാതിരിക്കുകയും ചെയ്തപ്പോള്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് സിയില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്കിയും സംഘവും അവസാന 16ല്‍ ഒന്ന് തങ്ങളുടെ പേരെന്ന് ഉറപ്പിച്ചു. ജയിച്ച മെക്സികോ പുറത്ത് തോറ്റ പോളണ്ട് അകത്ത്. ചിലപ്പോഴൊക്കെ കണക്കിലെ കളി ജയിക്കുന്നവരെ തോല്‍പ്പിക്കും. അത് അങ്ങനെയാണ്.
Content Highlights: argentina, fifa world cup 2022, pre quarter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..