തീക്കാറ്റായി എംബാപ്പെ; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍


Photo: Getty Images

ദോഹ: എംപറര്‍ എംബാപ്പെ മുന്നില്‍ നിന്നു നയിച്ചു. ഫ്രഞ്ച് വിപ്ലവത്തില്‍ പോളണ്ട് നിന്നനില്‍പില്‍ നാമാവശേഷമായി. നിലവിലെ കിരീടധാരികള്‍ അവസാന എട്ടിലേയ്ക്ക് അനായാസം തന്നെ മാര്‍ച്ച് ചെയ്തു. ഒന്നിനെതിരേ മൂന്ന് ഗോളിനായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജയം. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. എന്നാല്‍, 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. ഉപമെസാനൊ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. ആദ്യമെടുത്ത കിക്ക് ഗോളി പിടിച്ചെങ്കിലും റീ കിക്ക് വേണ്ടിവന്നു. അത് ലെവന്‍ഡോവ്സ്‌കി വലയിലാക്കി. ഇംഗ്ലണ്ട്-സെനഗല്‍ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇരട്ട ഗോളുകളുമായി മത്സരത്തിലുടനീളം പോളണ്ട് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച എംബാപ്പെയായിരുന്നു ഫ്രഞ്ച് നിരയിലെ താരം. ഇതോടെ ആദ്യ പകുതിയില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന പോളിഷ് പടയ്ക്ക് മത്സരത്തിലെ പിടി അയഞ്ഞു.

ആദ്യ പകുതിയില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നു. കളിയുടെ ആദ്യ മിനിറ്റുകളില്‍ പന്തടക്കത്തിലും മുന്നേറ്റങ്ങള്‍ ഒരുക്കുന്നതിലും ഫ്രാന്‍സ് മുന്നിട്ടുനിന്നെങ്കിലും പിന്നീട് കളംപിടിച്ച പോളണ്ട് തകര്‍പ്പന്‍ അറ്റാക്കിങ് റണ്ണുകള്‍ പുറത്തെടുത്ത് ഫ്രാന്‍സ് പ്രതിരോധത്തെ വിറപ്പിച്ചു.

നാലാം മിനിറ്റില്‍ തന്നെ ഗ്രീസ്മാന്‍ എടുത്ത കോര്‍ണറില്‍ നിന്നുള്ള റാഫേല്‍ വരാന്റെ ഹെഡര്‍ പുറത്തേക്ക് പോയി. 13-ാം മിനിറ്റില്‍ ചൗമെനിയുടെ ഷോട്ട് പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി തട്ടിയകറ്റി. 20-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഒരു ബാക്ക് ഹീല്‍ ഫ്‌ളിക്കിലൂടെയുള്ള ഗോള്‍ ശ്രമവും ഷെസ്‌നി രക്ഷപ്പെടുത്തി.

21-ാം മിനിറ്റില്‍ ലഭിച്ച സ്‌പേസ് ഉപയോഗപ്പെടുത്തി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി 20 യാര്‍ഡ് അകലെ നിന്ന് അടിച്ച ഷോട്ട് പക്ഷേ പുറത്തേക്ക് പോയി.

29-ാം മിനിറ്റിലാണ് ഫ്രാന്‍സിന് സുവര്‍ണാവസരങ്ങളിലൊന്ന് ലഭിച്ചത്. ഗ്രീസ്മാന്റെ പാസ് സ്വീകരിച്ച് ഓടിക്കയറി വലതുഭാഗത്ത് നിന്ന് ഡെംബലെ നല്‍കിയ ഒരു കിറുകൃത്യം ക്രോസ് പക്ഷേ വലയിലെത്തിക്കുന്നതില്‍ ജിറൂദ് പരാജയപ്പെട്ടു. താരം സ്ലൈഡ് ചെയ്ത് നോക്കിയെങ്കിലും പന്ത് ആളില്ലാത്ത പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

