Photo: twitter.com/FIFAWorldCup
സൂറിച്ച്: 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. ഖത്തര്‍ വേദിയാകുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും തയ്യാറായി. ഇനി കാല്‍പ്പന്തുകളിയുടെ മാസ്മരിക രാവുകള്‍.
ആകെ 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നവംബര്‍ 21 ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബര്‍ 18 ന് അവസാനിക്കും.
അവസാന പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കോസ്റ്ററീക്ക 1-0 ന് തോല്‍പ്പിച്ചതോടെയാണ് ലോകകപ്പിന്റെ ചിത്രം വ്യക്തമായത്. മൂന്നാം മിനിറ്റില്‍ ജോയല്‍ ക്യാംപല് നേടിയ ഗോളിലൂടെയാണ് കോസ്റ്ററീക്ക ലോകകപ്പിന് ടിക്കറ്റെടുത്തത്. ഓഷ്യാനിയ-കോണ്‍കകാഫ് പ്ലേ ഓഫിലൂടെയാണ് കോസ്റ്ററീക്ക വരുന്നത്.
ഗ്രൂപ്പ് എ യില്‍ ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോര്‍, സെനഗല്‍, കരുത്തരായ നെതര്‍ലന്‍ഡ്സ് എന്നീ ടീമുകള്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ബി യില്‍ യൂറോ കപ്പ് റണ്ണറപ്പുകളായ ഇംഗ്ലണ്ട്, ഇറാന്, അമേരിക്ക, വെയ്ല്‍സ് എന്നീ ടീമുകളാണുള്ളത്.
ഗ്രൂപ്പ് സിയില്‍ നിലവിലെ കോപ്പ അമേരിക്ക, ഫൈനലിസ്സിമ കിരീട ജേതാക്കളായ അര്‍ജന്റീന മാറ്റുരയ്ക്കും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവയാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഓസ്ട്രേലിയ, ഡെന്മാര്ക്ക്, ടൂണീഷ്യ എന്നിവരാണ് എതിരാളികള്‍.
ഗ്രൂപ്പ് ഇ യില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്, കോസ്റ്ററീക്ക, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, ജപ്പാന് എന്നീ ടീമുകള്‍ പോരടിക്കും. ലോകകപ്പിലെ മരണഗ്രൂപ്പാണിത്. ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ എന്നീ ടീമുകളാണുള്ളത്.
ഗ്രൂപ്പ് ജിയില്‍ ഏറ്റവുമധികം ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകളുമായി മത്സരിക്കും. ഗ്രൂപ്പ് എച്ചില് പോര്‍ച്ചുഗല്‍, യുറുഗ്വായ്, കൊറിയ, ഘാന ടീമുകളാണുള്ളത്. ഈ ഗ്രൂപ്പും മരണഗ്രൂപ്പാണ്. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..