അവിശ്വസനീയം...! സൗദിക്ക്‌ ചരിത്രവിജയം; ഞെട്ടുന്ന തോല്‍വിയില്‍ തകര്‍ന്ന് അര്‍ജന്റീന


Photo:Getty Images

ലുസൈല്‍:അവിശ്വസനീയം, അവര്‍ണനീയം, ആവേശോജ്വലം. ഇതാ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന്. ഇതാ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്. ഇതാ ലോകം ഞെട്ടിത്തരിച്ച നിമിഷം. ലോകമെങ്ങുമുള്ള ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.

ഓഫ്സൈഡ് കെണയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളര്‍ന്ന അര്‍ജന്റീന ലീഡിനുവേണ്ടി വൃഥാ വിയര്‍ക്കുമ്പോള്‍ നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസ്സിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി വലകുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 28-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സും വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തില്‍ റഫറി ആ കിക്കിനും ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. 34-ാം മിനിറ്റിലും ഇത് ആവര്‍ത്തിച്ചു. ലൗട്ടാറോ മാര്‍ട്ടിനെസ് വീണ്ടും വലകുലുക്കിയെങ്കിലും അതും ഓഫ് സൈഡായി. മത്സരത്തില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ടാമതൊരു ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ അടിമുടി മാറിയ കളിയാണ് സൗദി അറേബ്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റത്തിലും ശ്രദ്ധ ചെലുത്തി സൗദി അറേബ്യ അര്‍ജന്റീനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സാലി അല്‍ ഷെഹ്‌രിയിലൂടെ സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. സാലി അല്‍ഷെഹ്‌രിയാണ് സൗദിയ്ക്കായി ലക്ഷ്യം കണ്ടത്

അര്‍ജന്റീന പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറോയെ മറികടന്നാണ് അല്‍ഷെഹ്‌രി വലകുലുക്കിയത്. താരത്തിന്റെ ഷോട്ട് തടയാന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സിന് സാധിച്ചില്ല. ഇതോടെ സ്‌റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ മൗനത്തിലാണ്ടു.

എന്നാല്‍ സൗദിയുടെ പോരാട്ടം അവിടംകൊണ്ട് തീര്‍ന്നില്ല. അഞ്ചുമിനിറ്റിനുശേഷം വീണ്ടും സൗദി അറേബ്യ അര്‍ജന്റീന ഗോള്‍മുഖത്തേക്ക് വെടിപൊട്ടിച്ചു. ഇത്തവണ സലിം അല്‍ ദോസരിയാണ് അറേബ്യന്‍ ടീമിനായി ഗോളടിച്ചത്. ദോസരിയുടെ അതിമനോഹരമായ മഴവില്ലഴകിലുള്ള കിക്ക് അര്‍ജന്റീന പ്രതിരോധതാരങ്ങളെ ഒഴിഞ്ഞുമാറി വലതുളച്ചു. അര്‍ജന്റീന ആരാധകരുടെ നെഞ്ചകം പിളര്‍ന്നുകൊണ്ടാണ് ആ ഗോള്‍ എമിലിയാനോ മാര്‍ട്ടിനെസ്സിനെ മറികടന്ന് ഗോള്‍വലയില്‍ മുത്തമിട്ടത്.

63-ാം മിനിറ്റില്‍ മാര്‍ട്ടിനെസ്സിന്റെ ഗോളെന്നുറച്ച ഷോട്ട് സൗദി അറേബ്യ ഗോള്‍ കീപ്പര്‍ ഒവൈസ് മികച്ച ഡൈവിലൂടെ തട്ടിയകറ്റി. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ജൂലിയന്‍ അല്‍വാരസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ്, അക്യൂന എന്നിവരെ പകരക്കാരായി കൊണ്ടുവന്നു.

79-ാം മിനിറ്റില്‍ സൗദി ബോക്‌സിന് തൊട്ടുപുറത്തുവെച്ച് അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി ഫ്രീകിക്ക് അനുവദിച്ചു. സൂപ്പര്‍ താരം മെസ്സിയാണ് കിക്കെടുത്തത്. ആരാധകര്‍ ഉറ്റുനോക്കിയ ആ ഫ്രികിക്ക് പക്ഷേ വലയിലെത്തിക്കാന്‍ മെസ്സിയ്ക്ക് സാധിച്ചില്ല. 84-ാം മിനിറ്റില്‍ മെസ്സിയ്ക്ക് ഫ്രീ ഹെഡ്ഡര്‍ ലഭിച്ചെങ്കിലും താരത്തിന് അത് വലയിലെത്തിക്കാനായില്ല.

സമനില ഗോളിനായി അര്‍ജന്റീന മുന്നേറ്റനിര ആവുന്നത്ര പൊരുതിയെങ്കിലും പാറപോലെ ഉറച്ചുനിന്ന സൗദി അറേബ്യ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ല. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അര്‍ജന്റീന ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് അല്‍ അംറി അത് രക്ഷിച്ചെടുത്തു. ഗോള്‍കീപ്പറില്ലാത്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് ജൂലിയന്‍ അല്‍വാരസ് ഉതിര്‍ത്ത ഷോട്ട് അവിശ്വസനീയമായി അല്‍ അംറി ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. ഇന്‍ജുറി ടൈമില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സൗദി താരം അല്‍ ഷഹ്‌റാനിയ്ക്ക് പരിക്കേറ്റത് ഗ്രൗണ്ടില്‍ ആശങ്ക പരത്തി. താരത്തിന് ഉടന്‍ വൈദ്യ സഹായം നല്‍കി. പിന്നീടുള്ള മിനിറ്റുകളില്‍ അര്‍ജന്റീന പരമാവധി ശ്രമിച്ചെങ്കിലും സൗദിയുടെ ചരിത്ര വിജയത്തെ തടയാനായില്ല. അങ്ങനെ 36 മത്സരങ്ങളുടെ അര്‍ജന്റീനയുടെ അപരാജിതക്കുതിപ്പിന് അവസാനം...

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: argentina vs saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented