വമ്പന്മാരെ വീഴ്ത്തി ഖത്തറിലും സ്വപ്നക്കുതിപ്പ് തുടരാൻ മോഡ്രിച്ചും സംഘവും


അജ്മൽ എൻ.എസ്

യൂറോപ്യന്‍ മേഖല യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ഖത്തറിലെത്തിയത്. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞത് ഒരിക്കല്‍ മാത്രമാണ്

ക്രൊയേഷ്യൻ ടീം | PHOTO: GETTY IMAGES

ഖത്തര്‍ ലോകകപ്പിന്റെ ആരവങ്ങള്‍ ലോകമെമ്പാടും അലയടിക്കുകയാണ്. തിങ്ങിനിറഞ്ഞിരിക്കുന്ന ഗാലറിയെ സാക്ഷിയാക്കി പന്തുരുളാന്‍ ഇനി മണിക്കൂറുകൾ മാത്രം. ഇത്തവണ ജേതാക്കളാകുമെന്ന് സാധ്യത കല്‍പ്പിക്കുന്ന ബ്രസീല്‍, അര്‍ജന്റീന മുതലായ ടീമുകള്‍ ഒരുവശത്ത്. കറുത്ത കുതിരകള്‍ ആകുമെന്ന് പ്രവചിക്കുന്ന ചില ടീമുകള്‍ മറുവശത്ത്.

കഴിഞ്ഞ ലോകകപ്പില്‍ ആരും അധികം പ്രതീക്ഷ വയ്ക്കാതിരുന്ന, എന്നാല്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു ടീമുണ്ട്, 2018 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ. കഴിഞ്ഞ തവണത്തെ സ്വപ്നക്കുതിപ്പ് തുടരാന്‍, ഇക്കുറിയും കറുത്ത കുതിരകളായി മാറുവാന്‍ ലൂക്ക മോഡ്രിച്ചിന്റെ ടീമിന് സാധിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ, അറിയാം ക്രൊയേഷിയയെക്കുറിച്ച്.ക്രൊയേഷ്യയുടെ ലോകകപ്പ് ചരിത്രം

1998ലാണ് ആദ്യമായി ക്രൊയേഷ്യ ലോകകപ്പ് കളിക്കുന്നത്. പ്രഥമ ടൂര്‍ണമെന്റില്‍ തന്നെ മൂന്നാം സ്ഥാനക്കാരായി വരവറിയിച്ചു. എന്നാല്‍ ആ പ്രകടനം തുടരാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. 2002ലും 2006ലും 2014ലും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി. 2010 യോഗ്യത പോലും നേടാനായില്ല. 2018ല്‍ രണ്ടാം സ്ഥാനക്കാരായി.

32 ടീമുകള്‍ പങ്കെടുത്ത 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയുടെ കുതിപ്പിന് ഫൈനലില്‍ കടിഞ്ഞാണിട്ടത് ഫ്രാന്‍സായിരുന്നു. ഫൈനലില്‍ കാലിടറിയെങ്കിലും ഫുട്‌ബോള്‍ പ്രേമികളുടെ മനം കവരാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചിരുന്നു. 18ആം മിനിറ്റില്‍ തങ്ങളുടെ വിശ്വസ്തനായ മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോള്‍. പിന്നാലെ ഫ്രാന്‍സിന്റെ തുടരാക്രമണം. ഒടുവില്‍ പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍, കെയിലന്‍ എംബപ്പെ എന്നിവരുടെ ഗോളുകള്‍. ക്രൊയേഷ്യയ്ക്കായി മാന്‍സൂകിച്ചിന്റെയും ഇവാന്‍ പെരിസിച്ചിന്റെയും ആശ്വാസ ഗോളുകള്‍.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ക്രൊയേഷ്യന്‍ താരങ്ങളും ആരാധകരും കണ്ണീരണിഞ്ഞു. 4-2 എന്ന സ്‌കോറിന് ലൂക്ക മോഡ്രിച്ചും സംഘവും തോറ്റുവെങ്കിലും തല ഉയര്‍ത്തിത്തന്നെ മടങ്ങാന്‍ അവര്‍ക്കായി. കാരണം പ്രതീക്ഷയ്ക്കുമപ്പുറമുള്ള പോരാട്ടം ഫൈന്ല്‍ വരെ കാഴ്ചവച്ചതിന് ശേഷമാണ് അവര്‍ വീണത്.

1998ലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ്

റഷ്യന്‍ പ്രസിഡന്റിനെയും ക്രൊയേഷ്യന്‍ പ്രസിഡന്റിനെയും സാക്ഷിയാക്കി ലൂക്ക മോഡ്രിച്ചിനെ വാരിപ്പുണരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ചിത്രം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുഖമുള്ള കാഴ്ചയായിരുന്നു.

2018ല്‍ മാത്രമല്ല, 1998ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പിലും ഫ്രാന്‍സ് ക്രൊയേഷ്യയുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്, സെമിയിലായിരുന്നുവെന്ന് മാത്രം. ക്രൊയേഷ്യയ്ക്കായി ഡെവര്‍ സൂക്കര്‍(davor suker) 46-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയെങ്കിലും ലോറന്‍ ബ്ലാങ്കിലൂടെ(laurent blanc) തൊട്ടടുത്ത് മിനിറ്റില്‍ ഫ്രാന്സ് മറുപടി നല്‍കി. 70-ാം മിനിറ്റില്‍ ലിലിയന്‍ തുറാം(lilian thuram) നേടിയ ഗോളിനുള്ള മറുപടി ക്രൊയേഷ്യയുടെ പക്കലുണ്ടായിരുന്നില്ല. ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയര്‍ കിരീടവും സ്വന്തമാക്കി.

1998ലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ്

യൂറോപ്യന്‍ മേഖല യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ഖത്തറിലെത്തിയത്. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞത് ഒരിക്കല്‍ മാത്രം. റഷ്യ, സ്ലൊവാക്യ, സ്ലൊവേന്യ, സൈപ്രസ്, മാള്‍ട്ട എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ഏഴ് ജയവും രണ്ട് സമനിലയുമായി 23 പോയിന്റോടെയായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റം. മൂന്ന് ഗോളുകള്‍ വീതം നേടിയ മാരിയോ പഷാലിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവരാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ക്രൊയേഷ്യയുടെ ടോപ്പ്‌സ്‌കോറര്‍മാര്‍.

ലോകകപ്പില്‍ ഇതുവരെ ആകെ 23 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രൊയേഷ്യ 11 വിജയങ്ങളാണ് നേടിയത്. എട്ട് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നാലെണ്ണം സമനിലയിലായി. 35 ഗോളുകള്‍ ആകെ നേടി. 26 എണ്ണം വഴങ്ങി.

മുന്‍ ക്രൊയേഷ്യന്‍ താരമായ സ്ലാട്‌കോ ദാലിച്ചാണ് ക്രൊയേഷ്യയുടെ മുഖ്യപരിശീലകന്‍. 2018ല്‍ ക്രൊയേഷ്യ സ്വപ്നക്കുതിപ്പ് നടത്തിയപ്പോഴും ചുക്കാന്‍ പിടിച്ചത് സ്ലാട്‌കോ ദാലിച്ച്(Zlatko Dalić) തന്നെ. 4-2-3-1 ശൈലിയാണ് പ്രിയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നായ ബാലണ്‍ ദ്യോര്‍ ജേതാവ് ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയെ നയിക്കുന്നത്.

മോഡ്രിച്ച്

കഴിഞ്ഞ തവണത്തെ പ്രകടനം ക്രൊയേഷ്യയ്ക്ക് ആവര്‍ത്തിക്കണമെങ്കില്‍ ലൂക്കാ മോഡ്രിച്ചും സംഘവും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും. പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിദ്ധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. മധ്യനിരയുടെ കരുത്തിനെ ആശ്രയിച്ചാകും ക്രൊയേഷ്യയുടെ മുന്നോട്ടുള്ള കുതിപ്പ്. മാന്‍സുകുച്ചിനെപ്പോലുള്ള താരത്തിന്റെ അഭാവം തിരിച്ചടിയാണ്.

100ലധികം മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞതിന്റെ അനുഭവസമ്പത്തുമായി എത്തുന്ന 37 കാരനായ ലൂക്കാ മോഡ്രിച്ചും 33 കാരനായ ഇവാന്‍ പെരിസിച്ചുമൊക്കെ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ടീമിലിടം നേടിയ ഡൊമാഗോ വീദാ നൂറാം മത്സരത്തിനായി കാത്തിരിക്കുകയാണ്.

2018ലെ ലോകകപ്പില്‍ കളിച്ച് പ്രധാന താരങ്ങളും ഖത്തറിലും ബൂട്ടണിയുന്നുണ്ട്. സൗത്താംപ്ടണിന്റെ ഡ്യൂയെ ചലെറ്റ ചാറും റെഞ്ചേഴ്സിന്റെ അന്റോണിയോ ചൊലാകും എസി മിലാന്റെ ആന്റെ റെബിച്ചും സ്‌ക്വാഡില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. മൂന്ന് ദേശീയ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള 20കാരനായ ലൂകാ സൂസിച്ച് ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

ഗോള്‍വല കാക്കാന്‍ ഡോമിനിക് ലിവാകോവിച്ച് , ഇവിക ഇവുസിച്ച്, ഇവോ ഗിര്‍ബിച്ച് എന്നിവര്‍. ബോര്‍ന ബാരിഷിച്ച്, ഡൊമാഗോയ് വീദാ, ദെയാന്‍ ലോവ്റെന്‍, യോസിപ് യുറാനോവിച്ച്, ജോഷ്‌കോ ഗവാര്‍ദിയോള്‍, ബോര്‍നാ സോസാ, യോസിപ് സ്റ്റാനിസിച്ച്, മാര്‍ട്ടിന്‍ എര്‍ലിച്ച്, യോസിപ് സുടാലോ എന്നിവരടങ്ങുന്ന പ്രതിരോധനിര.

റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ച്, ചെല്‍സിയുടെ മാറ്റിയോ കൊവാസിച്ച്, ഇന്‍ര്‍ മിലാന്റെ മാര്‍സെലോ ബ്രോസോവിച്ച്, മാരിയോ പഷാലിച്ച്, നികോള വ്ളാഷിച്ച്, ലോവ്റോ മയേര്‍, ക്രിസ്റ്റിയാന്‍ യാകിച്ച, ലൂകാ സുസിച്ച് എന്നിവരടങ്ങുന്ന ശക്തമായ മധ്യനിര. ഇവാന്‍ പെരിസിച്, ആന്ദ്രെ ക്രാമിക്, ബ്രൂണോ പെറ്റ്കോവിക്, ആന്റെ ബുഡിമിര്‍, മാര്‍കോ ലിവാജാ എന്നിവരുള്‍പ്പെടുന്ന മുന്നേറ്റനിര.

ഖത്തര്‍ ലോകകപ്പില്‍ കരുത്തരായ ബെല്‍ജിയം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് ക്രൊയേഷ്യ. കാനഡയും മൊറോക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 23ന് മൊറോക്കോയ്‌ക്കെതിരെയാണ് ക്രൊയേഷ്യയുടെ ആദ്യ മത്സരം. 27ന് കാനഡയെ നേരിടും. ഡിസംബര്‍ ഒന്നിനാണ് ബെല്‍ജിയവും ക്രൊയേഷ്യയുമായുള്ള സൂപ്പര്‍ പോരാട്ടം.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലും ക്രൊയേഷ്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ ടീമികളിലൊന്നിനെയാകും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ നോക്കൗട്ടില്‍ ക്രൊയേഷ്യ നേരിടേണ്ടി വരിക.

ക്രൊയേഷ്യയും അർജൻ്റീനയും തമ്മിലുള്ള മത്സരത്തിൽ നിന്നും

2018 ലോകകപ്പിന് നേഷന്‍സ് ലീഗില്‍ മികച്ച പ്രകടനം. ഫ്രാന്‍സിനെതിരെയും വിജയം. യൂറോ കപ്പിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ടീമിനായി. പക്ഷേ കഴിഞ്ഞ തവണത്തെ അത്ര പോലും ഫേവറേറ്റുകളായിട്ടല്ല ക്രൊയേഷ്യ ലോകകപ്പിന് എത്തുന്നത്. എങ്കിലും റഷ്യയിലെ സ്വപ്നക്കുതിപ്പ് ഖത്തറിലും ക്രൊയേഷ്യ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ ലോകകപ്പ് കിരീടത്തിലൂടെ നിറവേറ്റാന്‍ മോഡ്രിച്ചിനും സംഘത്തിനും ഇത്തവണ സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം.

ടീം ക്രൊയേഷ്യ

ഗോള്‍കീപ്പര്‍മാര്‍

ഡോമിനിക് ലിവാകോവിച്ച് ( ഡൈനാമോ സാഗ്രെബ് )

ഇവിക ഇവുസിച്ച് ( ഒസിചിക് )

ഇവോ ഗിര്‍ബിച്ച് (അത്ലറ്റികോ മാഡ്രിഡ്)

പ്രതിരോധനിര

ബോര്‍ന ബാരിഷിച്ച് ( റേഞ്ചേഴ്സ് )

ഡൊമാഗോയ് വീദാ ( എ.ഇ.കെ ഏഥന്‍സ്)

ദെയാന്‍ ലോവ്റെന്‍ ( സെനിറ്റ് )

യോസിപ് യുറാനോവിച്ച് ( സെല്‍റ്റിക് )

ജോഷ്‌കോ ഗവാര്‍ദിയോള്‍ ( ആര്‍.ബി ലെപ്സിഗ് )

ബോര്‍നാ സോസാ ( വി.എഫ്.ബി സ്റ്റുഗാര്‍ട്ട് )

യോസിപ് സ്റ്റാനിസിച്ച് ( ബയേണ്‍ മ്യൂണിക് )

മാര്‍ട്ടിന്‍ എര്‍ലിച്ച് ( സസുവോളോ )

യോസിപ് സുടാലോ ( ഡൈനാമോ സാഗ്രെബ് )

മധ്യനിര

ലൂക്ക മോഡ്രിച്ച് ( റയല്‍ മാഡ്രിഡ് )

മാറ്റിയോ കൊവാസിച്ച് ( ചെല്‍സി )

മാര്‍സെലോ ബ്രോസോവിച്ച് ( ഇന്റര്‍ മിലാന്‍ )

മാരിയോ പഷാലിച്ച്( അറ്റ്ലാന്റ )

നികോള വ്ളാഷിച്ച്( ടൊറിനോ )

ലോവ്റോ മയേര്‍ ( റെന്നെസ് )

ക്രിസ്റ്റിയാന്‍ യാകിച്ച് ( എയിന്‍ട്രാന്‍ച്ച് ഫ്രാങ്ക്ഫുര്‍ട്ട് )

ലൂകാ സുസിച്ച് ( ആര്‍.ബി സാല്‍സ്ബര്‍ഗ് )

മുന്നേറ്റനിര

ഇവാന്‍ പെരിസിച് ( ടോട്ടനം )

ആന്ദ്രെ ക്രാമിക് ( ഹോഫന്‍ഹൈം )

ബ്രൂണോ പെറ്റ്കോവിക് ( ഡൈനാമോ സാഗ്രെബ് )

ആന്റെ ബുഡിമിര്‍ ( ഒസാസുനാ )

മാര്‍കോ ലിവാജാ ( ഹാഡ്ജുക് സ്പളിറ്റ് )

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: world cup history and squad of croatia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented