പ്രഷര്‍ കുക്കറിനുള്ളിലെ അര്‍ജന്റീനയും പട്ടംപോലെയുള്ള നെതര്‍ലന്‍ഡ്‌സും; മരണക്കളിയുടെ ഫുട്‌ബോള്‍ രാവ്


അർജന്റീനയുടേയും നെതർലൻഡ്‌സിന്റേയും ആഘോഷം | Photo: AFP

വെള്ളിയാഴ്ച്ച രാത്രി 12.30. നെതര്‍ലന്‍ഡ്‌സ് ആരാധകരും അര്‍ജന്റീന ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സമയം. ഒരിക്കല്‍ കൂടി ഇരുടീമുകളും മുഖാമുഖം വരുന്നു. അതും ലോകകപ്പ് ക്വാര്‍ട്ടറില്‍. നിലവിലെ പ്രകടനം പരിശോധിച്ചാല്‍ അത്ര എളുപ്പത്തില്‍ ഈ ക്വാര്‍ട്ടര്‍ കടമ്പ രണ്ടുപേര്‍ക്കും പിന്നിടാനാകില്ല. ഒരു മരണക്കളി തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

ഫുട്‌ബോളിന്റെ ഒരു മനോഹാരിതയും കാഴ്ച്ചക്ക് നല്‍കാത്ത ഫുട്‌ബോളാണ് നെതര്‍ലന്‍ഡ്‌സ് കളിക്കുന്നതെന്ന് പരാതിപ്പെട്ടവര്‍ക്കുള്ള മറുപടിയായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ അവര്‍ അമേരിക്കയ്‌ക്കെതിരേ പുറത്തെടുത്തത്. ആക്രമണ ഫുട്‌ബോളിന്റെ മിന്നലാട്ടങ്ങള്‍ കണ്ട മത്സരം. രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായി ഡെന്‍സില്‍ ഡംഫ്രിസിന്റെ കളിമികവ് കൂടി കണ്ട മത്സരം. ലൂയിസ് വാന്‍ഗാല്‍ എന്ന പരിശീലകന്റെ തന്ത്രങ്ങളെല്ലാം ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ഗ്രൗണ്ടില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് അവരുടെ നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ അവര്‍ ഈ ലോകകപ്പില്‍ ഏറ്റവും ആധികാരികമായി കളിക്കുന്ന ടീമുകളില്‍ ഒന്നാണ്. പട്ടംപോലെ പറന്നുനടന്ന് കളിക്കുന്ന ടീം. അമേരിക്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിലും അവര്‍ തങ്ങളുടെ മികവ് പൂര്‍ണമായും പുറത്തെടുത്തിട്ടില്ല. കളി വരുതിയിലാക്കി വിജയത്തിലേക്ക് നീങ്ങുന്ന ഓറഞ്ച് പട അര്‍ജന്റീനയ്‌ക്കെതിരായ ക്വാര്‍ട്ടറിലാകും വിശ്വരൂപം പുറത്തെടുക്കുക.

അതു തന്നെയാണ് അര്‍ജന്റീനയെ ഭയപ്പെടുത്തുന്ന കാര്യവും. ലോകകപ്പിലെ ഓരോ മത്സരങ്ങളും അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. തുടക്കം മുതല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് അജന്റീന കളിക്കുന്നത്. ടീമില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പോലും അവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയേയും പോളണ്ടിനേയും ഒരുപോലെ അതിജീവിക്കേണ്ടി വന്നു. ഉറച്ചുനിന്ന മെക്‌സിക്കന്‍ പ്രതിരോധക്കോട്ടയെ ഭേദിക്കാന്‍ മെസ്സിയും സംഘവും നന്നായി വിയര്‍പ്പൊഴുക്കി. തപ്പിത്തടഞ്ഞും ആശങ്കയുണര്‍ത്തിയുമുള്ള ഒന്നാം പകുതിയാണ് മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീന കളിച്ചത്. ഒടുവില്‍ 64-ാം മെസ്സിയുടെ ഒരു ഇടംകാല്‍ ഷോട്ട് തന്നെ വേണ്ടിവന്നു പ്രതിരോധപ്പൂട്ട് പൊട്ടിക്കാന്‍. പത്ത് പേരും പ്രതിരോധത്തിലൂന്നി കളിച്ച പോളണ്ടിനേയും നിരന്തര ആക്രമണങ്ങളിലൂടെ അര്‍ജന്റീന കീഴടക്കി. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ഫിസിക്കല്‍ ഗെയിമിനേയും അവര്‍ അതിജീവിച്ചു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഓസ്‌ട്രേലിയ ആഞ്ഞുതുഴഞ്ഞപ്പോള്‍ അര്‍ജന്റീനന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്താല്‍ ചുറ്റപ്പെട്ടു. പ്രഷര്‍ കുക്കറിനുള്ളില്‍ അകപ്പെട്ടതുപോലെയായിരുന്നു ആ സമ്മര്‍ദ്ദം. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ചുറ്റിപ്പിടിച്ചാണ് അര്‍ജന്റീനന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്. അതുവരേയുള്ള സമ്മര്‍ദ്ദം മുഴുവന്‍ മാഞ്ഞുപോയതിന്റെ ആശ്വാസം താരങ്ങളുടെ മുഖത്തുണ്ടായിരുന്നു.

പ്രീ ക്വാര്‍ട്ടര്‍ വരേയുള്ള മത്സരം പരിശോധിച്ചാല്‍ നെതര്‍ലന്‍ഡ്‌സ് അനായാസം പന്തുതട്ടിയതു പോലെ നമുക്ക് തോന്നാം. അതേസമയം അര്‍ജന്റീന വരിഞ്ഞുമുറുകി കളിച്ചതുപോലേയും. അതുകൊണ്ടുതന്നെ ക്വാര്‍ട്ടറില്‍ ഒരല്‍പം മുന്‍തൂക്കം നെതര്‍ലന്‍ഡ്‌സിന് തന്നെയാണ്. ഇരുടീമുകളും മുഖാമുഖം വന്ന ഇതുവരേയുള്ള കണക്ക് എടുത്തുനോക്കിയാലും മുന്‍തൂക്കം ഡച്ച് പടയ്ക്കാണ്. ഒമ്പത് മത്സരങ്ങളില്‍ നാല് എണ്ണത്തില്‍ അവര്‍ വിജയിച്ചു. മൂന്നെണ്ണത്തില്‍ അര്‍ജന്റീനയും. രണ്ടെണ്ണം സമനിലയായി. ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിച്ചത്. ഇതില്‍ ഇരുടീമുകള്‍ക്കും രണ്ട് വിജയങ്ങളും രണ്ട് തോല്‍വിയും. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

പശ്ചിമ ജര്‍മനിയില്‍ 1974-ല്‍ നടന്ന ലോകകപ്പ്

ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ യൊഹാന്‍ ക്രൈഫിന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീനയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചത്. അന്ന് ക്രൈഫ് ഇരട്ടഗോള്‍ നേടി.

അര്‍ജന്റീനയില്‍ നടന്ന 1978-ലെ ലോകകപ്പ്

അന്ന് ഇരുടീമുകളും കിരീടപ്പോരാട്ടത്തിലാണ് മുഖാമുഖം വന്നത്. മരിയോ കെംപസിന്റെ ഇരട്ടഗോളില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 3-1നായിരുന്നു ആതിഥേയരുടെ വിജയം.

ഫ്രാന്‍സില്‍ നടന്ന 1998-ലെ ലോകകപ്പ്

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോള്‍ കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. 90-ാം മിനിറ്റില്‍ ഡെന്നീസ് ബെര്‍കാംപിന്റെ ആ ഗോളില്‍ അര്‍ജന്റീനയെ 2-1ന് തോല്‍പ്പിച്ച് ഡച്ച് ടീം സെമിയിലെത്തി.

ജര്‍മനിയില്‍ നടന്ന 2006-ലെ ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഗോള്‍രഹിത സമനിലയായിരുന്നു മത്സരഫലം.

ബ്രസീലില്‍ നടന്ന 2014-ലെ ലോകകപ്പ്

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡച്ച് ആരാധകരെ സങ്കടത്തിലാഴ്ത്തി സെമി ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരുടീമുകളും ഗോള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തി. 4-2ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം.

Content Highlights: argentina vs netherlands early odds and history before qatar world cup quarter final match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented