Photo: Getty Images
ദോഹ: അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച ഖത്തര്‍ ലോകകപ്പ് അനിശ്ചിതത്തിന്റേത് കൂടിയാകുന്നു. ഗ്രൂപ്പ് എച്ചില് നടന്ന അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിട്ടും യുറഗ്വായ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്. യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഫലമോ യുറഗ്വായ്ക്കൊപ്പം അവരും പുറത്തേക്ക്.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
സുവാരസിനോടും യുറഗ്വായോടും 12 വര്‍ഷം മുമ്പുള്ള ഒരു കണക്ക് തീര്‍ക്കാന്‍ ഉറപ്പിച്ചായിരുന്നു ഘാന കളത്തിലിറങ്ങിയത്. എന്നാല്‍ പെനാല്‍റ്റി ലഭിച്ചിട്ട് പോലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ സാധിക്കാതെയാണ് അവര്‍ മടങ്ങുന്നത്.
ആദ്യ പകുതിയില്‍ ആറ് മിനിറ്റിനിടെ ജ്യോര്‍ജിയന്‍ ഡി അരാസ്കെയറ്റ നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നാലെ 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങള്‍ക്കാണ് വഴിവെച്ചത്. 16-ാം മിനിറ്റില്‍ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോര്‍ദാന്‍ ആയു പന്ത് കട്ട് ചെയ്ത് ബോക്സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്ക്കെത്തി.
എന്നാല്‍ ഇതിനു പിന്നാലെ വാര് പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പക്ഷേ കിക്കെടുത്ത ആന്‍ഡ്രെ ആയുവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി. ആന്‍ഡ്രെ ആയുവിന്റെ പെനാല്‍റ്റി നഷ്ടം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ യുറഗ്വായ്ക്കെതിരേ തന്നെ നടന്ന മത്സരത്തിലെ അസമോവ ഗ്യാനിന്റെ പെനാല്‍റ്റി നഷ്ടത്തെ ഓര്‍മിപ്പിച്ചു.
23-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ആദ്യ സുവര്‍ണാവസരം ലഭിച്ചു. അരാസ്കേറ്റയുമായുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ ന്യൂനെസിന്റെ ഷോട്ട് തടയാന്‍ ഘാന ഗോള്‍കീപ്പര്‍ സിഗി ലൈന്‍ വിട്ടിറങ്ങി. എന്നാല്‍ ഗോളിയെ കബളിപ്പിച്ച് ന്യൂനെസ് ചിപ് ചെയ്ത് വിട്ട പന്ത് ഗോള്‍വര കടക്കും മുമ്പ് മുഹമ്മദ് സാലിസു ക്ലിയര്‍ ചെയ്യുകയായിരുന്നു.
പിന്നാലെ 26-ാം മിനിറ്റില്‍ യുറഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്സിലേക്ക് നല്കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റില്‍ അരാസ്കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്കിയ പന്ത് ഡാര്വിന് ന്യൂനെസ് തട്ടി സുവാരസിന് നല്കി. സുവാരസ് നല്കിയ പന്തില്‍ നിന്നുള്ള അരാസ്കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍.
രണ്ട് ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ച യുറഗ്വായ് രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടര്‍ന്നു. എന്നാല്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ഘാനയുടെ ശ്രമങ്ങളും ബലപ്പെട്ടു. പലപ്പോഴും ഫിനിഷിങ്ങിലെ പിഴവുകള്‍ ഇരു ടീമിന്റെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഒടുവില്‍ പോര്‍ച്ചുഗലിനെതിരേ കൊറിയ മുന്നിലെത്തിയതോടെ യുറഗ്വായ്ക്ക് മുന്നേറാന്‍ ഒരു ഗോള്‍ കൂടി വേണമെന്ന സ്ഥിതിയെത്തി. പിന്നീട് മൈതാനത്ത് മൂന്നാം ഗോളിനായുള്ള യുറഗ്വായ് താരങ്ങളുടെ പരാക്രമങ്ങളായിരുന്നു. പക്ഷേ ഇവയെല്ലാം ഫൈനല്‍ തേര്‍ഡില്‍ വിഫലമായിപ്പോകുകയായിരുന്നു. ഘാന ഗോളി സിഗിയുടെ തകര്‍പ്പന്‍ സേവുകളും യുറഗ്വായുടെ വഴിയടച്ചു.
അവസാന മിനിറ്റുകളില്‍ രണ്ട് പെനാല്റ്റികള്ക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഒടുവില്‍ 90 മിനിറ്റും എട്ട് മിനിറ്റ് അധിക സമയവും അവസാനിച്ചപ്പോള്‍ തോറ്റ ഘാനയ്ക്കൊപ്പം ജയിച്ച യുറഗ്വായും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Updating ...
Content Highlights: FIFA World Cup 2022 Ghana vs Uruguay group h match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..