Photo: Getty Images
ദോഹ: സെനഗല്‍ കളിച്ചു, മത്സരത്തിന്റെ ആദ്യ 25 മിനിറ്റോളം, ഇംഗ്ലണ്ടിനെ വിറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ 25 മിനിറ്റിന് ശേഷം സെനഗലിനെ മത്സരത്തില്‍ നിന്നുതന്നെ മായ്ച്ചുകളഞ്ഞ പ്രകടനവുമായി ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറിലേക്ക്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്ക് അടിച്ചുകയറ്റിയായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ജോര്‍ദന്‍ ഹെന്‍ഡേഴ്സനും ഹാരി കെയ്നും ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ സ്കോറര്‍മാര്‍.
കളിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ സെനഗള്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗല്‍ പ്രതിരോധം ഉറച്ച് നിന്നതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തുടക്കത്തില്‍ സാധിച്ചില്ല.
എന്നാല്‍ പതിയെ കളിപിടിച്ച സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ പുറത്തെടുക്കുകയും ചെയ്തു. നാലാം മിനിറ്റില്‍ തന്നെ സെനഗലിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചിരുന്നു. ബുലായെ ഡിയയ്ക്ക് ലഭിച്ച ഒരു ത്രൂബോളില്‍ നിന്നായിരുന്നു അത്. പന്തുമായി ജോണ്‍ സ്റ്റോണ്‍സിനും ഹാരി മഗ്വെയര്‍ക്കും ഇടയിലൂടെ മുന്നേറിയ ഡിയക്ക് ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കും മുമ്പ് മഗ്വെയറുടെ നിര്‍ണായക ടച്ച് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി.
പിന്നാലെ ആക്രമണങ്ങള്‍ കടുപ്പിച്ച സെനഗല്‍ 22-ാം മിനിറ്റില്‍ അടുത്ത അവസരം സൃഷ്ടിച്ചു. മഗ്വെയറില്‍ നിന്ന് പന്ത് റാഞ്ചിയ ക്രെപിന്‍ ഡയാറ്റയാണ് അവസരമൊരുക്കിയത്. ഡയാറ്റയുടെ ക്രോസില്‍ നിന്ന് ഡിയക്ക് ഷോട്ടിന് സാധിച്ചില്ല. എന്നാല്‍ കുത്തിയുയര്‍ന്ന പന്ത് ഓടിയെത്തിയ ഇസ്മയ്ല സാര്‍ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് പുറത്തേക്ക് പോകുകയായിരുന്നു.
തുടര്‍ന്ന് 31-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഞെട്ടിയ നിമിഷമെത്തി. സാക്കയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാറില്‍ നിന്ന് പന്ത് ബുലായെ ഡിയയിലേക്ക്. ഡിയയുടെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു.
എന്നാല്‍ 38-ാം മിനിറ്റില്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്സനിലൂടെ ഇംഗ്ലണ്ട് സെനഗല്‍ പ്രതിരോധം ഭേദിച്ചു. ഹാരി കെയ്ന്‍ ജൂഡ് ബെല്ലിങ്ങാമിന് നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. സെനഗല്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മുന്നേറി ബെല്ലിങ്ങാം കട്ട്ബാക്ക് ചെയ്ത് നല്കിയ പന്ത് ഹെന്ഡേഴ്സന് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരം സെനഗലിന്റെ കൈയില്‍ നിന്നും അയഞ്ഞു.
ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് കരുത്തേറി. സാക്കയും കെയ്നും ലൂക്ക് ഷോയുമെല്ലാം ഇതിനിടെ സെനഗല്‍ ബോക്സില്‍ സമ്മര്‍ദം സൃഷ്ടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. ബെല്ലിങ്ങാം തുടക്കമിട്ട കൗണ്ടര്‍ അറ്റാക്കാണ് ഗോളിന് വഴിവെച്ചത്. ബെല്ലിങ്ങാമില് നിന്ന് പന്ത് ഫില്‍ ഫോഡനിലേക്ക്, ഫോഡന് ഉടന്‍ തന്നെ പന്ത് കെയ്നിന് മറിച്ച് നല്കി. സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡിക്ക് യാതൊരു അവസരവും നല്‍കാതെ കെയ്നിന്റെ ഷോട്ട് വലയില്‍. ഖത്തര്‍ ലോകകപ്പില്‍ താരത്തിന്റെ ആദ്യ ഗോള്‍.
പിന്നാലെ രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ ശക്തമാക്കിയ ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ സെനഗലിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. മധ്യഭാഗത്ത് കെയ്ന്‍ നഷ്ടപ്പെടുത്തിയ പന്ത് റാഞ്ചി മുന്നേറിയ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ കയറി ഫോഡന് നല്കിയ പാസ് ബുകായോ സാക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ സാക്കയുടെ മൂന്നാം ഗോള്‍.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: FIFA World Cup 2022 England vs Senegal round of 16 live blog
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..