അന്ന് മോശം കളിക്കാരുടെ പട്ടികയില്‍,വര്‍ഷങ്ങള്‍ക്കിപ്പുറം ചുവന്ന ചെകുത്താന്‍മാരുടെ സുവര്‍ണനിരയിലേക്ക്


ആദര്‍ശ് പി ഐ

ഡിബ്രുയിനും ഹസാര്‍ഡും ആക്രമിച്ച് കളിക്കുമ്പോള്‍ മധ്യനിരയില്‍ ടീലിമന്‍സിന്റെ റോള്‍ നിര്‍ണായകമാണ്. എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഹോള്‍ഡ് ചെയ്ത് കളിക്കുന്നതില്‍ വിശേഷാല്‍ കഴിവുളള താരമാണ് യൂറി ടീലിമന്‍സ്.

photo:Getty Images

കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ കിരീടനേട്ടങ്ങളാല്‍ സമ്പന്നമായൊരു ഭൂതകാലമൊന്നും അവകാശപ്പെടാനില്ലാത്ത രാജ്യമാണ് ബെല്‍ജിയം. അസൂറികളും കാനറികളും ഡച്ചുകാരും മൈതാനത്ത് നിറഞ്ഞാടിയ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ ഏറെക്കുറെ അപ്രസക്തമായിരുന്നു. 1920-ലെ സമ്മര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതൊഴിച്ചാല്‍ ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കിരീടം നേടാന്‍ ബെല്‍ജിയത്തിനായിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2006, 2010 വര്‍ഷങ്ങളില്‍ ലോകകകപ്പിനും 2004, 2008, 2012 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ബെല്‍ജിയം യോഗ്യത നേടിയിരുന്നില്ല.

അതിന് ശേഷമാണ് യൂറോപ്യന്‍ ലീഗുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു കൂട്ടം കളിക്കാര്‍ ബെല്‍ജിയന്‍ ടീമിന്റെ ഭാഗമാകുന്നത്. കെവിന്‍ ഡിബ്രുയിന്‍, ഏദന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാകു
എന്നിങ്ങനെ യൂറോപ്പിലെ മിന്നുംതാരങ്ങള്‍ ചെകുത്താന്‍മാര്‍ക്കായി ഒന്നിച്ച് ബൂട്ടുകെട്ടിത്തുടങ്ങി. വമ്പന്‍ ടൂര്‍ണമെന്റുകളിലെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പോന്നൊരു സംഘമായി പെട്ടെന്നാണ് ബെല്‍ജിയം മാറിയത്.മിന്നും താരങ്ങള്‍ക്കൊപ്പം യൂറി ടീലിമന്‍സും

ബെല്‍ജിയന്‍ ഫുട്‌ബോള്‍ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഒട്ടുമിക്ക കളിയെഴുത്തുകാരും നിരീക്ഷിച്ചത്. ലോകഫുട്‌ബോളിലെ മിന്നുംതാരങ്ങളെല്ലാം ഒരുമിച്ച് ബൂട്ടണിയുന്നൊരു സംഘം, ചുവന്ന ചെകുത്താന്‍മാരുടെ നിരയില്‍ അതിന് മുമ്പ് ഉണ്ടായിട്ടില്ല. ഹസാര്‍ഡും ഡിബ്രുയിനും ലുക്കാകുവും അടങ്ങുന്ന ആ സുവര്‍ണനിരയിലേക്ക് അധികം വൈകാതെ തന്നെ യൂറി ടീലിമന്‍സ് എന്ന 19-കാരന്‍ പയ്യന്റെ പേരും ചേര്‍ക്കപ്പെട്ടു. ബെല്‍ജിയത്തിനായി അണ്ടര്‍-15, അണ്ടര്‍-16, അണ്ടര്‍-21 ടീമുകളില്‍ കളിച്ചാണ് ടീലിമന്‍സ് സീനിയര്‍ ടീമിനായി ബൂട്ടുകെട്ടുന്നത്.

