സ്വപ്‌നങ്ങള്‍ ചിതറിയ രാത്രി; അസൂറികളില്ലാതെ വീണ്ടുമൊരു ലോകകപ്പ്


ആദര്‍ശ്.പി.ഐ

യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ ലോകകപ്പിന് യോഗ്യതനേടാനാകാതെ പുറത്താകുന്ന കാഴ്ച വര്‍ത്തമാനകാല ഫുട്‌ബോള്‍ ചരിത്രത്തിന് ഉള്‍ക്കൊള്ളാനാകാത്ത യാഥാര്‍ഥ്യമാണ്

Photo: AFP

ആരവങ്ങളലയടിച്ച ഇറ്റലിയിലെ റെന്‍സോ ബാര്‍ബെറെ സ്‌റ്റേഡിയം പെട്ടെന്നൊരു നിമിഷം സൂചിവീണാല്‍ കേള്‍ക്കുന്നത്ര നിശബ്ദതയിലേക്ക് വീണു. ക്ഷണികമാത്രയില്‍ അവസാനവിസിലിന്റെ മുഴക്കം. ഗാലറികളുടെ സ്പന്ദനം നിലച്ചു. നീലക്കുപ്പായത്തില്‍ ആലേഖനം ചെയ്തുവെച്ച നക്ഷത്രങ്ങളെ ചുംബിച്ചുകൊണ്ട് അസൂറിപ്പട തിരിഞ്ഞുനടന്നു. ഖത്തര്‍ ലോകകപ്പിന്റെ നിറവാര്‍ന്ന രാത്രികളില്‍ ഇത്തവണ അസൂറികളില്ല. കാല്‍ച്ചിക്കോ ഇത്ര ക്രൂരമായി മുറിവേല്‍പ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ ലോകകപ്പിന് യോഗ്യതനേടാനാകാതെ പുറത്താകുന്ന കാഴ്ച വര്‍ത്തമാനകാല ഫുട്‌ബോള്‍ ചരിത്രത്തിന് ഉള്‍ക്കൊള്ളാനാകാത്ത യാഥാര്‍ഥ്യമാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന് യോഗ്യതനേടാനാകാതെ ഇറ്റലി പുറത്താകുന്നത്. 2018 ലെ റഷ്യന്‍ ലോകകപ്പിനും ഇറ്റലി യോഗ്യത നേടിയിരുന്നില്ല. ലോകകപ്പിന്റെ കളിക്കളങ്ങളെ അടക്കിഭരിച്ച സംഘം, തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യതനേടാനാകാതെ പുറത്തായതിന്റെ ഞെട്ടലിലാണ് ലോകം.

നിലവിലെ യൂറോ ചാമ്പ്യന്‍മാര്‍ കൂടിയായ അസൂറികള്‍ നാല് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായിട്ടുളളത്. പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്. 1934 ലെ രണ്ടാം ലോകകപ്പില്‍ തന്നെ കിരീടം നേടി. ആവര്‍ത്തനം പോലെ 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യന്‍മാരായി. 1958 ല്‍ ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായതൊഴിച്ചാല്‍ മിക്ക ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 1982 ല്‍ ജേതാക്കളായ ടീം 1970,1994 വര്‍ഷങ്ങളില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പ് നേടാനായില്ല. 2006 ല്‍ ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കി.

പിന്നീട് ഇറ്റലിയുടെ പതനമാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. 2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ് സ്റ്റേജുകളില്‍ തന്നെ പുറത്തായ അസൂറികള്‍ 2018 ലോകകപ്പിന് യോഗ്യത പോലും നേടിയില്ല. പ്രതിരോധത്തിലൂന്നിയ ടീമിന്റെ കളിശൈലിക്കെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. പ്രതിരോധം കൊണ്ട് മാത്രം കളികള്‍ ജയിക്കാനാവില്ലെന്ന സ്ഥിതി വന്നു. മാന്‍സിനി ഇറ്റലിയുടെ പരിശീലകനായി വന്നതോടെയാണ് അസൂറികളുടെ കളി മാറുന്നത്. പ്രതിരോധത്തെ ഉടച്ചുവാര്‍ത്ത മാന്‍സിനി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. യുവതാരങ്ങളെ ടീമിലെടുത്ത് ഇറ്റലിയെ മികച്ച കളിക്കൂട്ടമാക്കി മാറ്റി.

ഇമ്മൊബീലും ഇന്‍സീന്യെയും ബെറാഡിയുമടങ്ങുന്ന മുന്നേറ്റനിര ഏത് പ്രതിരോധകോട്ടയേയും മറികടക്കുന്നതാണ്. ജോര്‍ജിന്യോയും വെറാട്ടിയുമടങ്ങുന്ന മധ്യനിരയും ഇറ്റലിയെ കരുത്തരാക്കി. അളന്നു മുറിച്ച പാസുകളുമായി മുന്നേറ്റനിരയ്ക്ക് അവസരങ്ങളൊരുക്കുന്ന മധ്യനിരയുടെ മികവില്‍ ഇറ്റലി പല കളികളിലും ആധിപത്യം നേടി. പരിചയസമ്പന്നരായ പ്രതിരോധനിരക്കാര്‍ കൂടി ചേര്‍ന്നതോടെ മാന്‍സിനിയുടെ സംഘം ലോകത്തിലെ ഏത് ടീമിനോടും കിടപിടിക്കാന്‍ പോന്നതായി മാറി.

ഒടുവില്‍ യൂറോപ്പിന്റെ മൈതാനങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തിക്കൊണ്ട് ഇറ്റലി 2020 യൂറോകപ്പില്‍ മുത്തമിട്ടു. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി യൂറോകപ്പ് നേടുന്നത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ അവിശ്വസനീയമായ പ്രകടനത്തിലൂടെ.

അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലായിരുന്നു ഇറ്റലി. ആരാധകര്‍ 2022 ലോകകപ്പ് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയ നിമിഷങ്ങള്‍. ലോകകപ്പിന് അനായാസം യോഗ്യതനേടുമെന്നാണ് എല്ലാവരും കരുതിയത്. താരതമ്യേന ദുര്‍ബലരായ സ്വിറ്റ്‌സര്‍ലന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും അടങ്ങുന്ന ഗ്രൂപ്പ്, വെല്ലുവിളിയുയര്‍ത്താന്‍ പോന്നതല്ലെന്ന കണക്ക് കൂട്ടലിലായിരുന്നു. പക്ഷേ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ കണക്ക് കൂട്ടലുകള്‍ തകിടംമറിഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്റുമായി ഇറ്റലി ഗോള്‍രഹിത സമനിലയായപ്പോള്‍ ബള്‍ഗേറിയയെ തകര്‍ത്ത് സ്വറ്റ്‌സര്‍ലന്റ് ഗ്രൂപ്പില്‍ നിന്ന് യോഗ്യതനേടി.

എങ്കിലും ഇറ്റലിയുടെ പ്രതീക്ഷ അവസാനിച്ചിരുന്നില്ല. പ്ലേ ഓഫ് ജയിച്ചാല്‍ ലോകകപ്പിന് യോഗ്യത നേടാമെന്ന സാധ്യതയുണ്ടായിരുന്നു. പ്ലേ ഓഫ് ഫിക്‌സ്ച്ചര്‍ വന്നപ്പോഴും ആരാധകര്‍ വലിയ നിരാശയിലായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥ വന്നതോടെ ആരെങ്കിലും ഒരാളേ ലോകകപ്പിന് യോഗ്യത നേടുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു. പക്ഷേ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടേണ്ട സാഹചര്യത്തിലേക്ക് പോലും കാര്യങ്ങള്‍ എത്തിയില്ല. നോര്‍ത്ത് മാസിഡോണിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി അസൂറിപ്പട ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. സ്വന്തം തട്ടകത്തില്‍ ഇതാദ്യമായാണ് ഇറ്റലി ലോകകപ്പ് യോഗ്യത മത്സരം തോല്‍ക്കുന്നത്.

അസൂറികളില്ലാതെ ഒരു ലോകകപ്പ് കൂടി കടന്നുപോകുന്നു. തലങ്ങും വിലങ്ങും ഖത്തറില്‍ പന്തുരുളുമ്പോള്‍ തലതാഴ്ത്തി മടങ്ങിയ നീലപ്പടയുടെ ചിത്രം ഓര്‍മകളില്‍ തളം കെട്ടി നില്‍ക്കും. ഇനി കാത്തിരിപ്പാണ്. ലോകകപ്പിന്റെ മഹാമൈതാനങ്ങളില്‍ അസൂറികളുടെ പന്താട്ടം കാണാനുളള സുന്ദരമായ കാത്തിരിപ്പ്.

Content Highlights: Italy fail to qualify for FIFA World Cup yet again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented