Photo: Getty Images
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി.
ആശ്വാസ ജയം തേടിയെത്തിയ കാനഡയ്ക്കെതിരേ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ മൊറോക്കോയ്ക്കായി. നാലാം മിനിറ്റില്‍ തന്നെ കാനഡയുടെ പ്രതിരോധ പിഴവില്‍ നിന്ന് മൊറോക്കോ ആദ്യ ഗോളും നേടി. കാനഡ ഗോള്‍കീപ്പര്‍ ബോര്‍യാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാന്‍ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോര്ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്സിന് പുറത്ത് നിന്ന് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. കനേഡിയന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി ഹക്കീം സിയെച്ച് നല്കിയ ഒരു ലോങ് പാസാണ് ഗോളിന് വഴിവെച്ചത്. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോര്‍യാന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
എന്നാല്‍ 40-ാം മിനിറ്റില്‍ കാനഡയുടെ ഒരു മുന്നേറ്റം മൊറോക്കോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് കാനഡ വിങ് ബാക്ക് സാം അഡെകുഗ്ബെയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. താരത്തിന്റെ ക്രോസ് തടയാനുള്ള മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ ശ്രമം പാളി. അഗ്വേര്‍ഡിന്റെ വലതുകാലില്‍ തട്ടി പന്ത് വലയില്‍. ഗോള്‍കീപ്പര്‍ യാസ്സിന് ബോനോ പന്ത് തടയാന്‍ ശ്രമിച്ചെങ്കില്‍ ഗ്ലൗസില്‍ മുട്ടിയുരുമ്മി പന്ത് വലയില്‍ കയറുകയായിരുന്നു.
പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സിയെച്ചിന്റെ ക്രോസില്‍ നിന്ന് നെസിരി ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായി.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി കാനഡ കിണഞ്ഞ് ശ്രമിച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരെ വേട്ടയാടി. 71-ാം മിനിറ്റില്‍ ഹോയ്ലെറ്റിന്റെ ക്രോസില്‍ നിന്നുള്ള ഹച്ചിന്‍സന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ഗോള്‍ലൈനില്‍ തട്ടിയെങ്കിലും പന്ത് ലൈന്‍ കടക്കാതിരുന്നതിനാല്‍ ഗോള്‍ നഷ്ടമാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് നിരാശരായാണ് കാനഡയുടെ മടക്കം.
ഒടുവില്‍ ക്രൊയേഷ്യ - ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലേക്ക്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Morocco vs Canada group f match Al Thumama Stadium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..