ബെല്‍ജിയത്തിലെ സിന്റ് പീറ്റേഴ്‌സ് ല്യൂവിലാണ് യൂറി ടീലിമന്‍സിന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ ഫുട്‌ബോളിലുളള ടീലിമന്‍സിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെല്‍ജിയന്‍ ക്ലബ്ബ് ആന്‍ഡര്‍ലെക്ടില്‍ ചേര്‍ന്ന് അഞ്ചാം വയസ്സില്‍ തന്നെ കുഞ്ഞു ടീലിമന്‍സ് പന്തുതട്ടിത്തുടങ്ങി. യൂത്ത് കരിയര്‍ മുഴുവന്‍ ആന്‍ഡര്‍ലെക്ടിനായാണ് കളിച്ചത്. പതിനാറാം വയസ്സിലാണ് ടീലിമന്‍സ് ആന്‍ഡര്‍ലെക്ടിന്റെ സീനിയര്‍ ടീമിലിടം നേടുന്നത്. ബെല്‍ജിയന്‍ പ്രോ ലീഗില്‍ ലോകറെനെതിരേ അരങ്ങേറുമ്പോള്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ മാത്രം താരമായിരുന്നു ടീലിമന്‍സ്.

2013 ഒക്ടോബറില്‍ ഒളിമ്പ്യാകോസിനെതിരേ ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടുമ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന പ്രായം കുറഞ്ഞ ബെല്‍ജിയം താരമായിരുന്നു ടീലിമന്‍സ്. ആന്‍ഡര്‍ലെക്ടിനായുളള ആദ്യ രണ്ട് സീസണുകളിലും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചതോടെ രണ്ട് വര്‍ഷങ്ങളിലും യങ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ ബെല്‍ജിയന്‍ ടാലന്റ് ഓഫ് ദി ഇയര്‍, 2015-ല്‍ ബെല്‍ജിയംസ് മോസ്റ്റ് പ്രോമിസിങ് ന്യൂകമര്‍ എന്നിവയും ടീലിമന്‍സിനെ തേടിയെത്തി. 2016-ലാണ് ബെല്‍ജിയത്തിനായി അരങ്ങേറുന്നത്.

മധ്യനിരയില്‍ പന്ത് കൈവശം വെച്ച് കളിക്കുന്ന മികച്ച ഹോള്‍ഡിങ് മിഡ്ഫീല്‍ഡറെന്ന നിലയിലാണ് ടീലിമന്‍സ് കളിപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡറായും മികച്ചുനിന്നു. പക്ഷേ പെനാല്‍റ്റി ബോക്‌സിനുളളില്‍ പന്തെത്തിക്കുന്നതിലും കൃത്യസമയത്ത് തീരുമാനമെടുക്കുന്നതിലും പലപ്പോഴും വീഴ്ച വന്നു. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതിലൂടെ മാത്രമേ താരത്തിന് മെച്ചപ്പെടാന്‍ സാധിക്കുകയുളളൂ എന്നാണ് മുന്‍ ബെല്‍ജിയന്‍ താരം പോള്‍ വാന്‍ ഹിംസ്റ്റ് അഭിപ്രായപ്പെട്ടത്. പിന്നീടുളള വര്‍ഷങ്ങളില്‍ കണ്ടത് ആ അഭിപ്രായത്തെ സാധൂകരിക്കുന്ന കാഴ്ചകളായിരുന്നു.

2016-17 സീസണില്‍ കരിയറിലെ തന്നെ മികച്ച പ്രകടനമായിരുന്നു ടീലിമന്‍സിന്റേത്. സീസണില്‍ ആന്‍ഡര്‍ലെക്ട് ബെല്‍ജിയന്‍ ഫസ്റ്റ് ഡിവിഷന്‍ എ കിരീടംനേടുന്നതില്‍ നിര്‍ണായകമായിരുന്നു താരത്തിന്റെ പ്രകടനം. 2017-ല്‍ എബണി ഷൂ അവാര്‍ഡ് നേടിയ ടീലിമന്‍സ് ബെല്‍ജിയം ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ഫ്രഞ്ച് ക്ലബ്ബ് മൊണാകോയിലേക്ക് കൂടുമാറി. പക്ഷേ മൊണോകോയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. 2017-18 സീസണിനൊടുക്കം ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ട ലീഗിലെ മോശം പ്രകടനം കാഴ്ചവെച്ച കളിക്കാരുടെ പട്ടികയിലും ടീലിമന്‍സുണ്ടായിരുന്നു.

2019-മുതല്‍ ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. 2015-16 സീസണിലെ പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന് ശേഷം ടീമിനെ വമ്പന്‍ ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാനുളള ശ്രമത്തിലായിരുന്നു ലെസ്റ്റര്‍. ആ ലക്ഷ്യത്തിന്റെ ഭാഗമെന്നോണമാണ് ടീലിമന്‍സ് ഇംഗ്ലണ്ടിലേക്ക് വരുന്നത്. ലെസ്റ്റര്‍ മധ്യനിരയിലെ കരുത്തുളള സാന്നിധ്യമായി ചുരുങ്ങിയ കാലയളവില്‍ തന്നെ ടീലിമന്‍സ് മാറി. ലെസ്റ്റര്‍ സിറ്റി തങ്ങളുടെ ആദ്യ എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത് ഫൈനലില്‍ ടീലിമന്‍സ് നേടിയ ഏക ഗോളിലാണ്. 2021 എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിയെ കീഴടക്കിയാണ് ലെസ്റ്റര്‍ കിരീടം നേടിയത്. കളിയിലെ താരവും ടീലിമന്‍സായിരുന്നു.

ക്ലബ്ബ് ഫുട്‌ബോളിലെന്നപോലെ രാജ്യാന്തര ഫുട്‌ബോളിലും മധ്യനിരയിലെ നിറസാന്നിധ്യമായി ടീലീമന്‍സ് മാറി. 2015-ല്‍ വെയില്‍സിനെതിരായ യൂറോ കപ്പ് ക്വാളിഫയര്‍ മത്സരത്തിലേക്കുളള ബെല്‍ജിയം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് രാജ്യത്തിനായി അരങ്ങേറുന്നത്. ഹോളണ്ടുമായുളള സൗഹൃദ മത്സരമായിരുന്നു അത്. രണ്ട് വര്‍ഷത്തിനപ്പുറം റോബര്‍ട്ട് മാര്‍ട്ടിനസിന്റെ ലോകകപ്പ് സംഘത്തിലും ഇടംനേടി. അപ്പോള്‍ ചുവന്ന ചെകുത്താന്‍മാരുടെ നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ടീലിമന്‍സായിരുന്നു. ടൂര്‍ണമെന്റിലാകെ നാല് മത്സരങ്ങളില്‍ കളിച്ചെങ്കിലും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായത്. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുളള മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ ബെല്‍ജിയം നിരയില്‍ ടീലിമന്‍സുമുണ്ടായിരുന്നു.

ലോകകപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കളിയാണ് ടൂര്‍ണമെന്റിലുടനീളം ബെല്‍ജിയം കാഴ്ചവെച്ചത്. 2020 യൂറോ കപ്പിലെത്തുമ്പോഴേക്കും ബെല്‍ജിയം ലോകത്തിലെ തന്നെ വമ്പന്‍ ശക്തിയായി മാറിയിരുന്നു. യൂറോ കപ്പില്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ ചെകുത്താന്‍മാര്‍ നിലയുറപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിന്‍, ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകു, റിയല്‍ മഡ്രിഡ് വിങ്ങര്‍ ഏദന്‍ ഹസാര്‍ഡ്, ബ്രൈട്ടന്റെ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് എന്നിവര്‍ക്കൊപ്പം ടീമിലെ പ്രധാനതാരമായി ടീലിമന്‍സ് മാറിക്കഴിഞ്ഞിരുന്നു.

2020 യൂറോ കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളെല്ലാം വിജയിച്ചാണ് ബെല്‍ജിയം പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീ-ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. പക്ഷേ ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റതോടെ ആദ്യ യൂറോ കിരീടമെന്ന ബെല്‍ജിയത്തിന്റെ മോഹം പൊലിഞ്ഞു. യുവേഫാ നാഷന്‍സ് ലീഗിലും പരാജയപ്പെട്ടതോടെ കിരീടമില്ലാതെ ആ സുവര്‍ണനിരയ്ക്ക് തലതാഴ്ത്തി മടങ്ങേണ്ടിവരുമോയെന്ന ആശങ്കകള്‍ കാല്‍പ്പന്ത് ലോകത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഖത്തറില്‍ സൂപ്പറാകുമോ ടീലിമന്‍സ് ?

2022 ലോകകപ്പില്‍ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രതിഭാസമ്പന്നമായ മധ്യനിരയില്‍ തന്നെയാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷ. ഡിബ്രുയിനും ഹസാര്‍ഡും ആക്രമിച്ച് കളിക്കുമ്പോള്‍ മധ്യനിരയില്‍ ടീലിമന്‍സിന്റെ റോള്‍ നിര്‍ണായകമാണ്. എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഹോള്‍ഡ് ചെയ്ത് കളിക്കുന്നതില്‍ വിശേഷാല്‍ കഴിവുളള താരമാണ് യൂറി ടീലിമന്‍സ്. ലോങ് പാസുകള്‍ വിദഗ്ദമായി നല്‍കാനും സാധിക്കും.

രണ്ട് കാലുകളും മികവോടെ ഉപയോഗിക്കാന്‍ കഴിയുമെന്നതും അയാളെ വേറിട്ട് നിര്‍ത്തുന്നു. ടീം ഫോര്‍മേഷനുകള്‍ക്കനുസരിച്ചും കളിശൈലിക്കനുസരിച്ചും മൈതാനത്ത് സ്വയം പരിവര്‍ത്തനം ചെയ്യപ്പെടുമെന്നതിനാല്‍ പരിശീലകര്‍ക്കയാളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനും സാധിക്കും. ലെസ്റ്റര്‍ സിറ്റി 4-2-3-1, 4-3-3 ഫോര്‍മേഷനുകളിലാണ് കളിക്കാറുളളത്. എന്നാല്‍ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ഇഷ്ട ഫോര്‍മേഷനുകള്‍ 3-4-2-1 , 5-2-3 എന്നിവയാണ്. ഈ ശൈലികളിലെല്ലാം ടീലിമന്‍സ് അതിമനോഹരമായി ഇണങ്ങിചേരുന്നത് കാണാന്‍ കഴിയും. പ്രീമിയര്‍ ലീഗിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായി അയാള്‍ മാറുന്നതും അങ്ങനെയാണ്.

ലോകകപ്പ് പോലെയുളള വലിയ ടൂര്‍ണമെന്റുകളില്‍ ആക്രമണത്തിനെന്ന പോലെ പ്രതിരോധത്തിനും പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഡിഫെന്‍ഡര്‍മാര്‍ക്ക് പുറമേ മധ്യനിരയിലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ ഇടപെടലുകളും വളരെ നിര്‍ണായകമാണ്. അവിടെയാണ് യൂറി ടീലിമന്‍സ് എന്ന 25-കാരന്‍ ബെല്‍ജിയത്തിന് കരുത്ത് പകരുന്നത്. കളിയുടെ ഗതിക്കനുസരിച്ച് ആക്രമിച്ച് കളിക്കാനും പ്രതിരോധിച്ച് കളിക്കാനും അയാള്‍ക്ക് കഴിയും. ലോകഫുട്‌ബോളില്‍ അങ്ങനെ സാധിക്കുന്ന ചുരുക്കം ചില മിഡിഫീല്‍ഡേഴ്‌സേയുളളൂ. എതിരാളികളെ നിശബ്ദരാക്കുന്ന ലോങ് റേഞ്ച് ഗോളുകള്‍ നേടുന്നതിലും ടീലിമന്‍സിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ലെസ്റ്റര്‍ സിറ്റി തങ്ങളുടെ ആദ്യ എഫ്എ കപ്പില്‍ മുത്തമിടുന്നത് ഫൈനലില്‍ ടീലിമന്‍സ് നേടിയ ഉഗ്രന്‍ ലോങ് റേഞ്ചര്‍ ഗോളിലൂടെയാണ്. അതിനാല്‍ ടീലിമന്‍സില്‍ വലിയ പ്രതീക്ഷയാണ് ആരാധകരെല്ലാം വെച്ചുപുലര്‍ത്തുന്നത്.

ലോകകപ്പില്‍ ടീലിമന്‍സിനൊപ്പം സൂപ്പര്‍താരങ്ങളെല്ലാം തിളങ്ങിയാല്‍ ബെല്‍ജിയത്തിന് മുന്നില്‍ എതിരാളികള്‍ വിയര്‍ക്കും. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രങ്ങള്‍ കൂടി ചേരുമ്പോള്‍ ചുവന്ന ചെകുത്താന്‍മാര്‍ ചരിത്രം കുറിച്ചേക്കാം. ബെല്‍ജിയത്തിന്റെ സുവര്‍ണനിരയ്ക്ക് തലയുയര്‍ത്തി തന്നെ മടങ്ങാം. ലോകം ബെല്‍ജിയത്തെ ഉറ്റുനോക്കുകയാണ്.

Content Highlights: Youri Tielemans in belgium world cup squad, life story of Youri Tielemans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented