Photo: reuters
മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങും. അടുത്തവര്‍ഷം നവംബര്‍ 21-നാണ് ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങ്.
ഖത്തര്‍ ഒരുങ്ങി
ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തര്‍ തയ്യാറെടുക്കുന്നത്. സ്റ്റേഡിയങ്ങള്‍ അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. സാങ്കേതികത്തികവിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍.
സ്റ്റേഡിയങ്ങള്‍, മെട്രോ, എക്‌സ്പ്രസ് ഹൈവേ, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. കോവിഡും രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം മറികടന്നാണ് ലോകകപ്പിനായി ഖത്തര്‍ ദ്രുതഗതിയില്‍ ഒരുങ്ങുന്നത്.
നവംബറിലെ മാമാങ്കം
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002-ലാണ് നടന്നത്.
സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായ കാലത്താണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. വേദിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നു. 32 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം റഷ്യയാണ് ലോകകപ്പിന് ആതിഥ്യം വഹിച്ചത്.
അമ്പരപ്പിക്കും വേദികള്‍
അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തില്‍ അറുപതിനായിരം പേര്‍ക്ക് ഇരിക്കാം. ആധുനികതയും മനോഹാരിതയും ചേര്‍ത്തുവെച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇവിടെ 80,000 പേര്‍ക്കിരിക്കാം.
എട്ട് സ്റ്റേഡിയങ്ങളില്‍ അല്‍ വക്രയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അല്‍ ജനൗബ്, അല്‍ റയ്യാനിലെ എജ്യുക്കേഷന്‍ സിറ്റി, അഹമ്മദ് ബിന്‍ അലി, ദോഹയിലെ അല്‍ തുമാമ എന്നീ അഞ്ച് സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി. ഇവയുടെ ഉദ്ഘാടനവും കഴിഞ്ഞു. അല്‍ ബെയ്ത്, ദോഹയിലെ റാസ് അബു അബൗദ് സ്റ്റേഡിയങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ലുസൈല്‍ അടുത്ത വര്‍ഷത്തോടെ സജ്ജമാകും.
യോഗ്യത നേടിയ ടീമുകള്‍
ഖത്തര്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്,ഹോളണ്ട്, ബ്രസീല്‍, അര്‍ജന്റീന.
Content Highlights: just 365 days to fifa world cup 2022 Qatar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..