പൊട്ടിക്കരഞ്ഞ ക്ലോവിസും രോഷത്താൽ അടിമുടി വിറച്ച ഓട്ടോ ചന്ദ്രനും; പന്തിനൊപ്പം പായുന്ന കാണികള്‍


എം.എസ്. രാഖേഷ് കൃഷ്ണന്‍



ഓട്ടോ ചന്ദ്രനും ക്ലോവിസ് ഫെർണാണ്ടസും | Photo: twitter, afp

റ്റനോട്ടത്തില്‍ ഒരു ദിനപത്രത്തിന്റെ ഒന്നാം പേജില്‍ തന്റെ ചരമവാര്‍ത്ത അച്ചടിക്കാനുള്ള മഹത്വമൊന്നും എന്‍.പി. ചന്ദ്രശേഖരന്‍ എന്ന മനുഷ്യനില്‍ കാണില്ല. കോഴിക്കോട്ടുകാരന്‍. ജീവിതത്തിന്റെ വലിയ ഭാഗം കെ.എല്‍.ഡി.5373 എന്ന ഓട്ടോ ഓടിച്ചു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി തോന്നാവുന്നത് കപ്പടാ മീശ മാത്രം. എന്നാല്‍, മലയാളത്തിലെ മുന്‍നിര ദിനപത്രങ്ങളുടെ കോഴിക്കോട് എഡിഷന്റെ ഒന്നാം പേജില്‍ നവംബര്‍ 17-ന് ചന്ദ്രശേഖരന്റെ ചരമവാര്‍ത്ത അച്ചടിച്ചുവന്നു. ചാനലുകളില്‍ സ്‌ക്രോള്‍ പാഞ്ഞു. കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധനയുടെ പ്രതീകമായ ഓട്ടോ ചന്ദ്രന്‍ ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഓര്‍മയായി.

തന്റെ ഇഷ്ടപ്പെട്ട കളി കാണാന്‍ സ്ഥിരമായി വന്നിരുന്നുവെന്നതിനപ്പുറം ഓട്ടോ ചന്ദ്രന്‍ ഒന്നും ചെയ്തിട്ടില്ല. സ്ഥിരമായി വന്ന ചന്ദ്രന് കൂട്ടുകാരുണ്ടായി. അയാളെപ്പോലെത്തന്നെയുള്ള പതിവുകാര്‍. അവര്‍ സംഘാടകര്‍ക്ക് പ്രിയപ്പെട്ടവരായി. പതുക്കെ കളിക്കാര്‍ക്കും. തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാണിയെ കാണാന്‍ താരങ്ങളെത്തി. അയാള്‍ അവരുടെയെല്ലാം കൂട്ടുകാരായി. ഐ.എസ്.എല്ലില്‍ ശീതളിമയുള്ള ബോക്‌സിലിരിക്കുന്ന കാണിക്കുപറയാം - ഗുഡ് ഓള്‍ഡ് ഡേയ്‌സ്!



ഗാലറിയിലെ താരമായിരുന്നു ഓട്ടോ ചന്ദ്രന്‍. തപ്പും താളവുമായാണ് ചന്ദ്രനും കൂട്ടുകാരുമെത്തുക. കളി ഉഷാറായാല്‍ മേളവും തകര്‍ക്കും. ആര്‍പ്പുവിളികളുയരും. കളി തണുത്താല്‍ ഗാലറിയും തണുക്കും. കുമ്മായവരയ്ക്കിപ്പുറത്തിരുന്ന് കാട്ടുന്ന ആവേശം ചിലപ്പോള്‍ മൈതാനത്ത് പ്രതിഫലിക്കണമെന്നില്ല. അപ്പോള്‍ ശാപവാക്കുകൾ ഉയരും. ചിലപ്പോള്‍ ചീത്തവിളികളുണ്ടാകും. കോഴിക്കോട്ടെ ഗാലറിയിലെ സ്ഥിരം കാഴ്ചകളാണിതെല്ലാ

കോഴിക്കോട്ടെ അത്തരമൊരു കളിദിവസം.. പന്തുമായി മുന്നേറുന്ന ആതിഥേയ ടീമിന്റെ കളിക്കാരനെ എതിര്‍കളിക്കാരന്‍ കാലുവെച്ചുവീഴ്ത്തി. ആവേശത്തോടെ നീക്കം ശ്രദ്ധിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് ഗാലറിയില്‍നിന്ന് അലറി. 'കൊല്ലെടാ അവനെ!' അതെ, അയാള്‍ അതുതന്നെ ആവര്‍ത്തിച്ചു. 'കള്ളനായിന്റെ മോനെ കൊല്ലെടാ..' അയാള്‍ വീണ്ടും ആര്‍ത്തു. സഹകാണികളില്‍നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ അയാളിരുന്നു. നോക്കിയപ്പോള്‍ അയാള്‍ അടിമുടി വിറക്കുകയാണ്. വികാരത്തള്ളിച്ച കൊണ്ട് അയാള്‍ കിതക്കുന്നുണ്ട്. തികഞ്ഞ കത്തിവേഷം. ഒന്നുറപ്പാണ്, കാലുവെച്ചവനെ കിട്ടിയാല്‍ അയാള്‍ തീര്‍ച്ചയായും കൊല്ലുമായിരുന്നു. ആ കാണിയുടെ നിയമപുസ്തകത്തില്‍ ആ ഫൗളിനുള്ളത് വധശിക്ഷ തന്നെയായിരുന്നു.

ഫുട്‌ബോളില്‍ കൊല്ലെടാ എന്ന വിളി പിന്നെ കേട്ടത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പരസ്യ വീഡിയോയിലാണ്. 2016-ലെ അവരുടെ പ്രൊമോ വീഡിയോയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം കണ്ടുകൊണ്ടിരുന്ന ഒരു പയ്യന്‍ ഇതുപോലെ തന്നെ അലറി - കൊല്ലെടാ അവനെ! അതേ ആവേശം, അതേ സ്വരഭേദം. അതെ, സ്വന്തം ടീം ഇവിടെ അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു. എതിരാളിയെ കൊല്ലാനുള്ള ദേഷ്യം ഉള്ളിലൊതുക്കി, ആശങ്കയുടെ പന്തം നെഞ്ചത്ത് കൊളുത്തിയാണ് ഓരോ കാണിയുടെയും ഇരിപ്പ്.

റോമിലെ ജനങ്ങളെപ്പോലെയാണ് ഗാലറിയിലെ കാണിയും. മെക്‌സിക്കന്‍ തരംഗമെങ്കില്‍ ആ തരംഗം, കലിപ്പെങ്കില്‍ കട്ടക്കലിപ്പ്. ഒപ്പമുള്ളവനൊപ്പം ഓരോരുത്തരും ചേരും. കളിനിയമങ്ങളോ യാദൃശ്ചിതകളോ അപകടങ്ങളോ ഒന്നും അവരുടെ കാഴ്ചയുടെ മട്ട് മാറ്റില്ല.

വീണ്ടും ഓട്ടോ ചന്ദ്രനിലേക്ക് തന്നെ പോകാം. മാതൃഭൂമി ദിനപത്രത്തിലെ സൈഡ് സ്‌റ്റോറിയില്‍ കെ.എം. ബൈജു എഴുതി, മൈനസ് പാസുകാരെ അവര്‍ കൂക്കിവിളിക്കുമായിരുന്നെന്ന്. ശരിയാണത്. സെവന്‍സ് കണ്ട ശീലത്തില്‍ നിന്നുടലെടുത്തതാണത്. മലബാറുകാര്‍ തിങ്ങിനിറയുന്ന കൊച്ചിയിലെ ഗാലറിയില്‍ ആദ്യ ഐ.എസ്.എല്‍. സീസണുകളില്‍ ഈ കൂക്കിവിളികള്‍ സ്ഥിരമായി കേള്‍ക്കാമായിരുന്നു. ഇപ്പോഴത് ഇല്ലെന്ന് തന്നെ പറയാം. സെവന്‍സില്‍ പുറപ്പെട്ടു പോകുന്ന പന്ത് എപ്പോഴും മുന്നോട്ടായിരിക്കും. പിന്നോട്ടടിക്കുന്ന പന്തുകളെ കാണികള്‍ എപ്പോഴും വെറുത്തു. കുമ്മായവരയുടെ തൊട്ടടുത്തിരുന്ന് അവര്‍ കൂക്കും. വേറെ പണിക്ക് പോടോ... എന്നാര്‍ക്കും. തന്ത്രത്തിന്റെ ഭാഗമായി സമയം പോക്കാന്‍ പോലും വെറുതെ പന്തു തട്ടിക്കളിക്കുന്നത് സെവന്‍സില്‍ വെറുക്കപ്പെട്ടതാണ്. ഓഫ് സൈഡ് തനി പിന്തിരിപ്പനാണ്. 'ഓഫുമില്ല, കീഫുമില്ല, മാലില്‍ വീണാല്‍ ഗോള്‍' (ഓഫ് സൈഡില്ല, വലയില്‍ വീണാല്‍ ഗോള്‍) എന്നാണ് ആ കാണികള്‍ പഠിച്ചുവെച്ചിട്ടുള്ളത്. ഇത് കളി വേറെയാണ്, തന്ത്രങ്ങളും. ആ കാണികളെ സാക്ഷരരാക്കാന്‍ സമയം കളയേണ്ടതുമില്ല. ഇതവരുടെ കളിയാണ്, അവരുടെ ഇഷ്ടവുമാണ്.

നമ്മുടെ 'തൊട്ടടുത്ത' ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പെന്നതിനാല്‍ മലയാളത്തിലുള്ള പല ഉറക്കെയുള്ള സംസാരങ്ങളും ഇനി ടെലിവിഷന്‍ സ്‌ക്രീനിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും കേള്‍ക്കാന്‍ സാധ്യതയുണ്ട്. സഞ്ജു സാംസണ്‍ ക്രിക്കറ്റ് മൈതാനത്തിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ നിന്നുപോലും മലയാളം വിളികള്‍ കേള്‍ക്കാമെങ്കില്‍ നമ്മുടെ സ്വന്തം ഗള്‍ഫില്‍ രസകരമായ എത്രയെത്രെ വീഡിയോകളാണ് ഇനി വരാനുണ്ടാകുക.

ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് കാണാന്‍ പോകുന്ന ലോകകപ്പാണിത്. മലയാളി കാണികളുടെ ഫുട്‌ബോള്‍ ആരാധനയെക്കുറിച്ച് വലിയ വിവരമില്ലാത്തതുകൊണ്ട് ഡെയ്‌ലി മെയില്‍ എന്ന ബ്രിട്ടീഷ് മാധ്യമത്തിന് ഒരു അക്കിടി പറ്റി. അക്കിടിയാണോ അതോ മനഃപൂര്‍വമാണോ വാര്‍ത്ത നല്‍കിയത് എന്നുള്ളത് മറ്റൊരു ചോദ്യം. ഖത്തറില്‍ വിവിധ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വേണ്ടി ഫാന്‍സ് പരേഡുകളും റാലികളുമൊക്കെ നടക്കുന്നുണ്ട്. ഡെയ്‌ലി മിററിന്റെ റിപ്പോര്‍ട്ടര്‍ അതിന്റെ വീഡിയോ നോക്കിയപ്പോള്‍ റാലികളിലൊക്കെയുള്ളത് അതത് രാജ്യക്കാരല്ല. എല്ലാം അന്യദേശക്കാര്‍. ഉടനെ ഡെയ്‌ലി മിറര്‍ ഖത്തറിനെതിരെ ഒരു ആരോപണവുമുന്നയിച്ചു. വ്യാജ ആരാധകരെയിറക്കി ഖത്തര്‍ ആവേശമുണ്ടാക്കുകയാണെന്ന്. ഇതിന് തെളിവായി ഓണ്‍ലൈന്‍ വാര്‍ത്തക്കൊപ്പം നല്‍കിയ വീഡിയോ കണ്ടാലറിയാം, അതില്‍ പലരും നമ്മുടെ മലയാളികളാണ്. ബ്രസീലിന്റെ കുപ്പായത്തില്‍ ഒരു വേങ്ങരക്കാരന്‍. അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഒരു മട്ടാഞ്ചേരിക്കാരന്‍, ഇംഗ്ലണ്ടിന് വേണ്ടി ചെണ്ടയടിക്കുന്നത് കൂത്തുപറമ്പുകാരന്‍. ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ടര്‍ കേരളത്തില്‍ വന്നിരുന്നെങ്കില്‍ കൂറ്റന്‍ കട്ടൗട്ടുകള്‍ കൊണ്ട് ഒഴുക്കു നിലച്ച എത്ര പുഴകള്‍ കാണുമായിരുന്നു!

മലയാളികള്‍ ചേരിതിരിഞ്ഞ് ഖത്തറിലെ ഗാലറികളിലിരുന്ന് അന്യദേശത്തിനുവേണ്ടി ആര്‍ത്തുവിളിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? സത്യത്തില്‍ കാണികള്‍ക്കെന്തെങ്കിലും ശക്തിയുണ്ടോ? മൈതാനത്തിറങ്ങുന്ന താരങ്ങളെ അവര്‍ 'ബൂസ്റ്റ്' ചെയ്യുന്നുണ്ടോ? കുഴയ്ക്കുന്ന ചോദ്യങ്ങള്‍! സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാന്‍ താരങ്ങളെല്ലാം ഇഷ്ടപ്പെടുന്നുണ്ടെന്നത് ശരിയാണ്. അതവര്‍ക്ക് വലിയ ഊര്‍ജം നല്‍കും. അവരുടെ ഓരോ നീക്കങ്ങള്‍ക്കും വലിയ കൈയടി കിട്ടും. എതിരാളികളെ അത് സമ്മര്‍ദത്തിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2014-ല്‍ ലോകകപ്പിനായി ബ്രസീലിലേക്ക് പറന്ന ടീമുകളെയെല്ലാം ആശങ്കയിലാഴ്ത്തിയത് ഗാലറിയിലെ കാണികളുടെ സാന്നിധ്യമായിരുന്നു.

ബ്രസീലില്‍ കളി ഒരു കാര്‍ണിവലാണ്. സാംബാ താളങ്ങളില്‍ ആടുന്ന ഉടലിന്റെ ഉത്സവം. മരിയോ ഫില്‍ഹോ എന്ന പത്രപ്രവര്‍ത്തകന്റെ ബുദ്ധിയിലുദിച്ച ആശയമാണ് ഇന്ന് കാണുന്ന മഞ്ഞക്കടലുകളുടെ ആവേശത്തിന് നിമിത്തമായത്. മൈതാനത്ത് തട്ടിക്കളിക്കുന്ന പന്തിനൊപ്പം ഗാലറിയിലെ ഓരോ ബ്രസീലുകാരന്റെയും ഹൃദയവും മിടിക്കും. കളിക്കുന്ന കാനറികള്‍ അതിഷ്ടപ്പെട്ടിരുന്നു. 2014-ല്‍ ഇടയ്ക്കിടെ ഡേവിഡ് ലൂയിസും തിയാഗോ സില്‍വയും ഗാലറിയെ ആവേശം കൊള്ളിക്കാന്‍ നോക്കിയത് വെറുതെയല്ല.

ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ ഗാലറിയിലെ മുഴക്കം ബ്രസീലിന്റെ എതിരാളികളെ അത്രമേല്‍ വിളറിപിടിപ്പിച്ചിരുന്നു. എന്നിട്ടുമെന്തുണ്ടായി? ബോലോ ഹൊറിസോണ്ടയില്‍ പന്ത്രണ്ടാമരിലൊരാള്‍ പോലും സെലക്കാവോകളുടെ രക്ഷക്കെത്തിയില്ല. സ്വന്തം കാണികളുടെ മുന്നില്‍ അവര്‍ ജര്‍മനിയോട് 7-1-ന് തോറ്റു. ആ ലോകകപ്പിന്റെ മൊത്തം അമ്പരപ്പ് ആ മത്സരമായിരുന്നു. കൗതുകകരമെന്നു പറയട്ടെ, 2014 ലോകകപ്പിന്റെ കൊളാഷ് ചിത്രങ്ങളില്‍ ഈ മത്സരത്തെ അടയാളപ്പെടുത്തിയത് തല കുനിച്ചിരിക്കുന്ന ബ്രസീല്‍ താരങ്ങളുടെയോ പരിശീലകന്റെയോ ചിത്രമല്ല, മറിച്ച് കരയുന്ന ഒരു കാണിയുടേതായിരുന്നു. ലോകകപ്പിന്റെ മാതൃകയുമായി സ്ഥിരമായി ഗാലറിയിലെത്തുന്ന ക്ലോവിസ് ഫെര്‍ണാണ്ടസ് എന്ന ആ കാണി ബ്രസീലിന്റെ തോല്‍വിയില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞു. ലോകമാധ്യമങ്ങള്‍ അതു പകര്‍ത്തി. ലോകകപ്പിന്റെ നൊമ്പരചിത്രമായി അത് വാര്‍ത്തകളിലിടം പിടിച്ചു. തൊട്ടടുത്ത വര്‍ഷം ആ കാണിയുടെ മരണം ബ്രസീലിലെ പത്രങ്ങളിലെ ഒന്നാം പേജില്‍ ഇടംപിടിച്ചു. ബ്രസീലിലെ ഒരു പാവം ഓട്ടോ ചന്ദ്രന്‍!

Content Highlights: world cup football fans qatar world cup 2022 auto chandran clovis acosta fernandes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented