photo: Getty Images
ദോഹ: അടിച്ചു, തിരിച്ചടിച്ചു..ഒടുക്കം വിജയത്തോടെ മടങ്ങി. പക്ഷേ പ്രീ ക്വാര്‍ട്ടറിലെത്താന്‍ അത് മതിയായിരുന്നില്ല. 2018-ന്റെ ആവര്‍ത്തനമെന്ന പോലെ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ മടങ്ങി. ആധിപത്യത്തോടെ പന്ത് തട്ടിക്കൊണ്ടിരുന്ന ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ കണ്ണീരണിഞ്ഞു.
രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ജര്‍മനി കോസ്റ്ററീക്കയെ തോല്‍പ്പിച്ചത്. അപ്പൊഴേക്കും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന് സ്പെയ്നിനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന് പ്രീക്വാര്‍ട്ടറിലെത്തി. സ്പെയ്നിനും ജര്‍മനിക്കും നാല് പോയന്റായി. പക്ഷേ ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി ജര്‍മനി പുറത്തേക്ക്.
ജയമെന്ന ഒറ്റ ലക്ഷ്യവുമായി തുടക്കം മുതല്‍ തന്നെ ആക്രമിച്ചാണ് ജര്‍മനി കളിച്ചത്. ജര്‍മന്‍ മുന്നേറ്റനിരക്കാര്‍ മികച്ച നീക്കങ്ങളും നടത്തി. ഒടുവില്‍ 10-ാം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തി. സെര്‍ജിയോ നബ്രിയാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. ഇടത് വിങ്ങില്‍ നിന്നുള്ള ഡേവിഡ് റൗമിന്റെ ക്രോസ്സില്‍ നിന്ന് കിട്ടിയ പന്ത് ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന നബ്രി അനായാസം ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.
ഗോളിന് പിന്നാലെ ജര്‍മനി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു, 15-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഗൊറെട്സ്കയുടെ മികച്ച ഹെഡ്ഡര്‍ കോസ്റ്ററീക്കന്‍ ഗോള്‍കീപ്പര്‍ കൈലര്‍ നവാസ് തട്ടിയകറ്റി. ആക്രമണങ്ങള്‍ നിരന്തരം തുടര്‍ന്ന ജര്‍മന്‍ മുന്നേറ്റങ്ങളെ തടയാന്‍ കോസ്റ്ററിക്കന്‍ പ്രതിരോധം ബുദ്ധിമുട്ടി. ജമാല്‍ മുസിയാലയും നബ്രിയും നിരവധി ഷോട്ടുകളുതിര്‍ത്തു. എന്നാല്‍ മത്സരം സമനിലയാക്കാനുള്ള സുവര്‍ണാവസരം കോസ്റ്ററീക്കന്‍ താരം ഫുള്ളര്‍ പാഴാക്കി.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി കോസ്റ്ററീക്ക ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.. 58-ാം മിനിറ്റില്‍ ജര്‍മനി ഞെട്ടി. കോസ്റ്ററീക്കന്‍ പ്രതിരോധ താരം വാസ്റ്റന്റെ ഹെഡ്ഡര്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ക്ക് കൈയിലൊതുക്കാനായില്ല. റീബൗണ്ട് വന്ന പന്ത് വലയിലാക്കി തെജേഡ മ്സരം സമനിലയിലാക്കി.
ജയിച്ച് നോക്കൗട്ടുറപ്പിക്കാന്‍ കോസ്റ്ററീക്ക പിന്നേയും ജര്‍മന്‍ ഗോള്‍മുഖത്ത് കയറിയിറങ്ങി. ഒടുവില്‍ 70-ാം മിനിറ്റില്‍ കോസ്റ്ററീക്ക ലീഡുമെടുത്തു. പെനാല്‍റ്റി ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുക്കം പന്ത് വലയിലേക്ക് പതിച്ചു. ന്യൂയറുടെ സെല്‍ഫ് ഗോളായിരുന്നു അത്.അതോടെ കോസ്റ്ററീക്കന്‍ ക്യാമ്പ് ആഘോഷത്തില്‍ അലയടിച്ചു. ജര്‍മനി നിശബ്ദമായി.
എന്നാല്‍ സമനിലഗോളിനായി ജര്‍മനി ആക്രമിച്ചുകളിച്ചു. പകരക്കാരനായി ഇറങ്ങിയ കായ് ഹവേര്‍ട്സിലൂടെ ജര്‍മനി 73-ാം മിനിറ്റില്‍ തിരിച്ചടിച്ചു. കോസ്റ്ററീക്ക വിജയഗോളിനായി വീണ്ടും ആക്രമിച്ചുകളിച്ചു. എന്നാല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കോസ്റ്ററീക്കന്‍ പ്രതീക്ഷകളെ ഫ്ളിക്കും സംഘവും ഇല്ലാതെയാക്കി. 85-ാം മിനിറ്റില്‍ ഹവേര്‍ട്സാണ് വലകുലുക്കിയത്. മത്സരത്തിലെ ഹവേര്‍ട്സിന്റെ രണ്ടാം ഗോളായിരുന്നു അത്. മുന്നേറ്റം തുടര്‍ന്ന ജര്‍മനി 89-ാം മിനിറ്റില്‍ പന്നേയിം കോസ്റ്ററീക്കന്‍ ഗോള്‍ വല കുലുക്കി. നിക്ലാസ് ഫുള്ക്ക്റഗാണ് ഇത്തവണ ഗോളടിച്ചത്.
പക്ഷേ നോക്കൗട്ടിലേക്ക് കടക്കാന്‍ അത് മതിയായിരുന്നില്ല. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സ്പെയ്ന്‍ ജര്‍മനിയെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലെത്തി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Costa Rica vs Germany, FIFA World Cup 2022 Live
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..