Photo: Getty Images
ദോഹ: പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ രണ്ട് ടീമുകള്‍ പരസ്പരം പോരാടുന്നു. സെനഗലും എക്വഡോറും. സെനഗലിന് വിജയം അത്യാവശ്യമാണ് എന്നാല്‍ എക്വഡോറിന് സമനില തന്നെ ധാരാളമായിരുന്നു. പ്രതിരോധമതില്‍ തീര്‍ത്ത് സമനില നേടി പ്രീ ക്വാര്‍ട്ടറില്‍ കയറാമെന്ന വലന്‍സിയയുടെയും സംഘത്തിന്റെയും മോഹങ്ങള്‍ക്ക് മേല്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍. വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ എക്വഡോറിനെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് സെനഗലിനുള്ളത്. മറുവശത്ത് മൂന്ന് കളിയില്‍ നിന്ന് നാല് പോയന്റുള്ള എക്വഡോര്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചാണ് എക്വഡോര്‍ മടങ്ങുന്നത്. 2002-ന് ശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കുന്നത്.
ഇസ്മാലിയ സാറിലൂടെ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി മത്സരത്തില്‍ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ മോയ്സസ് സൈസെഡോയിലൂടെ സമനില നേടി എക്വഡോര്‍ തിരിച്ചടിച്ചു. എക്വഡോറിന് വിജയത്തേക്കാള്‍ വില വരുന്ന സമനില ഗോളായിരുന്നു അത്. എന്നാല്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരുടെ പോരാട്ടവീര്യം എക്വഡോര്‍ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വീരനായകായി സൂപ്പര്‍ താരം കലിദോ കൗലിബാലി മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സെനഗലിനായി വലകുലുക്കിയപ്പോള്‍ എക്വഡോര്‍ കണ്ണീരില്‍ മുങ്ങി.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ അതിശക്തമായ മുന്നേറ്റവുമായി സെനഗല്‍ എക്വഡോറിനെ ഞെട്ടിച്ചു. സെനഗല്‍ താരം ഇഡ്രിസ്സ ഗ്യൂയെയ്ക്ക് പോസ്റ്റിന് മുന്നില്‍ വെച്ച് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ആദ്യ മിനിറ്റുകളില്‍ സെനഗലാണ് ആക്രമിച്ച് കളിച്ചത്. സെനഗല്‍ താരങ്ങള്‍ നിരന്തരം എക്വഡോര്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. പതിയെ എക്വഡോറും മത്സരത്തില്‍ ചലനങ്ങളുണ്ടാക്കി.
ആദ്യ പത്തുമിനിറ്റിനുള്ളില്‍ ഒരു ഫ്രീകിക്ക് നേടിയെടുക്കാന്‍ എക്വഡോറിന് സാധിച്ചെങ്കിലും നായകന് എന്നര് വലന്‍സിയക്ക് ലക്ഷ്യം കാണാനായില്ല. 24-ാം മിനിറ്റില്‍ സെനഗല്‍ താരം സാറിന്റെ മഴവില്ലുപോലെ വളഞ്ഞൊരു ഷോട്ട് എക്വഡോര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. 36-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ വന്ന പന്ത് ഹെഡ്ഡ് ചെയ്ത് വലയിലാക്കാന്‍ സെനഗല്‍ താരം സിസ്സ് ശ്രമിച്ചെങ്കിലും വിഫലമായി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
43-ാം മിനിറ്റില്‍ സെനഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. സെനഗലിന്റെ ഇസ്മാലിയ സാറിനെ എക്വഡോര്‍ താരം പ്രെസിയാഡോ ബോക്സില്‍ വെച്ച് വീഴ്ത്തിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത സാറിന് തെറ്റിയില്ല. അനായാസം ലക്ഷ്യം കണ്ട് താരം ടീമിന് ലീഡ് സമ്മാനിച്ചു.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് രസംകൊല്ലിയായി. രണ്ടാം പകുതിയില്‍ എക്വഡോര്‍ ആക്രമണം ശക്തിപ്പെടുത്തി. 58-ാം മിനിറ്റില്‍ എക്വഡോറിന്റെ എസ്ട്രോഡയുടെ ഹെഡ്ഡര്‍ ഗോള്‍പോസ്റ്റിനടുത്തൂടെ കടന്നുപോയി. 66-ാം മിനിറ്റില്‍ എക്വഡോറിന് ഫ്രീകിക്കിലൂടെ മികച്ച അവസരം വന്നെത്തി. എന്നാല്‍ അതും ലക്ഷ്യം കണ്ടില്ല. സെനഗല്‍ പ്രതിരോധം കൃത്യമായി ഫ്രീകിക്കിനെ പ്രതിരോധിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന കോര്‍ണര്‍ കിക്കിലൂടെ എക്വഡോര്‍ സമനില ഗോള്‍ നേടി. 67-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിച്ച് മോയ്സസ് സയ്സെഡോയാണ് എക്വഡോറിനായി വലകുലുക്കിയത്.
എന്നാല്‍ എക്വഡോറിന്റെ ആഘോഷത്തിന് വെറും രണ്ട് മിനിറ്റ് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. 70-ാം മിനിറ്റില്‍ സെനഗല്‍ എക്വഡോറിനെ ഞെട്ടിച്ച് വീണ്ടും ലീഡെടുത്തു. ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഇഡ്രിസ്സ ഗ്യുയെയുടെ ഫ്രീകിക്ക് എക്വഡോര്‍ പ്രതിരോധതാരം ടോറസിന്റെ തോളില്‍ തട്ടി കലിദോ കൗലിബാലിയുടെ കാലിലെത്തി. കിട്ടിയ അവസരം താരം മുതലെടുത്തു. തകര്‍പ്പന്‍ ഷോട്ടിലൂടെ കൗലിബാലി വലകുലുക്കിയപ്പോള്‍ എക്വഡോര്‍ താരങ്ങള്‍ തകര്‍ന്നു.
അവിടുന്നങ്ങോട്ട് ഖത്തറിലെ ഖലീഫാ സ്റ്റേഡിയത്തില്‍ കണ്ടത് അത്യന്തം വാശിയേറിയ പോരാട്ടമാണ്. നേടിയ ലീഡ് നിലനിര്‍ത്താനായി സെനഗലും സമനില നേടാനായി എക്വഡോറും സര്‍വം മറന്ന് പോരാടി. പക്ഷേ പാറപോലെ ഉറച്ചുനിന്ന സെനഗല്‍ പ്രതിരോധം എക്വഡോറിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: senegal vs ecuador fifa world cup 2022 live updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..