ഏഴഴകില്‍ സ്പാനിഷ് വസന്തം; ചിത്രത്തില്‍ പോലുമില്ലാതെ കോസ്റ്ററീക്ക


Photo: Getty Images

ദോഹ: അര്‍ജന്റീനയും ജര്‍മനിയും ഒന്നിനുപിറകെ ഒന്നായി ചോരതുപ്പിവീണ ലോകകപ്പില്‍ ഗോള്‍ കൊണ്ട് ആറാട്ടല്ല, കുരുതി തന്നെ നടത്തി സ്പെയിനിന്റെ അരങ്ങേറ്റം. ഗ്രൂപ്പ് ഇയില്‍ കരുത്തിനും വേഗത്തിനും തന്ത്രത്തിനും ഒത്തൊരുമയ്ക്കും മുന്നില്‍ നിഷ്പ്രഭമായി പോയ കോസ്റ്ററീക്കയെ മടക്കമില്ലാത്ത ഏഴ് ഗോളിനാണ് സ്പെയിന്‍ ഭസ്മമാക്കിയത്. ആറ് പേര്‍ ചേര്‍ന്നാണ് ഏഴ് ഗോള്‍ നേടിയത് എന്നത് സ്പെയിനിന്റെ ടീം ഗെയിമിന്റെ കരുത്ത് വിളിച്ചറിയിക്കുന്നു. ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വരോ മൊറാട്ട എന്നിവരാണ് കോസ്റ്ററീക്കയുടെ പെട്ടിയില്‍ ആണികള്‍ ഒന്നൊന്നായി അടിച്ചുകയറ്റിയത്. 11-ാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വര്‍ഷം സ്പെയിന്‍ 92-ാം മിനിറ്റ് വരെ തുടര്‍ന്നു.

ലോകപ്പിന്റെ ചരിത്രത്തിലെ സ്പെയിനിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതാദ്യമായാണ് ഇവര്‍ ലോകകപ്പില്‍ ഏഴ് ഗോളടിച്ച് ജയിക്കുന്നത്. കിരീടം നേടിയ 2010-ല്‍ പോലും അവര്‍ ആകെ എട്ട് ഗോളാണ് നേടിയത്. 1998-ല്‍ ബള്‍ഗേറിയക്കെതിരേ നേടിയ 6-1 വിജയമാണ് ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ വിജയം.



അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ 90 മിനിറ്റും സ്‌പെയ്ന്‍ മാത്രമായിരുന്നു. ആ പാസിങ് മാജിക്കില്‍ കോസ്റ്ററീക്ക താരങ്ങള്‍ മൈതാനത്ത് പന്ത് കിട്ടാതെ അലഞ്ഞു. പന്തടക്കത്തിലെ ആധിപത്യം ഗോള്‍നേട്ടത്തില്‍ കാണുന്നില്ലെന്ന പേരുദോഷം ഇത്തവണ മാറ്റിയ സ്‌പെയ്ന്‍ എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് കോസ്റ്ററീക്കന്‍ വലയിലെത്തിച്ചത്. ഫെറാന്‍ ടോറസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, വണ്ടര്‍ കിഡ് ഗാവി, കാര്‍ലോസ് സോളര്‍, മൊറാട്ട എന്നിവര്‍ ഗോള്‍പട്ടികയില്‍ പേരുചേര്‍ത്തു.

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ സ്‌പെയ്ന്‍ തുടക്കം തൊണ്ട് മൈതാനം നിറഞ്ഞ് കളിക്കുകയായിരുന്നു. പന്തടക്കത്തില്‍ തങ്ങളെ വെല്ലാന്‍ ആരുണ്ടെന്ന് ഫുട്‌ബോള്‍ ലോകത്തോട് ചോദിച്ചുകൊണ്ടായിരുന്നു സ്പാനിഷ് പടയുടെ തുടക്കം.

ജോര്‍ഡി ആല്‍ബ സ്ഥാനം വിട്ടിറങ്ങുകയും ഗാവിയും പെഡ്രിയും ടോറസും കൃത്യമായി ഒപ്പം പിടിക്കുകയും ചെയ്തതോടെ മധ്യനിരയില്‍ സ്‌പെയ്‌നിന്റെ നീക്കങ്ങള്‍ ചടുലമായി. അസെന്‍സിയോയ്ക്കും ഓല്‍മോയ്ക്കും ബോക്‌സില്‍ കൃത്യമായ ഇടവേളകളില്‍ പന്തുകളെത്തിക്കൊണ്ടിരുന്നു. 1043 പാസുകളാണ് സ്പാനിഷ് സംഘം ബുധനാഴ്ച മൈതാനത്ത് പൂര്‍ത്തി. ഇത് ലോകകപ്പ് റെക്കോഡാണ്. മറുഭാഗത്ത് കോസ്റ്ററീക്കന്‍ താരങ്ങളില്‍ നിന്നുണ്ടായത് വെറും 231 എണ്ണം. 82 ശതമാനം പന്തടക്കവും 93 ശതമാനം പാസിങ് കൃത്യയതയും സ്പാനിഷ് താരങ്ങള്‍ പുലര്‍ത്തി.

കോസ്റ്ററീക്ക താരങ്ങള്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ഒരു ഷോട്ട് പോലും ഇല്ലാതെയാണ് അവര്‍ മത്സരം അവസാനിപ്പിച്ചത്.

എണ്ണയട്ട യന്ത്രം പോലെ ഒഴുകിയ ഒരു സ്പാനിഷ് മുന്നേറ്റത്തിനൊടുവില്‍ 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിലെ അവസരം മുന്നില്‍ കണ്ട് ഗാവി ചിപ് ചെയ്ത് നല്‍കിയ പന്ത് കോസ്റ്ററീക്ക താരത്തിന്റെ ദേഹത്ത് തട്ടി ഓല്‍മോയ്ക്ക്. ഒട്ടും സമയം പാഴാക്കാതെ പന്ത് നിയന്ത്രിച്ച ഓല്‍മോ പന്ത് വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിലെ സ്‌പെയ്‌നിന്റെ 100-ാം ഗോള്‍.

പിന്നാലെ 21-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ സ്‌പെയ്ന്‍ രണ്ടാം ഗോളും നേടി. ബോക്‌സിന്റെ ഇടത് ഭാഗത്തുനിന്ന് ജോര്‍ഡി ആല്‍ബ നല്‍കിയ ക്രോസ് അസെന്‍സിയോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഫെറാന്‍ ടോറസ് സ്‌പെയ്‌നിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ജോര്‍ഡി ആല്‍ബയെ ബോക്‌സില്‍ വീഴ്ത്തിയ ഓസ്‌കാര്‍ ഡ്യുവാര്‍ട്ടെയുടെ ഫൗളാണ് പെനാല്‍റ്റിക്ക് കാരണമായത്.

രണ്ടാം പകുതിയിലും ആധിപത്യം അതേപടി തുടര്‍ന്ന സ്‌പെയ്ന്‍ 54-ാം മിനിറ്റില്‍ നാലാം ഗോളും വലയിലെത്തിച്ചു. ബോക്‌സിന്റെ വലത് ഭാഗത്തു നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഫെറാന്‍ ടോറസ്, ഡിഫന്‍ഡര്‍ ഒവെയ്‌ഡോയെ കബളിപ്പിച്ച് ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. സ്‌പെയ്ന്‍ ജേഴ്‌സിയില്‍ ടോറസിന്റെ 15-ാം ഗോളായിരുന്നു ഇത്.

അവിടംകൊണ്ടും മതിയാകാതെ സ്‌പെയ്ന്‍ കോസ്റ്ററീക്ക ബോക്‌സിലേക്ക് ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ 74-ാം മിനിറ്റില്‍ മധ്യനിരയിലെ മിന്നുംതാരം ഗാവിയുടെ ഗോളുമെത്തി. കോസ്റ്ററീക്കയുടെ ഓഫ്‌സൈഡ് കെണി പൊളിച്ച് പന്ത് സ്വീകരിച്ച് അല്‍വാരോ മൊറാട്ട നല്‍കിയ ക്രോസ് ഉഗ്രനൊരു ഫസ്റ്റ് ടച്ചിലൂടെ ബാഴ്‌സയുടെ ഈ വണ്ടര്‍ കിഡ് വലയിലെത്തിക്കുകയായിരുന്നു.

90-ാം മിനിറ്റില്‍ കോസ്റ്ററീക്കയുടെ വലതുളച്ച് പകരക്കാരന്‍ കാര്‍ലോസ് സോളെറിലൂടെ സ്‌പെയ്‌നിന്റെ ആറാം ഗോളുമെത്തി. ഇന്‍ജുറി ടൈമില്‍ അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ ഏഴാം ഗോളോടെ തങ്ങളുടെ ഗോള്‍ പട്ടിക തികച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: FIFA World Cup 2022 Spain vs Costa Rica group e match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented