ക്ലീഷേ ആണെങ്കിലും പറഞ്ഞേ മതിയാകൂ... ഇത് തന്നെയാണ് മരണഗ്രൂപ്പ് !


സിറാജ് കാസിം

Photo: Getty Images

രണഗ്രൂപ്പ് എന്നത് ലോകകപ്പ് ഫുട്ബോള്‍ വിശകലനത്തില്‍ ക്ലീഷേയായ പ്രയോഗമാണ്. എന്നാല്‍, മുന്‍ലോകചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനും ഒരു ഗ്രൂപ്പില്‍ വരുമ്പോള്‍ ആ പ്രയോഗം വീണ്ടും ഓര്‍ത്തുപോകും. താരതമ്യേന ദുര്‍ബലരായ ജപ്പാനും കോസ്റ്ററീക്കയുമാണ് ഗ്രൂപ്പ് ഇ-യിലെ മറ്റു പോരാളികളെങ്കിലും ചില 'അപകടം' ജര്‍മനിയും സ്പെയിനും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വേദിയാകും ഗ്രൂപ്പ് ഇ.

ബയേണാണ് ജര്‍മനിഇതുവരെ കളിച്ച 19 ലോകകപ്പുകളില്‍ 13-ലും സെമിയിലെത്തിയ ജര്‍മനിയുടെ കരുത്ത് ലോകഫുട്ബോളില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്തതാണ്. ഖത്തറിലെത്തുമ്പോള്‍ ആ കരുത്തില്‍ അല്പം ഉലച്ചിലുണ്ടെങ്കിലും ജര്‍മനിയെ അങ്ങനെ വിലകുറച്ച് കാണാനുമാകില്ല. ക്യാപ്റ്റന്‍ തോമസ് മുള്ളറും സെര്‍ജി നാബ്രിയും ലിറോയ് സാനെയും അടങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ മുന്നേറ്റനിര തന്നെയാണ് ജര്‍മനിയുടെയും ആക്രമണനിര. ബയേണില്‍ ഒന്നിച്ചുകളിക്കുന്ന ഈ ത്രയം ഖത്തറിലും ഹിറ്റായാല്‍ എതിരാളികള്‍ വിയര്‍ക്കും. മധ്യനിരയില്‍ ബയേണിന്റെ ജോഷ്വാ കിമ്മിച്ചും ചെല്‍സിയുടെ കായ് ഹാവെര്‍ട്ടും മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എല്‍കായ് ഗുണ്ടോഗനും ബെന്‍ഫിക്കയുടെ ജൂലിയന്‍ ഡ്രാക്സ്ലറും കൂടിയെത്തുമ്പോള്‍ അവിടെയും ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മുന്നേറ്റത്തോടും മധ്യനിരയോടും താരതമ്യം ചെയ്യുമ്പോള്‍ അത്ര പരിചയസമ്പന്നരല്ല പ്രതിരോധനിര.

ജര്‍മനി (ലോകറാങ്ക് - 11)

ലോകകപ്പില്‍ പങ്കെടുക്കുന്നത് 20-ാം തവണ

മികച്ച പ്രകടനം

ചാമ്പ്യന്മാര്‍ - 4 തവണ (1954, 1974, 1990, 2014)

രണ്ടാം സ്ഥാനം - 4 തവണ (1966, 1982, 1986, 2002)

യുവശക്തിയില്‍ സ്പെയിന്‍

2010-ല്‍ ലോകകിരീടം നേടിയശേഷം അതിനടുത്ത ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായ സ്പെയിന്‍ യുവശക്തിയുടെ കരുത്തിലാണ് ഇത്തവണ ഖത്തറിലെത്തുന്നത്. ബാഴ്സലോണയുടെ അന്‍സു ഫാത്തിയും ടോട്ടനത്തിന്റെ ബ്രയാന്‍ ഗില്ലും പോലെയുള്ളവരെ ഈ ലോകകപ്പിന്റെ താരങ്ങളാക്കാന്‍ എന്റ്വികേ ഓതിക്കൊടുക്കുന്ന തന്ത്രങ്ങള്‍ക്കു കഴിഞ്ഞാല്‍ സ്പെയിന്‍ അപ്രവചനീയമാകും. അത്ലറ്റികോ മഡ്രിഡിന്റെ അല്‍വാരോ മൊറാട്ടയും ബാഴ്സലോണയുടെ ഫെറാന്‍ ടോറസും അടങ്ങുന്ന ആക്രമണനിര ശക്തമാണ്. ബാഴ്സലോണയുടെ സെര്‍ജിയോ ബുസ്‌ക്വറ്റ്സും അത്ലറ്റികോ മാഡ്രിഡിന്റെ കോക്കെയും അടങ്ങുന്ന മധ്യനിരയ്ക്ക് പഴയ സ്പാനിഷ് പ്രതാപത്തിന്റെ കരുത്തില്ല. എന്നാല്‍, ഇവിടെയും ബാഴ്സലോണയുടെ യുവതാരങ്ങളായ ഗാവിയും പെഡ്രിയുമൊക്കെ കളിമാറ്റുമെന്ന വലിയ സാധ്യതകള്‍ ബാക്കിയുണ്ട്. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ ബാഴ്സ താരം ജോര്‍ഡി ആല്‍ബയും റയലിന്റെ ഡാനി കര്‍വജാലും അധ്വാനിച്ച് കളിക്കുന്നവരാണ്.

സ്പെയിന്‍ (ലോകറാങ്ക് - 7)

ലോകകപ്പില്‍ പങ്കെടുക്കുന്നത് 16-ാം തവണ

മികച്ച പ്രകടനം

ചാമ്പ്യന്മാര്‍ - ഒരു തവണ (2010)

നാലാം സ്ഥാനം - ഒരു തവണ (1950)

ജോറാക്കാന്‍ ജപ്പാന്‍

ഏഷ്യന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ജോറായി കളിക്കാന്‍ തന്നെയാണ് ജപ്പാന്റെ വരവ്. ആരെയും കൂസാതെ കളിക്കുകയെന്നതാണ് ജപ്പാന്റെ എക്കാലത്തെയും ലളിതമായ വിജയമന്ത്രം. മുന്നേറ്റനിരയിലെ പരിചയസമ്പന്നരായ യുകാ ഒസാക്കോയും ടാക്കുമ അസാനോയും പോലുള്ള താരങ്ങളെ മാത്രം ആശ്രയിച്ചല്ല ജപ്പാന്‍ ഇപ്പോള്‍ കളിക്കുന്നത്. വിദേശലീഗുകളില്‍ കളിക്കുന്ന ക്യോജോ ഫുറുഹാഷിയും ഡൈസന്‍ മെയ്ഡയും പോലുള്ള താരങ്ങള്‍ക്ക് ഇത്തവണ വലിയ റോളുണ്ടാകുമെന്ന് കോച്ച് ഹാജിമേ മൊറിയാസു പറയുന്നത് ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. മധ്യനിരയില്‍ ഗാക്കു ഷിബസാക്കിയും ജെന്‍കി ഹറാഗുച്ചിയും പോലെയുള്ള താരങ്ങള്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്താല്‍ ഒരുവെടിക്കുള്ള മരുന്നൊക്കെ ജപ്പാന്‍ ടീമിലുണ്ട്.

ജപ്പാന്‍ (ലോകറാങ്ക് - 24)

ലോകകപ്പില്‍ പങ്കെടുക്കുന്നത് 7-ാം തവണ

മികച്ച പ്രകടനം

പ്രീക്വാര്‍ട്ടര്‍ - 3 തവണ (2002, 2010, 2018)

കൂളായി കോസ്റ്ററീക്ക

നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ കളിക്കുന്ന കോസ്റ്ററീക്ക കൂളായിട്ടാണ് ഖത്തറിലെത്തുന്നത്. യോഗ്യതാറൗണ്ടില്‍ അമേരിക്കയടക്കമുള്ള ടീമുകളെ തോല്‍പ്പിച്ചാണ് വരവ്. ലിയോണിനു കളിക്കുന്ന പരിചയസമ്പന്നനായ ജോയല്‍ കാംപെല്ലാണ് മുന്നേറ്റനിരയുടെ കുന്തമുന. മധ്യനിരയില്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസും സെല്‍സോ ബൊര്‍ജെസും രാജ്യത്തിനായി 140-ലേറെ മത്സരങ്ങള്‍ കളിച്ചവരാണ്. പരിചയസമ്പത്ത് ഏറെയുണ്ടെങ്കിലും ഇരുവരുടെയും പ്രായം ഒരു പ്രശ്‌നമാകുമോയെന്ന ആശങ്ക കോസ്റ്ററീക്കയ്ക്കുണ്ട്.

കോസ്റ്റാറീക്ക (ലോകറാങ്ക് - 31)

ലോകകപ്പില്‍ പങ്കെടുക്കുന്നത് 6-ാം തവണ

മികച്ച പ്രകടനം

ക്വാര്‍ട്ടര്‍ ഫൈനല്‍ - ഒരു തവണ (2014)

Content Highlights: fifa world cup 2022, group e in world cup, germany, germany vs spain, spain, japan, costa rica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented