Photo: Getty Images
ദോഹ: ഖത്തറില്‍ ഇതാ ലോക ഫുട്ബോളിന്റെ തങ്കലിപികളില്‍ എഴുതിയൊരു ചരിത്രം. ലോകകപ്പിന്റെ അവസാന നാലില്‍ ഇതാ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. അറ്റ്ലസ് സിംഹങ്ങള്‍ എന്ന വീറുറ്റ അപരനാമം പേറുന്ന, അറബി സംസാരിക്കുന്ന മൊറോക്കോയാണ് ഒരു വന്‍കരയുടെ കൊടിയടയാളം പേറി അറബിനാട്ടിലെ ലോകകപ്പിന്റെ സെമിയില്‍ സ്ഥാനം പിടിച്ചത്. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.
പകരക്കാരനായി ബെഞ്ചിലിരിക്കുന്ന ക്രിസ്റ്റ്യാനോയെ സാക്ഷിയാക്കി അതേ ട്രേഡ് മാര്‍ക്ക് സ്റ്റൈലില്‍ ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്ത എന്‍ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കന്‍ വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിയ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ പിഴവും സ്പെയിനില്‍ കളിക്കുന്ന നെസിരിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ ഈ സുവര്‍ണഗോള്‍.
മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോര്‍ച്ചുഗലിനെ മുക്കിക്കളഞ്ഞാണ് മൊറോക്കോ ചരിത്രജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാതെ പോയ പോര്‍ച്ചുഗലിനും വിജയത്തിനും മുന്നില്‍ തടസ്സമായി ഇടയ്ക്ക് ക്രോസ് ബാറും വിലങ്ങുതടിയായി നിന്നു. അമ്പത്തിയൊന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. തൊണ്ണൂറാം മിനിറ്റില്‍ താരം ഒരു ബുള്ളറ്റ് തൊടുത്തെങ്കിലും ഗോളി യാസിന്‍ ബോനോയെ ഭേദിക്കാനുള്ള വീറ് അതിനുണ്ടായില്ല. തൊണ്ണൂറാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കണ്ട് മൊറോക്കോ പത്തു പേരായി ചുരുങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ ദുര്‍വിധിക്ക് പരിഹാരമായില്ല. അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് അത്ഭുതങ്ങളൊന്നും കാട്ടാനുമായില്ല. അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പെപ്പേയുടെ ഒരു ഹെഡ്ഡര്‍ പുറത്തുപോയതോടെ പോര്‍ച്ചുഗലിന്റെ വിധി നിര്‍ണയിക്കപ്പെട്ടു.
ഒടുവില്‍ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മറുപടിയില്ലാതെ പോര്‍ച്ചുഗലും വീണു. 42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും കാനഡയേയും മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെയും തകര്‍ത്തുവിട്ട മൊറോക്കോ ഒടുവില്‍ പോര്‍ച്ചുഗീസ് വീര്യത്തെയും തകര്‍ത്ത് സെമിയിലേക്ക്.
ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്.
ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മൊറോക്കോയ്ക്കായി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൊറോക്കോ 10 പേരായി ചുരുങ്ങിയിട്ടും ആ സാഹചര്യം മുതലാക്കാന്‍ പോര്‍ച്ചുഗലിനായില്ല.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഹെഡര്‍ പക്ഷേ മൊറോക്കന്‍ ഗോളി യാസ്സിന്‍ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി.
പിന്നാലെ ഏഴാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോര്‍ണറില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം യൂസഫ് എന്‍ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പിന്നാലെ 26-ാം മിനിറ്റിലും എന്‍ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള നെസിരിയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു.
31-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഒരു ഹാഫ് വോളി ജവാദ് എല്‍ യാമിക് തടഞ്ഞു. ഒടുവില്‍ 42-ാം മിനിറ്റില്‍ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോര്‍ച്ചുഗല്‍ ബോക്‌സില്‍ ഉയര്‍ന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു. 45-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോര്‍ച്ചുഗലിന് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എല്‍ യാമിക് കണക്ട് ചെയ്‌തെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ രക്ഷയായി.
തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല.
83-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് ജോവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Morocco vs Portugal Quarter-Final Live Updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..