എന്നാല്‍ പിന്നാലെ പോളണ്ടിന്റെ മുന്നേറ്റങ്ങള്‍ ശക്തിപ്പെട്ടു. 38-ാം മിനിറ്റില്‍ അവര്‍ക്ക് മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിക്കുകയും ചെയ്തു. ബെരെസിന്‍സ്‌കി കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്തില്‍ നിന്നുള്ള സിയലിന്‍സ്‌കിയുടെ ഷോട്ട് ആദ്യം ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള കമിന്‍സ്‌കിയുടെ ഗോളെന്നുറച്ച ഷോട്ട് റാഫേല്‍ വരാന്‍ ഗോള്‍ലൈനില്‍ വെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ 44-ാം മിനിറ്റില്‍ ജിറൂദ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് ഇടംകാലനടിയിലൂടെ വലയിലാക്കി. ഈ സമയം ജിറൂദിനെ മാര്‍ക്ക് ചെയ്യുന്നതില്‍ പോളണ്ട് താരം വരുത്തിയ പിഴവ് മുതലെടുത്ത് താരം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും ജിറൂദ് സ്വന്തമാക്കി. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.

എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളം കൈയടക്കുന്ന കാഴ്ചയായിരുന്നു കാണാനായത്. 48-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീ കിക്ക് ഷെസ്‌നി തട്ടിയകറ്റി. 56-ാം മിനിറ്റിലെ എംബാപ്പെയുടെ ഷോട്ട് ക്രിചോവിയാക്കിന്റെ ബൂട്ടില്‍ തട്ടി പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ 58-ാം മിനിറ്റില്‍ ജിറൂദ് ഒരു ഓവര്‍ഹെഡ് കിക്കിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും അതിന് മുമ്പ് പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി ബോക്‌സില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഉപമെകാനോയുമായി കൂട്ടിയിടിച്ച് വീണതിന് റഫറി വിസില്‍ വിളിച്ചിരുന്നു. ഫ്രഞ്ച് താരങ്ങള്‍ വാദിച്ച് നോക്കിയെങ്കിലും ഗോള്‍ അനുവദിക്കപ്പെട്ടില്ല.

പിന്നാലെ 74-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോളെത്തി. ഒരു പോളണ്ട് ആക്രമണത്തിനൊടുവില്‍ ഗ്രീസ്മാന്‍ എതിര്‍ ഹാഫിലേക്ക് നീട്ടിയ പന്താണ് ഗോളവസരമൊരുക്കിയത്. പന്ത് പിടിച്ചെടുത്ത് കയറിയ ജിറൂദ് അത് വലത് ഭാഗത്തുള്ള ഡെംബെലെയ്ക്ക് നീട്ടി. ഈ സമയം ആരും മാര്‍ക്ക് ചെയ്യാതെ ഇടത് ഭാഗത്ത് എംബാപ്പെ സ്വതന്ത്രനായിരുന്നു. ഡെംബെലെ നല്‍കിയ പാസ് പിടിച്ചെടുത്ത എംബാപ്പെ സമയമെടുത്ത് കിടിലനൊരു വലംകാലനടിയിലൂടെ ഷെസ്‌നിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.

ഇതോടെ പോളണ്ട് തളര്‍ന്നു. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന് ജയമുറപ്പിച്ച് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. മാര്‍ക്കസ് തുറാന്‍ നല്‍കിയ പാസ് ഇത്തവണയും കിടിലനൊരു ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലെവന്‍ഡോവ്‌സ്‌കി പോളണ്ടിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ കിക്ക് ലോറിസ് കൈപ്പിടിയിലാക്കിയെങ്കിലും ലോറിസ് ലൈനില്‍ നിന്ന് പുറത്ത് കാല്‍വെച്ചതിനാല്‍ റഫറി പെനാല്‍റ്റി വീണ്ടും എടുപ്പിക്കുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ പന്ത് ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിച്ചു.


മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: FIFA World Cup 2022 France vs Poland round of 16 Al Thumama Stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented