Photo: Getty Images
ബ്യൂണസ് ഐറിസ്: ഖത്തറിലെ ദോഹയില്‍നിന്ന് പുറപ്പെട്ട് അര്‍ജന്റീനാ തലസ്ഥാനത്ത് നിലംതൊട്ട വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു- 'ഒരുസംഘം, ഒരുരാജ്യം, ഒരുസ്വപ്നം'. ആദ്യം ഇറങ്ങിവന്നത് സ്വപ്നസംഘത്തിന്റെ നായകന് ലയണല്‍ മെസ്സി. ആ കൈകളില്‍ ലോകകിരീടമുണ്ടായിരുന്നു. മെസ്സിക്കുപിന്നിലായി കോച്ച് ലയണല്‍ സ്കലോണി. പിന്നാലെ ടീമംഗങ്ങളും കുടുംബങ്ങളും ഇറങ്ങി. വിശ്വകിരീടം അങ്ങനെ മൂന്നാംവട്ടം അര്‍ജന്റീനയുടെ മണ്ണിലെത്തി. മെസ്സിയുടെ മുത്തംപതിഞ്ഞ കപ്പ് രാജ്യം ഏറ്റുവാങ്ങി.
വടക്ക് ജുജൂയിമുതല് ചുബുത്തുവരെയും 2800 കിലോമീറ്ററോളം തെക്ക് മെന്ഡോസമുതല് ആന്‍ഡസ് പര്‍വതത്തിന്റെ താഴ്വാരങ്ങള്വരെയും പടിഞ്ഞാറ് മാര്‍ഡെല്‍ പ്ലാറ്റ മുതല്‍ അറ്റ്ലാന്റിക് തീരം വരെയും അര്‍ജന്റീനാ ജനത ആടിത്തിമര്‍ത്തു.
ദോഹയില്‍നിന്ന് 13,300 കിലോമീറ്ററോളംതാണ്ടി 19 മണിക്കൂറോളം യാത്രചെയ്ത് പുലര്‍ച്ചെ 2.40ന് എത്തിയ ടീമിന് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന്റെ പരിശീലനകേന്ദ്രത്തില്‍ വിശ്രമം. അവിടേക്കുള്ള തുറന്ന കാരവനില്‍ സഞ്ചരിച്ച ടീമിനെ കാണാന്‍ ലക്ഷങ്ങള്‍ കാത്തുനിന്നി. പിന്നീട് വിഖ്യാതമായ ഒബേലിസ്ക് സ്മാരകത്തിലേക്ക്. അര്‍ജന്റീനാ ടീമിന്റെ വിജയാഘോഷങ്ങളെല്ലാം നടക്കുന്നത് അവിടെയാണ്. ബ്യൂണസ് ഐറിസിന്റെ ഹൃദയഭാഗത്ത് 71.5 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന സ്തൂപത്തിനുചുറ്റും നീലസാഗരം. കപ്പുമായി മെസ്സിപ്പട ജനഹൃദയങ്ങള്‍ കീഴടക്കി സഞ്ചരിച്ചു. 1978-ല്‍ ഡാനിയേല്‍ പാസറെല്ല, 1986-ല്‍ ഡീഗോ മാറഡോണ, 2022-ല്‍ ലയണല്‍ മെസ്സി. പാസറെല്ലയും മാറഡോണയും വിശ്വവിജയം ആഘോഷിച്ച വഴികളിലൂടെ മെസ്സിയുടെയും സഞ്ചാരം.
ദോഹ അല്ലുസെയ്ല് സ്റ്റേഡിയത്തില്‍നടന്ന ത്രില്ലിങ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും 3-3-ന് തുല്യതയിലായ മത്സരം ഷൂട്ടൗട്ടില്‍ 4-2-ന് അര്‍ജന്റീന നേടി. ഫൈനലില്‍ രണ്ടുഗോള്‍ നേടിയ മെസ്സി തന്റെ അവസാന ലോകകപ്പ് മത്സരവും കളിച്ച് സൂര്യതേജസ്സോടെയാണ് മടങ്ങിയെത്തിയത്. അര്‍ജന്റീനയുടെ മെസ്സിപ്രേമം ആഘോഷങ്ങളെ വികാരനിര്‍ഭരമാക്കി. മാറഡോണയുടെ നിഴലില്‍നിന്ന് പുറത്തുവന്ന മെസ്സി രാജ്യത്തിന്റെ സ്നേഹാദരങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു.
അര്‍ജന്റീന എന്ന രാജ്യം ഭാഗ്യംചെയ്തതാണ്. ഫുട്ബോളും മാറഡോണയും മെസ്സിയുമൊന്നുമില്ലായിരുന്നെങ്കില് ലോകഭൂപടത്തില്‍ ഒരു സാധാരണരാജ്യമായി അവര്‍ ഒതുങ്ങിപ്പോകുമായിരുന്നു. ലോകത്തിന്റെ ഏതുവിദൂരഗ്രാമങ്ങളിലും ഈ പേരുകളൊക്കെ അത്രയും സുപരിചിതമാണ്. അര്‍ജന്റീനപോലെ ആരാധിക്കപ്പെട്ട മറ്റൊരു രാജ്യമുണ്ടാകുമോ? അര്‍ജന്റീനയിലെ 39.8 ശതമാനംപേര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നാണ് കണക്ക്. അവരുടെ മതം ഫുട്ബോളും ദൈവങ്ങള്‍ ഡീഗോയും ലിയോയുമാണ്.
Content Highlights: World Cup champion Argentina returns home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..