മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും


Photo: Getty Images

ദോഹ: ഒരേയൊരു മനുഷ്യന്‍...ലയണല്‍ ആന്ദ്രെസ് മെസ്സി....പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഉറച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അര്‍ജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാര്‍ബണ്‍ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതു മൂലയില്‍ നിന്നുള്ള എന്‍സോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകള്‍ക്ക് എത്തിപ്പിടിക്കാന്‍ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയില്‍. പുറത്താകാത്തിരിക്കാന്‍ ജയം അനിവാര്യം ആയിരുന്ന അര്‍ജന്റീനയ്ക്ക് ഇപ്പൊള്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയന്റായി.

പാറപോലെ ഉറച്ച മെക്‌സിക്കന്‍ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ 63 മിനിറ്റുകളാണ് അര്‍ജന്റീനിയന്‍ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത്. 64-ാം മിനിറ്റില്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംനിറച്ച് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ ഇടംകാല്‍ ഒരിക്കല്‍ കൂടി പതിവ് മാജിക് പുറത്തെടുത്തു. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നല്‍കിയ പന്തില്‍ നിന്ന് അവസരം മുതലെടുത്ത മെസ്സിയുടെ ഇടംകാലനടി മെക്‌സിക്കോയുടെ സൂപ്പര്‍ ഗോളി ഗില്ലെര്‍മോ ഒച്ചാവോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍. ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്കായി.

എന്നാല്‍ അര്‍ജന്റീന താരങ്ങളെ അനങ്ങാന്‍ വിടാതെ പ്രതിരോധിച്ച മെക്‌സിക്കോയുടെ ഗെയിംപ്ലാനിന് കയ്യടി നല്‍കാതെ വയ്യ. കടുകട്ടി പ്രതിരോധത്തിലൂന്നി ഇറങ്ങിയ മെക്‌സിക്കോയ്‌ക്കെതിരേ ആദ്യ പകുതിയിലുടനീളം അര്‍ജന്റീന താരങ്ങള്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ പാടുപെട്ടു.

ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടിയപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ ലക്ഷ്യം. എന്നാല്‍ മെക്‌സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഇതിനിടെ 11-ാം മിനിറ്റില്‍ മെക്‌സിക്കോ, അര്‍ജന്റീന ഗോള്‍മുഖം ഒന്ന് വിറപ്പിച്ചു. ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കാണ് അര്‍ജന്റീന ബോക്‌സില്‍ അപകടം സൃഷ്ടിച്ചത്. പക്ഷേ ഹെക്ടര്‍ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താന്‍ സാധിക്കാത്തത് അര്‍ജന്റീനയ്ക്ക് രക്ഷയാകുകയായിരുന്നു. മെസ്സിയേയും ഏയ്ഞ്ചല്‍ ഡി മരിയയേയും മെക്‌സിക്കോ താരങ്ങള്‍ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയില്‍ മാത്രമായി ഒതുങ്ങി. അഞ്ചുപേരെ പ്രതിരോധത്തില്‍ അണിനിരത്തിയ മെക്‌സിക്കോയുടെ ഗെയിംപ്ലാന്‍ പൊളിക്കാന്‍ മെസ്സിക്കും സംഘത്തിനും ആദ്യ പകുതിയില്‍ സാധിച്ചില്ല.

34-ാം മിനിറ്റില്‍ മെക്‌സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കില്‍ നിന്നുള്ള മെസ്സിയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക്. എന്നാല്‍ പന്ത് ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ പന്ത് തട്ടിയകറ്റി.

പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അലക്‌സിസ് വെഗയെടുത്ത ഫ്രീകിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തി. ആദ്യ പകുതിയില്‍ മെക്‌സിക്കോയുടെ ഭാഗത്തു നിന്ന് മൂന്ന് ഷോട്ടുകള്‍ പിറന്നപ്പോള്‍ അര്‍ജന്റീനയുടെ ഭാഗത്തു നിന്നും വെറും ഒരേയൊരു ഷോട്ടാണ് ഉണ്ടായത്.

52-ാം മിനിറ്റില്‍ നല്ലൊരു പെസിഷനില്‍ ലഭിച്ച ഫ്രീ കിക്ക് മെസ്സി ബാറിന് മുകളിലൂടെ പറത്തി. പിന്നാലെ 56-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള ഒരു അറ്റാക്കിങ് റണ്ണിലൂടെ ഒരുക്കിക്കൊടുത്ത അവസരം മുതലാക്കാന്‍ അക്യൂനയ്ക്ക് സാധിക്കുംമുമ്പ് മെക്‌സിക്കന്‍ താരത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി. പിന്നാലെ മെസ്സിയുടെ ഗോളിലൂടെ മത്സരവും ലോകകപ്പിലെ ജീവശ്വാസവും തിരികെ പിടിച്ച് അര്‍ജന്റീന മത്സരം അവസാനിപ്പിച്ചു.


മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: FIFA World Cup 2022 Argentina vs Mexico group c match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented