Photo: Getty Images
ദോഹ: ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന പോരാട്ടം. പ്രതിരോധക്കരുത്തില്‍ ജര്‍മനിയും പാസിങ് ഗെയിമിന്റെ വശ്യതയില്‍ സ്പെയിനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ലായിരുന്നു. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ജര്‍മനിയും സ്പെയിനും. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു. പകരക്കാരനായി വന്ന് സ്പാനിഷ് പടയ്ക്ക് വേണ്ടി ഗോളടിച്ച ആല്‍വാരോ മൊറാട്ടയ്ക്ക് ജര്‍മനി മറുപടി നല്‍കിയത് മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു. നിക്ലാസ് ഫുള്‍ക്രഗ്. ഫുള്‍ക്രഗിന്റെ ഉജ്ജ്വല ഗോളിലൂടെ സമനില നേടുമ്പോള്‍ ജര്‍മന്‍ ക്യാമ്പില്‍ സന്തോഷത്തേക്കാള്‍ മുകളില്‍ നിന്നത് ആശ്വാസമാണ്. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.
സമനില വഴങ്ങിയെങ്കിലും സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പ് ഇയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണുള്ളത്. ഒരു പോയന്റുമായി ജര്‍മനി അവസാന സ്ഥാനത്താണ്. ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും.
സ്പെയിനിന്റെ പാസിങ് ഗെയിമിന് പ്രതിരോധക്കോട്ട തീര്‍ത്ത് ജര്‍മനി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കളം നിറഞ്ഞ ജര്‍മനി-സ്പെയിന് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയില്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സ്പെയിന് സ്വതസിദ്ധമായ ശൈലിയില്‍ പാസിങ്ങുകളിലൂടെ കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ തകര്‍പ്പന്‍ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തട്ടിയെങ്കിലും പന്ത് ക്രോസ്ബാറിലും പോസ്റ്റിലുമിടിച്ച് തെറിച്ചു. പിന്നാലെ ജര്‍മനിയുടെ വക മികച്ചൊരു മുന്നേറ്റം നടന്നു. പക്ഷേ ജര്‍മന്‍ താരം നാബ്രിയുടെ അപകടകരമായ നീക്കം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തി.
22-ാം മിനിറ്റില്‍ സ്പെയിനിന്റെ ജോര്‍ഡി ആല്‍ബയുടെ ലോങ്റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിറ്റില്‍ സ്പെയിന്റെ ഫെറാന്‍ ടോറസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടം പറന്നു. പിന്നാലെ റഫറി ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ത്തി.
40-ാം മിനിറ്റില്‍ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് ജര്‍മന്‍ പ്രതിരോധതാരം ആന്റോണിയോ റൂഡിഗര്‍ സ്പാനിഷ് വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. ഇതോടെ ഗോള്‍ അസാധുവായി. വൈകാതെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 56-ാം മിനിറ്റില്‍ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തട്ടിയകറ്റി. എന്നാല്‍ ജര്‍മന്‍ മതിലില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് പകരക്കാരനായി വന്ന ആല്‍വാരോ മൊറാട്ട സ്പെയിനിനായി വലകുലുക്കി. ജോര്‍ഡി ആല്‍ബയുടെ മനോഹരമായ ക്രോസ് മികച്ച ഫ്ലിക്കിലൂടെ മൊറാട്ട വലയിലെത്തിച്ചപ്പോള്‍ ജര്‍മന്‍പട ഞെട്ടലിലായിരുന്നു. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളിക്കാന്‍ മൊറാട്ടയ്ക്ക് സാധിച്ചു.
തൊട്ടുപിന്നാലെ സ്പെയിന് മികച്ച മുന്നേറ്റവുമായി ജര്‍മന്‍ പ്രതിരോധത്തിന് തലവേദന തീര്‍ത്തെങ്കിലും മാര്‍ക്കോ അസെന്‍സിയോയുടെ ലക്ഷ്യം തെറ്റിയ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 73-ാം മിനിറ്റില്‍ ജര്‍മനിയുടെ നിക്ലാസ് ഫുള്‍ക്രഗിന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് അത് മുതലാക്കാനായില്ല. യുവതാരം മുസിയാലയുടെ കൃത്യമായ ക്രോസിന് കാലുവെച്ചിരുന്നെങ്കില് ജര്‍മനിയ്ക്ക് സമനില ഗോള്‍ നേടാമായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ഗോളടിക്കാനുള്ള അവസരം മുസിയാലയും പാഴാക്കി.
എന്നാല്‍ നേരത്തേ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയ ഫുള്‍ക്രഗ് ജര്‍മനിയ്ക്ക് വേണ്ടി പ്രായശ്ചിത്വം ചെയ്തു. അതിമനോഹരമായ ഗോളിലൂടെ ഫുള്‍ക്രഗ് ജര്‍മന്‍ പടയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. സനെയും മുസിയാലയും ചേര്ന്നുതുടങ്ങിവെച്ച മുന്നേറ്റം ഫുള്‍ക്രഗ് മികച്ച ഫിനിഷിലൂടെ വലയിലെത്തിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ നിസ്സഹായനായി. പിന്നീട് ഗ്രൗണ്ടില്‍ കണ്ടത് ആവേശോജ്ജ്വല പോരാട്ടമാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. പിന്നാലെ മത്സരം സമനിലയില്‍ അവസാനിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Updating ...
Content Highlights: fifa world cup 2022, germany vs spain, spian vs germany, live updates, germany vs spain 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..