മൊറോക്കന്‍ വെല്ലുവിളി മറികടന്ന് ഫ്രാന്‍സ് ഫൈനലില്‍


Photo: Getty Images

ദോഹ: പുതുചരിത്രം പിറന്നില്ല. ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍ നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തിയ മൊറോക്കോക്കാര്‍ക്ക് അതേ പോരാട്ടവീറ്, ചരിത്രം കളമൊരുക്കിയ ലോകകപ്പ് സെമിയില്‍ ആവര്‍ത്തിക്കാനായില്ല. ലോകകപ്പ് ഫൈനല്‍ പ്രവേശം എന്ന അവരുടെ ചിരകാല സുവര്‍ണസ്വപ്നം ഫ്രഞ്ച് കരുത്തിനും അനുഭവസമ്പത്തിനും മുന്നില്‍ വീണു പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്തര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ വഴങ്ങിയാണ് നിലവിലെ ചാമ്പ്യന്മാരോട് അടിയറവു പറഞ്ഞത്. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പലപ്പോഴും വിറച്ചുപോയിരുന്ന ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലായി. ചരിത്രത്തിലെ നാലാമത്തെ ഫൈനലും.

തിയോ ഫെര്‍ണാണ്ടസാണ് അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് അപ്രതീക്ഷിതമായി ലീഡ് നല്‍കിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേര്‍ന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെര്‍ണാണ്ടസിന്റെ സുന്ദരന്‍ ഗോളില്‍ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെര്‍ണാണ്ടസ് വലയിലാക്കിയത്. ഈയൊരൊറ്റ ഗോളില്‍ ഫ്രാന്‍സ് കളി തീര്‍ക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുപത്തിയൊന്‍പതാം മിനിറ്റില്‍ പകരക്കാരന്‍ റന്‍ഡല്‍ കോലോ മുവാനി വിജയമുറപ്പിച്ച് രണ്ടാം ഗോള്‍ വലയിലാക്കുന്നത്. മൊറോക്കന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി എംബാപ്പെ കൊടുത്ത പന്താണ് റന്‍ഡല്‍ കോലോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്. ഒസ്മാന്‍ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാല്‍പത്തിനാലാം സെക്കന്‍ഡിലാണ് റാന്‍ഡല്‍ തന്റെ കന്നി ലോകകപ്പ് ഗോള്‍ നേടുന്നത്. ഈ മത്സരത്തിലെ റാന്‍ഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട്.

പ്രതീക്ഷിച്ചപോലെ ആധിപത്യം പുലര്‍ത്താനാവാതെ പോയ ഫ്രാന്‍സിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചാണ് മൊറോക്കോ അടിയറവു പറഞ്ഞത്. മധ്യനിരയിലും ഫ്രഞ്ച് ഏരിയയിലും കിട്ടിയ മേല്‍ക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ അവര്‍ക്കായില്ല. കൊടുത്ത ഒന്നാന്തരം ക്രോസുകള്‍ വേണ്ടവണ്ണം കണക്ട് ചെയ്യാന്‍ ആളില്ലാതെ പോവുകയും ചെയ്തു. നാളിതുവരെ മികവ് പുലര്‍ത്തിയ മൊറോക്കന്‍ പ്രതിരോധക്കോട്ടയിലും വിള്ളലുകള്‍ യഥേഷ്ടം കണ്ടു. വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധഭടന്മാര്‍ക്ക് വഴിയില്‍ വച്ചു തന്നെ മുനയൊടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. നിസാരമായാണ് അവര്‍ ആ നീക്കങ്ങള്‍ക്ക് സ്വന്തം ഗോള്‍മുഖത്തേയ്ക്ക് ഒഴുകി ഇറങ്ങാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്.

കളിതുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് മുന്നിലെത്തി. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെര്‍ണാണ്ടസ് ഒരു കിടിലന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഗോള്‍ വീണതിന് ശേഷം ഉടന്‍ തന്നെ മൊറോക്കോയുടെ ആക്രമണമെത്തി. 10-ാം മിനിറ്റില്‍ അസ്സെദിന്‍ ഉനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റുകയായിരുന്നു. ഗോള്‍ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങളും അറ്റാക്കിങ് റണ്ണുകളും പുറത്തെടുത്തു.

ഇതിനിടെ 17-ാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡെടുക്കാന്‍ മികച്ചൊരു അവസരം ലഭിച്ചു. ഒരു ലോങ്‌ബോള്‍ പിടിച്ചെടുത്ത് മുന്നോട്ട് കയറിയ ഒളിവിയര്‍ ജിറൂദ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അടിച്ച പന്ത് പക്ഷേ പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

എന്നാല്‍ 21-ാം മിനിറ്റില്‍ പരിക്കേറ്റ് ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്‌സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീല്‍ഡര്‍ സെലിം അമല്ലായാണ് പകരമിറങ്ങിയത്.

36-ാം മിനിറ്റില്‍ ഫ്രാന്‍സിന് മറ്റൊരു മികച്ച അവസരം ലഭിച്ചു. ഔറെലിയന്‍ ചുവമെനി നല്‍കിയ പന്തില്‍ നിന്നുള്ള എബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ ഡിഫന്‍ഡര്‍ ക്ലിയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഈ പന്ത് പിടിച്ചെടുത്ത തിയോ ഹെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ജിറൂദിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.

പിന്നാലെ 44-ാം മിനിറ്റില്‍ ഫ്രാന്‍സ് വിറച്ച നിമിഷമെത്തി. ഫ്രഞ്ച് ബോക്‌സിലേക്ക് വന്ന ഒരു കോര്‍ണറില്‍ നിന്നുള്ള ജവാദ് എല്‍ യാമിക്കിന്റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

പിന്നാലെ 54-ാം മിനിറ്റില്‍ മൊറോക്കോ വീണ്ടും ഫ്രഞ്ച് ഗോള്‍മുഖം വിറപ്പിച്ചു. ഹക്കീമി ബോക്‌സിലേക്ക് നല്‍കിയ പന്ത് എന്‍ നെസിരിയിലെത്തു മുമ്പ് റാഫേല്‍ വരാന്റെ ഇടപെടല്‍ ഫ്രാന്‍സിന്റെ രക്ഷയ്‌ക്കെത്തി. പിന്നാലെ സോഫിയാന്‍ ബുഫാലിന്റെ പാസ് ബോക്‌സിലുണ്ടായിരുന്ന ഉനാഹിയിലെത്തും മുമ്പ് ഇബ്രാഹിമ കൊണാറ്റെ ക്ലിയര്‍ ചെയ്യുകയായിരുന്നു.

പന്ത് കൈവശം വെച്ച് മൊറോക്കോ ആക്രമണങ്ങള്‍ മെനയുന്നതിനിടെ 79-ാം മിനിറ്റില്‍ റന്‍ഡല്‍ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു. കളത്തിലിറങ്ങി തൊട്ടുപിന്നാലെ താരം ഫ്രാന്‍സിന്റെ ഫൈനലുറപ്പിച്ച ഗോള്‍ നേടി. ഒടുവില്‍ 90 മിനിറ്റും ആറ് മിനിറ്റ് അധിക സമയവും പിന്നിട്ടതോടെ മൊറോക്കോയുടെ പോരാട്ടവീര്യം മറികടന്ന് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക്.


മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: fifa World Cup 2022 France vs Morocco Semi Final Live Updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented