Photo: Getty Images
ദോഹ: അത്ഭുതമേ നിന്റെ പേരാണ് ഫുട്ബോള്‍. മഹാത്ഭുതമേ നിന്നെ ജപ്പാന് എന്നു വിളിക്കാം. പടയോട്ടത്തില്‍ രണ്ട് ലോകചാമ്പ്യന്മാരുടെ തല കൊയ്യുക. ചാരത്തില്‍ നിന്ന് ഫീനിക്സിനേക്കാള്‍ കരുത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഉദിച്ചുനില്‍ക്കുക. ഇതൊക്കെ ജപ്പാനല്ലാതെ വേറെ ആര്‍ക്ക് സാധിക്കും. ലോകകപ്പിന്റെ ചരിത്രത്തില്‍ വേറെ ആര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്പെയിനിന്റെ ടിക്കിടാക്കയെ അതിലും സുന്ദരമായ ആക്രമണ ഫുട്ബോള്‍ കൊണ്ട്, അതിലും ചാരുതയാര്‍ന്ന ചടുലവേഗം കൊണ്ട് കീഴടക്കി അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാര്‍.
വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്. (2-1). മനോഹരമായ ടിക്കി ടാക്ക കൊണ്ട് ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ മുക്കിയ ചരിത്രമുള്ള സ്പെയിന് ഗ്രൂപ്പ് റൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്കയെ മറികടന്നെങ്കിലും ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നാലു പോയിന്റായെങ്കിലും ഗോള്‍ശരാശരിയാണ് ജര്‍മനിക്ക് മേല്‍ സ്പെയിനിന് മേല്‍ക്കൈ നല്‍കിയത്..
പതിനൊന്നാം മിനിറ്റില്‍ തന്നെ സ്പെയിന് ലീഡ് നേടി. അല്‍വരോ മൊറാട്ടയുടെ എണ്ണം പറഞ്ഞ ഗോളിലൂടെ. നാല്പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്സു ഡാവോനാണ് കണക്കുകൂട്ടല്‍ തെറ്റിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. ജപ്പാന് വീണ്ടും വല കുലുക്കി. ആവോ തനാക്കയുടെ ഗോളില്‍. എന്നാല്‍, ഈ പന്ത് ഡാവോന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചെത്തിയിടുമ്പോള്‍ ഗോള്ലൈ കടന്നിരുന്നുവെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍, വാര് പരിശോധിച്ചപ്പോള്‍ ജപ്പാന് രക്ഷപ്പെട്ടു. അവിശ്വസനീയമായ ലീഡ്. അത്യന്തം നാടകീയമായാണ് ജപ്പാന് ഈ ഗോള്‍ അനുവദിക്കപ്പട്ടത്. അവസാന നിമിഷം തിരമാല പോലെ സ്പെയിന് ഇരമ്പിക്കൊണ്ടിരുന്നെങ്കിലും ഗോളി ഗോണ്ടയും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോഷിദയും വന്മതിലുകളായി.
മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഏഴാം മിനിറ്റില്‍ സ്പെയിനിന്റെ മികച്ച ഒരു മുന്നേറ്റത്തിന് മത്സരം വേദിയായി. എട്ടാം മിനിറ്റില്‍ സെര്‍ജിയോ ബുസ്കെറ്റ്സിന്റെ പിഴവില്‍ നിന്ന് പന്ത് കൈക്കലാക്കിയ ജപ്പാന് പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി. ഒന്‍പതാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി.
നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ സ്പെയിന് 11-ാം മിനിറ്റില്‍ തന്നെ മത്സരത്തില്‍ ലീഡെടുത്തു. സൂപ്പര്‍താരം ആല്‍വാരോ മൊറാട്ടയാണ് സ്പെയിനിനായി വലകുലുക്കിയത്. അസ്പെലിക്യുട്ടയുടെ അതിമനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് മൊറാട്ട ജപ്പാന് വലകുലുക്കി. ഖത്തര്‍ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാം ഗോളാണിത്. 22-ാം മിനിറ്റില്‍ മൊറാട്ടയ്ക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ജപ്പാന് ഗോള്‍കീപ്പര്‍ ഗോണ്ട കൈയ്യിലൊതുക്കി. ഗോള്‍ വഴങ്ങിയതോടെ സമനില നേടാനായി ജപ്പാന് ആക്രമിച്ച് കളിച്ചു. എന്നാല്‍ മുന്നേറ്റനിരയ്ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന് തന്ത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. 48-ാം മിനിറ്റില്‍ തന്നെ ജപ്പാന് സമനില ഗോളടിച്ചു. പകരക്കാരനായി വന്ന റിറ്റ്സു ഡൊവാനാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ഇറ്റോയുടെ പാസ് സ്വീകരിച്ച് ഡൊവാന് തൊടുത്തുവിട്ട ഷോട്ട് ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍ തട്ടിയെങ്കിലും ഷോട്ടിന്റെ കരുത്തില്‍ പന്ത് വലയിലെത്തി. ഈ ഗോള്‍ വലിയ ഞെട്ടലാണ് സ്പെയിനിന് സമ്മാനിച്ചത്. ഈ ഗോളിന്റെ ഷോക്കില്‍ നിന്ന് സ്പെയിന് മോചിതരാകുമ്പോഴേക്കും ജപ്പാന് അടുത്ത വെടി പൊട്ടിച്ചു. 51-ാം മിനിറ്റില്‍ ആവോ ടനാകയാണ് ഗോളടിച്ചത്.
ലീഡെടുത്തതോടെ ജപ്പാന് പൂര്‍ണമായും പ്രതിരോധത്തിലാണ് ഊന്നല്‍ കൊടുത്തത്. അവസരങ്ങള്‍ കിട്ടിയപ്പോള്‍ അതിവേഗ മുന്നേറ്റങ്ങളുമായി കളം നിറയാനും ടീമിന് സാധിച്ചു. 89-ാം മിനിറ്റില്‍ സ്പെയിനിന്റെ ഡാനി ഓല്‍മോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ജപ്പാന് ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. പിന്നാലെ ചരിത്ര വിജയം ജപ്പാനെ പുല്കി
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.....
Updating ...
Content Highlights: fifa world cup 2022, qatar world cup 2022, spain vs japan, spain football. sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..