അര്‍ജന്റീന ഫൈനലില്‍! ക്രൊയേഷ്യയ്ക്കും തടയാനായില്ല


Photo: Getty Images

ദോഹ: ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി... ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം. നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസ്സിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ആല്‍വരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് ആല്‍വരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കല്‍ക്കൂടി വല കുലുക്കി.

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതല്‍ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിനായില്ല.

31-ാം മിനിറ്റില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് പന്ത് പെരിസിച്ചിന് കൈമാറി. എന്നാല്‍ പെരിസിച്ചിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ മുന്നേറ്റം. പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്തത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. 34-ാം മിനിറ്റില്‍ കിക്കെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല. മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലിവാകോവിച്ചിനെ നിസ്സഹായനാക്കി വലകുലുക്കി. ഈ ഗോളോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ക്രൊയേഷ്യന്‍ പോസ്റ്റില്‍ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. ഇത്തവണ യുവതാരം ജൂലിയന്‍ അല്‍വാരസാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി വലകുലുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവില്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. മെസ്സിയാണ് അല്‍വാരസിന് പന്തുനല്‍കിയത്.

പിന്നാലെ 42-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ അവിശ്വസനീയമാം വിധം ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും വിഫലമായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ രണ്ട് മാറ്റങ്ങള്‍ വരുത്തി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. 49-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ശക്തികുറഞ്ഞ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് കൈയ്യിലൊതുക്കി. 58-ാം മിനിറ്റില്‍ മെസ്സി തകര്‍പ്പന്‍ കുതിപ്പ് നടത്തി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ആ ശ്രമം വിഫലമാക്കി.

62-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ലോവ്‌റെനിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയെടുത്തു. 69-ാം മിനിറ്റില്‍ ക്രൊയേഷ്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടുകൊണ്ട് അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. ഇത്തവണയും അല്‍വാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസ്സി നല്‍കിയ അളന്നുമുറിച്ച പാസ് അല്‍വാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ ലോകോത്തരമായ അസിസ്റ്റ് ആരാധകരെ അമ്പരപ്പിച്ചു. ഇതോടെ അര്‍ജന്റീന വിജയമുറപ്പിച്ചു.

75-ാം മിനിറ്റില്‍ ഇരട്ടഗോളുമായി തിളങ്ങിയ അല്‍വാരസിന് പകരം സൂപ്പര്‍ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പില്‍ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. വൈകാതെ മെസ്സിയും സംഘവും ഇതാ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്ക്....


മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: fifa World Cup 2022 Argentina vs Croatia Semi Final Live Updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented