Photo: Getty Images
ദോഹ: തകര്‍പ്പന്‍ കളി, സൗദിയെ നിലംതൊടീക്കാതെ 90 മിനിറ്റും ഏഴു മിനിറ്റ് അധിക സമയവും പൊരുതി ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മെക്സിക്കോ പുറത്ത്. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോള്‍ വ്യത്യാസമായിരുന്നു. 1978-ന് ശേഷം ഇതാദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരേ രണ്ട് ഗോളിന് തോറ്റെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മെക്സിക്കോ പുറത്തേക്കും. ഒരു ഗോള്‍ കൂടി നേടിയിരുന്നുവെങ്കില്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പോളണ്ടിനെ മറികടന്ന് മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. വലയിലെത്തിച്ച രണ്ട് ഗോളുകള്‍ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.
ഹെന്റി മാര്‍ട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോര്‍ ചെയ്തത്. സൗദിയുടെ ആശ്വാസ ഗോള്‍ സലീം അല്‍ ദൗസാരി സ്വന്തമാക്കി.
ഗോളടിച്ച് കൂട്ടാന്‍ ലക്ഷ്യമിട്ടാണ് മെക്സിക്കോ സൗദിക്കെതിരേ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സൗദി ബോക്സിലേക്ക് ആക്രമിച്ച കയറിയ മെക്സിക്കോ ആദ്യ പകുതിയില്‍ അരഡസനോളം അവസരങ്ങളൊരുക്കി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെ്സിക്കോയുടെ ആദ്യ ആക്രമണമെത്തി. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഷാവേസ് ഡിയിലേക്ക് നല്കിയ ത്രൂബോളില്‍ നിന്നുള്ള അലക്സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് രക്ഷപ്പെടുത്തി.
പിന്നാലെ ഏഴാം മിനിറ്റിലും മെക്സിക്കോ ഗോളിനടുത്തെത്തി. വെഗയുടെ ക്രോസില്‍ നിന്നുള്ള ഹെന്റി മാര്‍ട്ടിന്റെ ശ്രമം ഇത്തവണയും അല്‍ ഒവൈസ് രക്ഷപ്പെടുത്തുകയായിരുന്നു.
26-ാം മിനിറ്റിലായിരുന്നു അടുത്ത ശ്രമം ഹിര്‍വിങ് ലൊസാനോ നല്കിയ പന്തില്‍ നിന്നുള്ള പിനെഡയുടെ ഷോട്ട് അല്‍ ഒവൈസ് കൈപ്പിടിയിലാക്കി. പിന്നാലെ തൊട്ടടുത്ത മിനിറ്റില്‍ തന്നെ വീണ്ടും മെക്സിക്കന്‍ ആക്രമണമെത്തി. ഇത്തവണ ലൊസാനോയുടെ ക്രോസില്‍ നിന്നുള്ള പിനെഡയുടെ ഒരു ഡൈവിങ് ഹെഡര്‍ സൗദി താരം അല്‍ അംരി തടയുകയായിരുന്നു.
മെക്സിക്കോയുടെ തുടര്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ പലപ്പോഴും സൗദി താരങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ അലി അല്ഹസന്, സലെഹ് അല്‍ ഷെഹ്രി എന്നിവര്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ഒടുവില്‍ 47-ാം മിനിറ്റിലാണ് മെക്സിക്കോ സമനിലപ്പൂട്ട് പൊട്ടിച്ചത്. കോര്‍ണറില്‍ നിന്ന് ഷാവേസ് ബോക്സലേക്ക് നല്കിയ ക്രോസ് മോണ്ടെസ് ഫ്ളിക് ചെയ്തത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഹെന്റി മാര്‍ട്ടിന്റെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് ടാപ് ചെയ്ത് വലയിലാക്കി. പിന്നാലെ 52-ാം മിനിറ്റില്‍ കിടിലനൊരു ഫ്രീ കിക്കിലൂടെ ഷാവേസ് മെക്സിക്കോയുടെ രണ്ടാം ഗോളും കണ്ടെത്തി. പിന്നാലെ 66-ാം മിനിറ്റില്‍ ലൊസാനോയുടെ ഷോട്ട് അല്‍ ഒവൈസ് രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ ലൊസാനോയുടെയും 73-ാം മിനിറ്റില്‍ ഷാവേസിന്റെയും ഫ്രീ കിക്കുകള്‍ തടഞ്ഞ അല്‍ ഒവൈസാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ മെക്സിക്കോയ്ക്ക് പുറത്തേക്ക് വഴിതെളിച്ചത്.
ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സലീം അല്‍ ദൗസാരിയിലൂടെ സൗദി ആശ്വാസ ഗോള്‍ കണ്ടെത്തി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Saudi Arabia vs Mexico group c match Lusail Stadium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..