Photo: facebook.com/ajmal.hassan.18
മാനന്തവാടി: 'നമ്മള്‍ ജയിക്കും നമ്മളേ ജയിക്കൂ'..അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ് അജ്മല്‍ ഹസന്‍ നവംബര്‍ മൂന്നിന് മാതാവ് സൈനബയ്‌ക്കൊപ്പമുള്ള പ്രൊഫൈല്‍ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. അജ്മല്‍ പറഞ്ഞതു പോലെത്തന്നെ അര്‍ജന്റീന ജയിച്ചിരിക്കുന്നു..പക്ഷേ ആ വിജയം കാണാനും ആഹ്‌ളാദം പ്രകടിപ്പിക്കാനും അജ്മല്‍ ഇല്ല.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞായറാഴ്ച രാത്രി മാനന്തവാടിയില്‍ ആര്‍ത്തിരമ്പിയ അര്‍ജന്റീന ആരാധകര്‍ക്കൊപ്പം അജ്മല്‍ ഹസനും ഉണ്ടാകുമായിരുന്നു. അര്‍ജന്റീനയെയും ലയണല്‍ മെസ്സിയെയും അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ അജ്മലിന്റെ വേര്‍പാടാണ് അര്‍ജന്റീനയുടെ വിജയത്തിന്റെ ആഘോഷത്തിനിടയിലും മാനന്തവാടിയിലെ അര്‍ജന്റീനയുടെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നോവാകുന്നത്.
മേപ്പാടി ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയിലെ അസി. പ്രൊഫസറായിരുന്ന അജ്മല്‍ ഹസന്‍ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അര്‍ജന്റീനയുടെ ഫൈനലിന് 14 ദിവസംമുമ്പ് ലോകത്തോട് വിടപറഞ്ഞത്.
അജ്മലിന്റെ വേര്‍പാട് ഉണ്ടാക്കിയ ശൂന്യതയില്‍നിന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇതുവരെ മുക്തരായിട്ടില്ല. ആറാട്ടുതറയിലെ സൂരജ് മന്‍സിലില്‍ എത്തുന്നവരോട് സംസാരിക്കുമ്പോള്‍ മാതാവ് സൈനബ ഹസന്‍ അറിയാതെ വിങ്ങിപ്പൊട്ടിപ്പോകും. ''അജി ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ ആഘോഷമായിരുന്നേനേ. മത്സരത്തില്‍ അര്‍ജന്റീന ഗോളടിക്കുന്നത് കണ്ടാല്‍ മുറിമുഴുവന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഓടിനടക്കും''-സൈനബ പറഞ്ഞു.

അര്‍ജന്റീനയോടുള്ള സ്‌നേഹത്താല്‍ ഓണ്‍ലൈനായി വരുത്തിച്ച ബെഡ്ഷീറ്റിലാണ് കിടന്നുറങ്ങിയിരുന്നത്'-സൈനബ പറഞ്ഞു.
നവംബര്‍ 20-ന് ഖത്തര്‍ ലോകകപ്പിന് വേദിയായതുമുതല്‍ നേരില്‍പോയി അര്‍ജന്റീനയുടെ കളി കാണാനുള്ള ശ്രമം അജ്മല്‍ നടത്തിയിരുന്നു. മറ്റു ടീമുകളുടെ സ്ലോട്ട് ലഭിച്ചെങ്കിലും അര്‍ജന്റീനയുടെ കളി കാണാന്‍ അവസരം കിട്ടാതായതോടെ ഖത്തറിലേക്ക് പോകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു.
നവംബര്‍ 16-ന് വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്മല്‍ 21 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ഡിസംബര്‍ ആറിനാണ് മരിച്ചത്. അജ്മല്‍ സി.പി.എം. ആറാട്ടുതറ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ. മാനന്തവാടി മേഖല സെക്രട്ടറിയുമായിരുന്നു.
എരുമത്തെരുവ് കാഞ്ചി കാമക്ഷിയമ്മന്‍ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത് അജ്മലും സുഹൃത്തുക്കളും ചേര്‍ന്നാണ്. ഇതിനുള്ള ആദ്യസംഭാവന നല്‍കിയതും അജ്മലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അജ്മലിനായി അര്‍ജന്റീനയുടെ വിജയം സമര്‍പ്പിക്കുന്നതായി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും പറഞ്ഞു.
Content Highlights: argentina fan died before argentina lift qatar world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..