പന്തും കപ്പും തിരകളും... തീരത്തെ നെയ്മറും മെസ്സിയും


പ്രദീപ് പയ്യോളി

ഓൾ കേരള മെസ്സി ഫാൻസ് താനൂർ തൂവൽതീരം ബീച്ചിൽസ്ഥാപിച്ച മെസിയുടെ 80 അടി ഉയരമുള്ള കട്ടൗട്ട്. 18 അടി വീതിയുമുണ്ട്. രണ്ടാഴ്ച പരിശ്രമിച്ചാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇവിടേക്ക് ഇപ്പോൾ ആരാധകരുടെ ഒഴുക്കാണ്

തിരൂര്‍: ഉണ്യാല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് മൊയ്തീനും മമ്മദും. ഉറ്റ ചങ്ങാതിമാര്‍. ഇനി കുറച്ചുകാലം കഥപക്ഷേ മാറും. ഒരു മാസം അവര്‍ പരസ്പരം പോരടിക്കും. ഒരാള്‍ അര്‍ജന്റീനയ്ക്കുവേണ്ടി. മറ്റൊരാള്‍ ബ്രസീലിനുവേണ്ടി.

ലോകമെങ്ങുംപോലെ ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിരയിളക്കമാണ് മലപ്പുറത്തിന്റെ തീരദേശത്തും. മൊയ്തീനും മമ്മദും ചേരി തിരിയുന്നു. കടലോരമാകട്ടെ ഫുട്‌ബോളിന്റെ ആവേശക്കടലായി. മിക്ക സ്ഥലങ്ങളിലും രണ്ടു ടീമുകളുടെ കൊടിതോരണങ്ങളും കട്ടൗട്ടുകളും ബോര്‍ഡുകളും കൂടുതലായി കാണാം. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരാണ് 90 ശതമാനവും.ലോകകപ്പ് ഫുട്‌ബോള്‍ തീരദേശത്ത് സമാധാനത്തിന്റെ ചിഹ്നം കൂടിയാണ്. രാഷ്ട്രീയ ചേരിതിരിവുകള്‍ക്കും വൈരാഗ്യങ്ങള്‍ക്കുമെല്ലാം ഇക്കാലത്ത്‌ലോങ് വിസില്‍. ബ്രസീലും അര്‍ജന്റീനയുമായി അവര്‍ മാറും.

ഉണ്യാല്‍ അങ്ങാടിയില്‍ ആരാധകര്‍ അര്‍ജന്റീന സ്‌ക്വയര്‍ സ്ഥാപിച്ചിട്ടുണ്ട്. ഉണ്യാല്‍-താനൂര്‍ റോഡില്‍ അര്‍ജന്റീനയുടെ കൊടി റോഡില്‍ വരച്ചതും കാണാം. പുതിയ കടപ്പുറത്ത് കൊടി തോരണങ്ങള്‍കൊണ്ട് ബ്രസീല്‍ മരമുണ്ടാക്കിയിട്ടുണ്ട്.

താനൂര്‍ അഞ്ചുടിയില്‍ അര്‍ജന്റീന പെട്ടിക്കട കാണാം. പെട്ടിക്കടയ്ക്ക് അര്‍ജന്റീനയുടെ കൊടിയുടെ നിറമടിച്ചിരിക്കുകയാണ്. താനൂര്‍ ഫിഷിങ്ഹാര്‍ബറിന് സമീപം അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കൊടികള്‍ ഉയരത്തില്‍ക്കെട്ടി കാറ്റില്‍ പറക്കുന്നു. ബോട്ടുകളിലും കാണാം ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കൊടികള്‍. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ചില രാഷ്ട്രങ്ങളുടെ കൊടി തോരണങ്ങള്‍ അങ്ങിങ്ങായി കാണാന്‍ കഴിയുന്നുണ്ട്.

