അര്‍ജന്റീന വരുന്നു ! പോളണ്ടിനെ പൊളിച്ചടുക്കി മെസ്സിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍ 


Photo: Getty Images

ദോഹ: എല്ലാ സംശയങ്ങള്‍ക്കും ഇതാ അറുതി. സന്ദേഹികളേ ഇതാ നിങ്ങള്‍ക്കുള്ള അടിവരയിട്ട ഉത്തരം. ആദ്യമൊന്ന് പതറി. പിന്നെ പതുങ്ങി. ഇപ്പോഴിതാ ഖത്തറില്‍ വെന്നിക്കൊടിപാറിച്ച് മുന്നേറിയിരിക്കുന്നു മെസ്സിപ്പട. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോള്‍ കൊണ്ട് തുളച്ച അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെസ്സി പെനാല്‍റ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട മത്സരത്തിന്റെ നാല്‍പത്തിയാറാം മിനിറ്റില്‍ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസുമാണ് ആല്‍ബിസെലസ്റ്റസിനായി വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയ നീലപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് തലയെടുപ്പോടെ എഴുന്നള്ളുന്നത്. ഓസ്ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.

പത്ത് പേരെയും വച്ച് പ്രതിരോധിച്ചു കളിച്ച പോളണ്ടിനെതിരേ മുപ്പത്തിയൊന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മെസ്സിയുടെ കിക്ക് പോളണ്ടിന്റെ സൂപ്പര്‍മാന്‍ ഗോളി സെസ്‌നി അത്ഭുതരമായി രക്ഷപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടുതിരിച്ചുപോയത്. ഇത് രണ്ടാം തവണയാണ് മെസ്സി ഒരു ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കുന്നത്. ഈ ലോകകപ്പില്‍ തന്നെ സെസ്നി തടയുന്ന രണ്ടാമത്തെ പെനാല്‍റ്റിയാണിത്. സെഷ്നി തന്നെയായിരുന്നു അര്‍ജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധം. പത്ത് പേരെ വവച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസ്സി അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവര്‍ തൊടുത്തത്. അതില്‍ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതില്‍ ഏഴെണ്ണം മെസ്സിയുടെ വക തന്നെ. ഇതിന് പുറമെ അഞ്ച് കിണ്ണംകാച്ചിയ പാസും മെസ്സി നല്‍കി. സെഷ്നിയുടെ മിടുക്കും ചില പിഴവുകളും ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലാകുമായിരുന്നു പോളണ്ടിന്റെ തോല്‍വി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അര്‍ജന്റീന ആക്രമണ ഫുട്‌ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍പോസ്റ്റിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ സെസ്‌നി കൈയ്യിലൊതുക്കി. പത്താം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ സെസ്‌നി തട്ടിയകറ്റി. സമനില നേടിയാല്‍പ്പോലും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് പോളണ്ട് പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.

17-ാം മിനിറ്റില്‍ അര്‍ജന്റീനുടെ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ സെസ്‌നി അത് തട്ടിയകറ്റി റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രന്‍ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. 36-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്‌നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.

36-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്‌നി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്‌നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്.ഈ ലോകകപ്പില്‍ സെസ്‌നി തടയുന്ന രണ്ടാം പെനാല്‍റ്റി കിക്കാണിത്. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ മാത്രം നേടാനായില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു അര്‍ജന്റീനയെയാണ് ഖത്തറില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോളിഷ് പൂട്ടുപൊളിച്ചുകൊണ്ട് ആല്‍ബിസെലസ്റ്റസ് ലീഡെടുത്തു. അലെക്‌സിസ് മാക് അലിസ്റ്ററാണ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയത്. മൊളീന്യയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ വെച്ച് അലിസ്റ്റര്‍ ഉതിര്‍ത്ത മനോഹരമായ ഷോട്ട് പ്രതിരോധതാരങ്ങളെയും സെസ്‌നിയെയും മറികടന്ന് ഗോള്‍വലയില്‍ മുത്തമിട്ടു. ഈ ഗോളോടുകൂടി അര്‍ജന്റീനയുടെ ആക്രമണങ്ങളുടെ വീര്യം പതിന്മടങ്ങായി വര്‍ധിച്ചു.

61-ാം മിനിറ്റില്‍ മാക് അലിസ്റ്ററിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ പോളണ്ടിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് അര്‍ജന്റീന വീണ്ടും വലകുലുക്കി. യുവതാരം ജൂലിയന്‍ അല്‍വാരസാണ് ടീമിനായി രണ്ടാം ഗോളടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ട് അല്‍വാരസ് അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ സീറ്റുറപ്പിച്ചു.

72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. രണ്ട് ഗോളടിച്ചിട്ടും അര്‍ജന്റീനുടെ ആക്രമണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി പോളിഷ് ഗോള്‍മുഖത്ത് ഇരച്ചുകയറി മെസ്സിയും കൂട്ടരും തകര്‍പ്പന്‍ ഫുട്‌ബോള്‍ കാഴ്ചവെച്ചു.ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം കിവിയോര്‍ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അര്‍ജന്റീന ആധികാരികമായി... ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്....

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: argentina vs poland fifa world cup 2022 match live updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented