ഖത്തറിന്റെ ഖല്‍ബില്‍...


സിറാജ്

ദോഹയിൽ, ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ പതാക ഉയർത്തിയപ്പോൾ | Photo: AFP

"ഒരിക്കല്‍ ആകാശത്ത് നിങ്ങള്‍ പറന്നെന്നിരിക്കട്ടെ. പിന്നെ ഭൂമിയില്‍ നടക്കുമ്പോഴും നിങ്ങളുടെ മിഴികള്‍ ആകാശത്തായിരിക്കും. കാരണം നിങ്ങള്‍ അവിടെ പോയിരുന്നു. അവിടേക്കുമടങ്ങാന്‍ നിങ്ങള്‍ ദാഹിക്കുന്നു."(ലിയനാര്‍ഡോ ഡാവിഞ്ചി)

പ്രിയപ്പെട്ടവരേ, സ്വപ്നങ്ങളുടെ ആകാശത്ത് മനസ്സ് പാറിനടക്കുകയാണ്. ഇനിയുള്ള ഒരു മാസത്തെ രാപകലുകളില്‍ ഭ്രമണപഥത്തില്‍ ഒരു പന്തുമാത്രം. കാലിലും ഖല്‍ബിലും ഒരുപോലെ പറ്റിപ്പിടിച്ചുരുളുന്ന ഒരു പന്തിനു പിന്നാലെ സഞ്ചരിക്കാനുള്ള നിയോഗവുമായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ നേരം സായാഹ്നം. ലോകത്തിലെ ഏറ്റവും വലിയ ഉത്സവപ്പറമ്പിലേക്കു വന്നുചേരുമ്പോള്‍ ഏതു വേഷത്തിലേക്കാണ് ആദ്യം കൂടുമാറേണ്ടത്? തൃശ്ശൂര്‍ പൂരത്തിലെന്നതുപോലെ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും തിരുവമ്പാടി വരവും ഒക്കെയായി എത്രയോ കാഴ്ചകള്‍ മുന്നില്‍ തെളിയാനിരിക്കുന്നു. എല്ലാം കോരിയെടുക്കാന്‍ ഓടിനടക്കുമ്പോള്‍ ഒരു കൈക്കുമ്പിള്‍ മാത്രമേ സ്വന്തമായുള്ളൂവെന്ന പരിമിതിയുണ്ടെന്നറിയാം.

കണ്‍മുന്നില്‍ ഖത്തര്‍ ഒരു പൂവുപോലെ വിടരുന്നു. അറബിക്കഥകളെ വെല്ലുന്ന മായക്കാഴ്ചകളുമായി ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന സ്വപ്നഭൂമി. ശീതീകരണ സംവിധാനമുള്ള അത്യാധുനിക സ്റ്റേഡിയങ്ങള്‍, അംബരചുംബികളായ പുതിയ നഗരങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, വിസ്മയഭൂമികയായി പേള്‍ എന്ന കൃത്രിമദ്വീപ്, മനോഹരമായ പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍, നവീകരിച്ച അന്താരാഷ്ട്ര വിമാനത്താവളം... ലോകകപ്പിനായി ഖത്തറിന്റെ നിര്‍മിതികള്‍ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ചതാണ്. പരസ്യത്തില്‍ പൃഥ്വിരാജ് പറയുന്നതുപോലെ 'ഇതിനേക്കാള്‍ മികച്ചത് സ്വപ്നങ്ങളില്‍ മാത്രം' എന്നൊരു ഫീല്‍മാത്രമാണ് ഖത്തര്‍ സമ്മാനിക്കുന്നത്.

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയോഗം കിട്ടിയപ്പോള്‍ മനസ്സില്‍ ആദ്യം നിറഞ്ഞത് ആയിരത്തൊന്നു രാവുകളുടെ പ്രകാശമായിരുന്നു. കഥകള്‍കൊണ്ടു മരണത്തെ തോല്‍പ്പിക്കാമെന്നു ഷെഹരിയാര്‍ രാജാവിനു കാണിച്ചുകൊടുത്ത ഷഹറസാദ്. കഥ വായിക്കുന്നതും കേള്‍ക്കുന്നതും ജീവിതത്തെ നീട്ടിക്കൊണ്ടുപോകുന്ന കപ്പലുകളാണെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ഷഹറസാദ്. അലാവുദ്ദീനും അദ്ഭുതവിളക്കും ആലിബാബയും 41 കള്ളന്‍മാരുമൊക്കെ നിറഞ്ഞ ആയിരത്തൊന്നു രാവുകളുടെ കഥപോലെ വിസ്മയകരമായ ഫുട്ബോള്‍ അനുഭവങ്ങളാകില്ലേ ഈ മണ്ണില്‍ ഇനി പൂത്തുലയുന്നത്. എട്ടു സ്റ്റേഡിയങ്ങള്‍, 32 ടീമുകള്‍, 64 മത്സരങ്ങള്‍... കാല്‍പന്തുകളിയിലെ വിശ്വവിജയിയെ കണ്ടെത്താനുള്ള മഹാപൂരം.

എയര്‍ ഇന്ത്യ വിമാനം ഖത്തറിന്റെ ഭൂമികയിലേക്കുതാഴുമ്പോള്‍ ആദ്യം തെളിഞ്ഞ കാഴ്ചകളിലൊന്ന് അല്‍ ജനൂബ് സ്റ്റേഡിയമാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു മണിക്കൂറില്‍ 40-ലേറെ വിമാനങ്ങളാണ് പറന്നിറങ്ങുന്നത്. 'അണ്ഡകടാഹം' പോലെയുള്ള വലിയ വിമാനത്താവളമായതിനാല്‍ തിരക്ക് നമ്മെ ഒട്ടും ബുദ്ധിമുട്ടിക്കില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ സമയം അഞ്ചു മണി. പക്ഷേ, പകലിനു ദൈര്‍ഘ്യം കുറഞ്ഞ ഖത്തറില്‍ ഇപ്പോള്‍ വൈകുന്നേരം അഞ്ചുമണിയാകുന്നതോടെ ഇരുട്ടു വീണു തുടങ്ങും. ഇനിയുള്ള രാവുകളിലെല്ലാം ഈ നഗരത്തിന് ഉറക്കമുണ്ടാകില്ല.

Content Highlights: fifa world cup 2022, qatar world cup, world cup malayalam, qatar world cup mathrubhumi, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented