photo: twitter/USMNT
ദോഹ: അല്‍ തുമാമ സ്റ്റേഡിയത്തില്‍ തൊണ്ണൂറുമിനിറ്റിനൊടുക്കം അമേരിക്ക ചിരിച്ചു. ഇറാന് കണ്ണീരണിഞ്ഞു മടങ്ങി. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തി അമേരിക്കന്‍ മുന്നേറ്റം. ഏകപക്ഷീയമായ ഒരുഗോളിനാണ് അമേരിക്കയുടെ വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന് പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിലാണ് കലാശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറാന് പ്രതിരോധത്തെ മറികടക്കാനായില്ല. അമേരിക്കന്‍ മുന്നേറ്റനിര പലകുറി ഇറാന് ബക്സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിങ്ങുകളില്‍ നിന്നുള്ള ക്രോസ്സുകള്‍ പ്രതിരോധിക്കാന്‍ ഇറാന് ബുദ്ധിമുട്ടി.
എന്നാല്‍ 38-ാം മിനിറ്റില്‍ ഇറാന് കോട്ട പൊളിച്ചു. മധ്യനിരയില്‍ നിന്ന് പ്രതിരോധക്കോട്ട മറികടന്ന് നല്കിയ പന്ത് വലത് വിങ്ങിലുള്ള സെര്‍ജിയോ ഡെസ്റ്റ് മികച്ചൊരു ഹെഡ്ഡറിലൂടെ പുലിസിച്ചിന് നല്കി. അനായാസം ക്രിസ്റ്റ്യന്‍ പുലിസിച്ച് പന്ത് വലയിലെത്തിച്ചു. ലീഡെടുത്ത ശേഷവും അമേരിക്ക ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അമേരിക്ക വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. ആദ്യ പകുതി ഒരു ഗോളിന് അമേരിക്ക മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ അമേരിക്ക, ക്രിസ്റ്റ്യന്‍ പുലിസിച്ചിന് പകരം ബ്രണ്ടന്‍ ആരോണ്‍സണ്‍ കളത്തിലിറങ്ങി. അതേസമയം സമാന് ഗൊഡ്ഡോസിനെയിറക്കി ഇറാന് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. സമനിലഗോളിനായി നിരവധി മുന്നേറ്റങ്ങളും നടത്തി.
64-ാം മിനിറ്റില്‍ സമനിലനേടാന്‍ ഇറാന് മികച്ച അവസരവും കിട്ടി. പക്ഷേ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് സമാന് ഗൊഡ്ഡോസ് അടിച്ച ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ഇറാന് മധ്യനിരതാരം സയീദ് എസറ്റൊലാഹി അടിച്ച ഷോട്ടും ലക്ഷ്യം കാണാതെ പോയി.
അവസാന മിനിറ്റുകളില്‍ ഇറാന് നിരന്തരം ആക്രമിച്ചുകളിച്ചു. പക്ഷേ അമേരിക്കന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ അവര്‍ നിരാശയോടെ മടങ്ങി. അമേരിക്ക പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
മത്സരത്തിന്റെ തത്സമയ വിവരണങ്ങള്‍ താഴെ വായിക്കാം...
Content Highlights: Iran vs USA – World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..