Photo: Getty Images
ദോഹ: അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയമാണ് ഇക്കുറി അട്ടിമറിയുടെ സ്വാദറിഞ്ഞത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ പൊലിപ്പിച്ചു നിര്‍ത്തി.
ഏഴുപത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്‍ഹമീദ് സാബിരിയാണ് ഒരു ഫ്രീകിക്കില്‍ നിന്ന് നേരിട്ട് ബെല്‍ജിയത്തെ ഞെട്ടിച്ച ആദ്യഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ ഗോളില്‍ തന്നെ എന്നെന്നും ഓര്‍ക്കാന്‍ പോന്നൊരു അട്ടിമറിയും സ്വന്തമായി. ഒന്നാം പകുതിയുടെ അധികസമയത്ത് മൊറോക്കോയ്ക്ക് വാര് ഒരു ഗോള്‍ നിഷേധിച്ചിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അതിന്റെ ഫോട്ടോകോപ്പി പോലെ മറ്റൊന്ന് സംശയലേശമന്യേ വലയിലാക്കിയാണ് മൊറോക്കോ അട്ടിമറി ആഘോഷിച്ചത്. അവസാന വിസിലിന് കാതോര്‍ത്തിരിക്കെ തൊണ്ണൂറാം മിനിറ്റിലായരിുന്നു ബെല്‍ജിയത്തിന്റെ മരണം ഉറപ്പാക്കിയ രണ്ടാം ഗോള്‍ വലയില്‍ കയറിയത്. സക്കരിയ അബോക്ലാലിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍.
ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായി. ഇനി കാനഡയുമായാണ് അവരുടെ കളി.
ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരം ചൂടുപിടിച്ചത് രണ്ടാം പകുതിയിലായിരുന്നു.
72 മിനിറ്റുകളോളം ഗോള്‍രഹിതമായിരുന്ന മത്സരം അബ്ദുല്‍ഹമീദ് സബിരിയുടെ ഗോളോടെ ഉണര്‍ന്നു. പിന്നിലായതോടെ തിരിച്ചടിക്കാനുള്ള ബെല്‍ജിയം ശ്രമങ്ങള്‍ ശക്തിപ്പെട്ടു. എന്നാല്‍ ഈ അവസരം മുതലെടുത്ത് ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഹക്കീം സിയെച്ചിന്റെ മികച്ചൊരു അറ്റാക്കിങ് റണ്‍ ബെല്‍ജിയത്തിന്റെ വിധിയെഴുതി. സിയെച്ച് കട്ട്ബാക്ക് ചെയ്ത് നല്കിയ പന്ത് സക്കരിയ അബോക്ലാല്‍ ഫസ്റ്റ് ടച്ചില്‍ തന്നെ ഗോള്‍കീപ്പര്‍ കുര്‍ട്ടോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച മൊറോക്കോയ്ക്ക് അര്‍ഹതപ്പെട്ട ഗോള്‍.
നേരത്തെ ഇരു ടീമുകളുടെ ഭാഗത്തു നിന്നും ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടായിരുന്നില്ല. ബെല്‍ജിയം മിച്ചി ബാറ്റ്ഷുവായിയിലൂടെ മാത്രം മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ മൊറോക്കോ താരങ്ങളായ ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും ബെല്‍ജിയം ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ പുറത്തെടുത്തു.
ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രീ കിക്കിലൂടെ ഹക്കീം സിയെച്ച് പന്ത് വലയിലെത്തിച്ചെങ്കിലും വാര് പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. രണ്ട് മൊറോക്കന്‍ താരങ്ങള്‍ ഓഫ്സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം.
മത്സരത്തിന്റെ തുടക്കത്തില്‍ പന്തടക്കത്തില്‍ ബെല്‍ജിയത്തിനായിരുന്നു ആധിപത്യമെങ്കിലും പിന്നീട് മൊറോക്കോ പതിയെ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ വിജയ ശില്പി മിച്ചി ബാറ്റ്ഷുവായിയിയിലൂടെ ബെല്‍ജിയം, മൊറോക്കന്‍ ഗോള്‍മുഖം ആക്രമിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.
പിന്നാലെ 19-ാം മിനിറ്റില്‍ തോമസ് മുനിയറിന്റെ ഷോട്ട് മൊറോക്കോ ഗോളി മുനിര്‍ മുഹമ്മദി കൈപ്പിടിയിലൊതുക്കി. അതേസമയം കിക്കോഫിന് തൊട്ടുമുമ്പ് ഗോള്‍കീപ്പറെ മാറ്റിയാണ് മൊറോക്കോ കളത്തിലിറങ്ങിയത്. യാസ്സിന് ബൊനൊയെ ടീം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് മൊറോക്കോ ടീം ദേശീയ ഗാനത്തിനായി കളത്തിലിറങ്ങിയത്. ടീമിനൊപ്പം ദേശീയ ഗാനം ആലപിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമെല്ലാം ബൊനൊ ഉണ്ടായിരുന്നു. എന്നാല്‍ കിക്കോഫിന് തൊട്ടുമുമ്പ് താരത്തെ മാറ്റി മുനിര്‍ മുഹമ്മദിയെ മൊറോക്കോ കളത്തിലിറക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇരു ടീമും കാര്യമായ മുന്നേറ്റങ്ങള്‍ നടത്തി. 52-ാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡിന്റെ ഷോട്ട് മുനിര്‍ തടുത്തിട്ടു. പിന്നാലെ 65-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് നേരേ ഗോള്‍കീപ്പര്‍ മുനിറിന്റെ കൈകളിലേക്ക് പോകുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Belgium vs Morocco group f match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..