Photo: Getty Images
ദോഹ: ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീ ക്വാര്‍ട്ടറില്‍. കോഡി ഗാക്പോയും ഫ്രെങ്കി ഡിയോങ്ങും സ്കോര്‍ ചെയ്ത മത്സരത്തില്‍ ഖത്തറിനെ തകര്‍ത്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നെതര്‍ലന്‍ഡ്സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പോയന്റ് പോലും നേടാതെ പുറത്താകുന്ന ആദ്യ ആതിഥേയരായിരിക്കുകയാണ് ഖത്തർ.
ജയം മാത്രം ലക്ഷ്യമിട്ടാണ് ഡച്ച് ടീം ഖത്തറിനെതിരേ പന്ത് തട്ടാനിറങ്ങിയത്. തുടര്‍ച്ചയായ അവസര നഷ്ടങ്ങള്‍ക്കൊടുവില്‍ 26-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ നെതര്‍ലന്‍ഡ്സ് മുന്നിലെത്തി. ഡേവി ക്ലാസന് നല്കിയ പാസ് ഖത്തര്‍ പ്രതിരോധ താരങ്ങളുടെ സമ്മര്‍ദം മറികടന്ന് ഗാക്പോ പോസ്റ്റിന്റെ വലതുമൂലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഗാക്പോയുടെ മൂന്നാം ഗോള്‍.
ജയിച്ചാല്‍ നോക്കൗട്ടിലെത്താമെന്നതിനാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തര്‍ ബോക്സിലേക്ക് ഡച്ച് ടീം ആക്രമണം അഴിച്ചുവിട്ടു. നാലാം മിനിറ്റില്‍ തന്നെ അവര്‍ ഗോളിനടുത്തെത്തി. ക്ലാസന് ബോക്സിലേക്ക് നല്കിയ പന്തില്‍ മെംഫിസ് ഡീപേയുടെ ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാം തട്ടിയകറ്റി. പിന്നാലെ റീബൗണ്ട് ചെയ്ത് വന്ന പന്തില്‍ നിന്നുള്ള ഡാലെ ബ്ലിന്റിന്റെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ 14, 15, 19 മിനിറ്റുകളില്‍ ക്ലാസനും ഡംഫ്രിസിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ലക്ഷ്യം കാണാനായില്ല.
ഡച്ച് ടീമിന്റെ ആക്രമണത്തില്‍ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഖത്തര്‍ പക്ഷേ ഏതാനും മികച്ച അറ്റാക്കിങ് റണ്ണുകള്‍ നടത്തി. പക്ഷേ ഫൈനല്‍ തേര്‍ഡില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന ഒരു മുന്നേറ്റമൊന്നും അവരില്‍ നിന്നുണ്ടായില്ല.
ആദ്യ പകുതി ലീഡില്‍ അവസാനിപ്പിച്ച നെതര്‍ലന്‍ഡ്സ് രണ്ടാം പകുതിയിലും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഇതോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നെതര്‍ലന്‍ഡ്സ് രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ഫ്രെങ്കി ഡിയോങ്ങാണ് ഗോള്‍ കണ്ടെത്തിയത്. 49-ാം മിനിറ്റില്‍ ക്ലാസന് നല്കിയ ക്രോസാണ് ഗോളിന് വഴിവെച്ചത്. താരത്തിന്റെ കൃത്യമായ പാസ് ബോക്സിനുള്ളില്‍ വെച്ച് പിടിച്ചെടുത്ത ഡീപേ തൊടുത്ത ഷോട്ട് ഖത്തര്‍ ഗോളി ബര്‍ഷാം തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്ത് നേരേ ഡിയോങ്ങിനു മുന്നില്‍. ഒട്ടും സമയം കളയാതെ ഡിയോങ് പന്ത് വലതുകാല്‍ കൊണ്ട് ടാപ് ചെയ്ത് വലയിലെത്തിച്ചു.
പിന്നാലെ 69-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗ്വിസ് ഡച്ച് ടീമിനായി പന്ത് വലയിലെത്തിച്ചെങ്കിലും ഈ ഗോളിനായുള്ള ബില്‍ഡ് അപ്പിനിടെ ഗാക്പോയുടെ കൈയില്‍ പന്ത് തട്ടിയതിനാല്‍ ഈ ഗോള്‍ വാര് പരിശോധിച്ച ശേഷം റഫറി നിഷേധിക്കുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Netherlands vs Qatar group a Al Bayt Stadium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..