പാതയോരങ്ങളില്‍ പലയിടത്തും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും ബോര്‍ഡുകളും നിറഞ്ഞു. തീരദേശത്ത് ലോകകപ്പ് വാതുവെപ്പും തുടങ്ങിയിട്ടുണ്ട്. തലമുണ്ഡനംചെയ്യുക, മീശ വടിക്കുക തുടങ്ങിയവയും കൂട്ടത്തിലുണ്ട്. ജില്ലയിലെ തീരദേശ മേഖലയിലെ ഏറ്റവും വലിയ കട്ടൗട്ട് താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഉയര്‍ന്നിട്ടുണ്ട്. തീരദേശത്ത് മിക്കയിടങ്ങളിലും കുട്ടികളും യുവാക്കളും ഫുട്‌ബോള്‍ ജഴ്‌സിയണിഞ്ഞ് നടക്കുന്നതും കാണാം

എടവണ്ണയിലെ ആരവം

അങ്ങാടിയില്‍ ഒരുമയുടെ സന്ദേശവുമായി ആരാധകരുടെ ഘോഷയാത്ര. പിന്നെ പത്തടിയോളം ഉയരമുള്ള, ലോക കപ്പ് മാതൃക ഉയര്‍ന്നു. ആരാധകര്‍ അതിനുചുറ്റും ഒരുമിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് എടവണ്ണയില്‍ ലോക കപ്പ് വരവേല്‍പ്പ് നാദംമുഴക്കി ആരാധകര്‍ കൂടിയത്. പഞ്ചായത്ത് മുന്‍കൈ എടുത്ത് നിര്‍മിച്ച പത്ത് അടിയോളം ഉയരമുള്ള ലോക കപ്പ് മാതൃക ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. പേപ്പറും കമ്പികളും ഉപയോഗിച്ചാണ് തയ്യാറാക്കിയത്. സന്തോഷ് ട്രോഫി മുന്‍താരം ആസിഫ് സഹീര്‍ സംസ്ഥാപന കര്‍മം നിര്‍വഹിച്ചു.

വണ്ടൂർ പള്ളിക്കുന്നിലെ ലോകകപ്പ് മാതൃക

വിളംബര ഘോഷയാത്രയില്‍ വിവിധ ടീമുകളുടെ നൂറുകണക്കിന് ആരാധകര്‍ അണിനിരന്നു. ഇഷ്ടടീമിന്റെ ജഴ്സിയണിഞ്ഞ് കൊടികളേന്തി എല്ലാവരും യാത്ര മനോഹരമാക്കി. ഗ്രാമ മേഖലകളില്‍നിന്നുള്ള യാത്രകളെല്ലാം എടവണ്ണയില്‍ സംഗമിക്കുകയായിരുന്നു. ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ആരാധകരായിരുന്നു ഏറെയും. ജനപ്രതിനിധികളും വിളംബര ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും ആരാധകര്‍ അണിനിരന്നു

മൈതാനിയില്‍ ഏറ്റുമുട്ടി

പത്തപ്പിരിയം തുണ്ടത്തില്‍ ഗോവിന്ദന്‍കുട്ടി നായര്‍ സ്മാരക നവോദയം സ്റ്റേഡിയത്തില്‍ അര്‍ജന്റീന -ബ്രസീല്‍ ആരാധകരുടെ സൗഹൃദ മത്സരാവേശപ്പോര്. സെവന്‍സ് ഫുട്ബോള്‍ മത്സരമാണ് ഇരു ടീമുകള്‍ക്കും വേണ്ടി നടത്തിയത്. മൈതാനിക്ക് ചുറ്റുംകൂടിയ ഇരുപക്ഷത്തെയും കാണികളെ നിരാശപ്പെടുത്താത്ത കളിയാണ് ടീമുകള്‍ കാഴ്ചവെച്ചത്. ഒന്നിനെതിരേ രണ്ട് ഗോളിന് അര്‍ജന്റീന കപ്പ് നേടി. അര്‍ജന്റീന ആരാധകനും വെറ്ററന്‍സ് താരവുമായ എന്‍. അലി മത്സരങ്ങള്‍ നിയന്ത്രിച്ചു. സൂപ്പര്‍ സ്റ്റുഡിയോ മുന്‍താരം പി. ഹംസ എടവണ്ണ ട്രോഫി നല്‍കി.

Content Highlights: argentina fans, brazil fans, fifa world cup 2022, qatar world cup 2022, malappuram football fans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented