ഷൂട്ടൗട്ടിൽ തോറ്റ സ്പാനിഷ് ടീമിന്റെ നിരാശ| ഫോട്ടോ: എ.എഫ്.പി
ചന്തമുള്ള കളി. അയത്നലളിതമായ പാസിങ് ഗെയിം. പത്തുപേരുടെ കാലിലായി പന്ത് വട്ടം ചുറ്റുന്നു. കളിയുടെ താളം ഒഴുക്ക്. അപൂര്‍വ്വമായി മാത്രം എതിരാളിയുടെ കാലിലെത്തുകയും വൈകാതെ അത് തിരിച്ചെത്തി വീണ്ടും കുറിയ പാസുകളിലൂടെ പ്ലേമേക്കര്‍മാര്‍ നിയന്ത്രിക്കുന്ന പാതയില്‍ സഞ്ചരിക്കുന്നു. നിരുപദ്രവകരമായി നീങ്ങുന്ന പ്രയാണം. ബലപ്രയോഗവും ഫൗളിങ്ങും മറന്നുള്ള സ്പാനിഷ് ഫുട്ബോള്‍ വിരുന്ന് ആരാധകരെ സൃഷ്ടിച്ചതില്‍ അദ്ഭുതമില്ല.
ലൂയി അരഗോണ്‍സിന്റെ കാലത്ത് പിറവിയെടുത്ത് ഡെല്‍ബോസ്ക് പരിഷ്കരിച്ച് ലോകം കീഴടക്കിയ എന്ജിന്. സ്പാനിഷ് പടയോട്ടത്തിന് വഴിമരുന്നായ ആ ടിക്കി ടാക്ക. സുവര്‍ണകാലത്ത് സ്പാനിഷ് ടീമിന്റെ പതിപ്പായിരുന്ന ബാഴ്സലോണയില്‍ ടിക്കി ടാക്ക കിരീട നേട്ടങ്ങളുടെ വസന്തങ്ങള്‍ തന്നെ സൃഷ്ടിച്ചു. 2008 ല്‍ യൂറോ കപ്പടിച്ചതോടെ ബാഴ്സയ്ക്ക് പുറത്ത് സ്പെയിന്റെ മേല്‍വിലാസമായി ടിക്കി ടാക്ക. ആ യൂറോയിലാണ് ടിക്കി ടാക്കയിലൂടെ ആദ്യ ഗോള്‍വരുന്നത്. ഡെല്‍ബോസ്കിന് കീഴില്‍ കാളക്കൂറ്റന്മാര് ലോക ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു.
പുയോളും റാമോസും ഏത് ആക്രമണത്തേയും ചെറുത്തു. ഇനിയസ്റ്റയും സാവിയും മധ്യനിരയില്‍ കളിമെനഞ്ഞു. മുന്നേറ്റത്തില്‍ ടോറസും ഫാബ്രിഗസും. കാവല്‍ക്കാരനായി കസിയസ്. അതൊരു സുവര്‍ണകാലമായിരുന്നു. ടിക്കി ടാക്ക കൂടിയായതോടെ അവരെ വെല്ലാന്‍ എതിരാളികളില്ലാതായി. അവരുടെ സുവര്‍ണതലമുറ 2008 ല്‍ യൂറോ കപ്പ് അടിച്ചത് ഒരു യാദൃച്ഛികതയല്ലെന്ന് 2010 ല്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റു തുടങ്ങിയ സ്പെയിന് പോര്‍ച്ചുഗലിനേയും പരാഗ്വയേയും ജര്‍മ്മനിയേയും ഏറ്റവും ഒടുവില്‍ ഡച്ച് പടയേയും വീഴ്ത്തി ലോകകിരീടമണിഞ്ഞു. അതോടെ ടിക്കി ടാക്കയേയും ലോകം വാഴ്ത്തി. അതിന്റെ നിഴലാട്ടങ്ങള്‍ പല ടീമുകളിലേക്കും ചേക്കേറി. അതിനെ ചെറുക്കാന്‍ എതിരാളികള്‍ ആയുധം കിട്ടാതെ ബുദ്ധിമുട്ടി. 2012 ല്‍ സ്പെയിന് യൂറോ കപ്പ് നിലനിര്‍ത്തിയതും ടിക്കി ടാക്കയിലൂടെയായിരുന്നു. എന്നാല്‍ ഏത് കേളീ ശൈലിയും അധികകാലം വേവില്ല. ഏത് തന്ത്രത്തിനും മറുതന്ത്രം സൃഷ്ടിക്കപ്പെടും. അത് കളിനിയമമാണ്. അല്ലെങ്കില്‍ ആ ശൈലി പൊളിച്ചെഴുതണം. അതുണ്ടായില്ല.
.jpg?$p=83305da&&q=0.8)
അനായാസം പാസിങ് ഗെയിമിന് സ്പാനിഷ് നിരയെ അനുവദിക്കാതെ എതിരാളികള്‍ ക്രമേണ അതിന് വിലങ്ങിട്ടു. പന്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ സ്പാനിഷ് താളം പിഴക്കും. 2010 ല്‍ തങ്ങളുടെ കിരീട സ്വപ്നം തകര്‍ത്ത ടിക്കി ടാക്കയ്ക്ക് 2014 ലില്‍ ഡച്ച് പട തന്നെ മറുമരുന്ന് വിധിച്ചു. നാല് വര്‍ഷം കാത്തുവച്ച കണക്ക് ഡച്ച് പട വീട്ടാനിറങ്ങിയത് സ്പെയിന് എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമാണ് സമ്മാനിച്ചത്. കളി വാഴാന്‍ അനുവദിക്കാതെ ടിക്കി ടാക്കയെ നിലംതൊടീക്കാതെ പേശിബലത്തിന്റെ പിന്തുണയിലും പന്തിന്റെ നിയന്ത്രണവും അനുവദിക്കാതെ ഡച്ച് നിര പൊളിച്ചടുക്കി. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് സ്പെയിന് നാണംകെട്ടത്.
ചിലിയും തോല്പിച്ചതോടെ ആദ്യ റൗണ്ടില്‍ തന്നെ കാളപ്പോരുകാര്‍ പുറത്തായി. 2018 ല്‍ പ്രീക്വാര്ട്ടറിലെത്താനായി. അവിടെ കണ്ടതും ഈ ലോകകപ്പില്‍ മൊറോക്കോയ്ക്കെതിരെ സംഭവിച്ചത് തന്നെയായിരുന്നു. പ്രതിരോധ കോട്ടകെട്ടി ബോക്സിന് വെളിയില്‍ സ്പാനിഷ് നിരയെ തടഞ്ഞുനിര്‍ത്തി മൊറോക്കോ സ്പാനിഷ് യുദ്ധം ജയിച്ചു. കഴിഞ്ഞ തവണ റഷ്യക്കെതിരെയും ഷൂട്ടൗട്ട് ദുരന്തമായിരുന്നു. 1978 ന് ശേഷം എല്ലാ ലോകകപ്പും കളിച്ച അപൂര്‍വ്വം ടീമുകളില്‍ ഒന്നായിട്ടും കടലാസിലെ കരുത്തിനപ്പുറം സ്പെയിന് അദ്ഭുതങ്ങള്‍ കാട്ടാനായില്ല. ദുര്‍ബലരായ പലരോടും തോറ്റ് ആദ്യ റൗണ്ടിലും പ്രീക്വാര്‍ട്ടറിലും പലപ്പോഴും വീണു. അപവാദം 2010 മാത്രം.
എന്തൊരു വരവായിരുന്നു കോസ്റ്റാറിക്കയെ ഏഴ് ഗോളിന് മുക്കി ആഘോഷമാക്കി. പിന്നെ ജര്‍മ്മനിക്ക് മുന്നിലായതുകൊണ്ട് സമനിലയെ ആരും വിലകുറച്ച് കണ്ടില്ല. എന്നാല്‍ ജപ്പാന് ഒരു സൂചനയായിരുന്നു. അവിടെയും തിരുത്തിയില്ല. അതാണ് മൊറോക്കോയും തെളിയിച്ചത്. ഈ ലോകകപ്പ് അട്ടിമറികളുടെ ലോകകപ്പ് ആകുമ്പോഴും അതിന്റെ ചലനങ്ങള്‍ പലതും പ്രീക്വാര്‍ട്ടറില്‍ കാലിടറി. ജപ്പാനും ദക്ഷിണ കൊറിയയും വീണു. അട്ടിമറിയുടെ മേല്‍വിലാസം തുടരുന്നത് മൊറോക്കോ മാത്രം. ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ നോക്കൗട്ടിലെത്തിയ അഞ്ച് ടീമുകളില്‍ ഒന്നും മൊറോക്കോ തന്നെ. സിയെച്ചും ഹക്കീമിയും അവരെ ചരിത്രനേട്ടത്തിലേക്ക് നയിച്ചു. 1986 ല്‍ പ്രീക്വാര്ട്ടറിലെത്തിയതായിരുന്നു ഇതുവരെ അവരുടെ ഏറ്റവും വലിയ നേട്ടം. കാമറൂണും സെനഗലും വീണുപോയിടത്ത് പുതിയ ആഫ്രിക്കന്‍ ഉദയം കാണുന്നു.
ഖത്തറിലെത്തി ഇതുവരെ ആ പോസ്റ്റില്‍ ഒരൊറ്റ ഗോള്‍ മാത്രമാണ് വീണത്. ബെല്ജിയെത്തെ അട്ടിമറിച്ചും ക്രൊയേഷ്യയെ സമനിലയില്‍ തളച്ചുമാണ് നോക്കൗട്ടിലെത്തിയത്. ഉറച്ച പ്രതിരോധം. മിന്നല്‍ വേഗത്തില്‍ പ്രത്യാക്രമണം. ലക്ഷ്യം കാണാനുള്ള പോരാട്ട വീര്യം. ഇതുമൂന്നുമാണ് മൊറോക്കോയെ ക്വാര്‍ട്ടറിലെത്തിച്ചത്. ജപ്പാനും ദക്ഷിണകൊറിയയും കൗണ്ടറിന് പേരുകേട്ടവരെങ്കിലും അവര്‍ക്ക് ഉയരവും പേശിബലവും വെല്ലുവിളിയായി. എന്നാല്‍ മൊറോക്കോയ്ക്ക് അതും പ്ലസ് പോയിന്റാണ്. പെനാല്‍റ്റി ബോക്സില്‍ പോലും പ്രവേശനമില്ല പിന്നല്ലെ ഗോള്‍ നേടാന്‍ അതായിരുന്നു സ്ഥിതി. വരച്ചവരയില്‍ നിര്‍ത്തുക എന്ന് പറഞ്ഞാല്‍ അതാണ് കണ്ടത്. മൊറോക്കോ പ്രതിരോധം നോ എന്‍ട്രി ബോര്‍ഡ് വച്ചിടത്ത് സ്റ്റോപ്പായി. ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ് ആ ബോക്സില്‍ എത്താനായത് തന്നെ. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഉതിര്‍ക്കാന്‍ പോലും കഴിഞ്ഞത് ഒരു ഫ്രീക്കിക്ക് കിട്ടിയതുകൊണ്ടാണ്. പ്രതിരോധപൂട്ടിന് പേരുകേട്ട സ്വിസ് പടയുടെ ആ കോട്ടപൊളിച്ച് ആറ് ഗോളുകള്‍ നിറയൊഴിച്ചെത്തുന്ന പോര്‍ച്ചുഗലാണ് ക്വാര്‍ട്ടറില്‍ അവരുടെ എതിരാളി.
ടിക്കി ടാക്കയില്‍ ആശ്രയിച്ച് സ്പാനിഷ് ഫുട്ബോളിന് മുന്നോട്ട് പോകാനാകുമോ എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നു. പന്തിന്റെ നിയന്ത്രണമുണ്ടായിട്ടോ പാസിലെ മികവുകൊണ്ടോ കളി ജയിക്കാനാകില്ലല്ലോ. സെറ്റ് പീസ് ഗോളുകള്‍ക്ക് പോലും ക്ഷാമം കണ്ട ലോകകപ്പില്‍ പുതിയ ശൈലി തേടാന്‍ സ്പാനിഷ് നിര നിര്‍ബന്ധിതമാകും. ആകെ അവര്‍ക്ക് ആശ്വസിക്കാനാകുന്നത്. യുവനിരയുടെ സംഘം കൈമുതലാണ് എന്നതാണ്. ഗാവിയും പെഡ്രിയും ഒക്കെ നാളെയുടെ മുതല്‍ക്കൂട്ടാണ്. പ്രതിഭാധനരും. ബുസ്കെറ്റ്സും ജോര്‍ഡി ആല്‍ബയും അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞു. ടിക്കി ടാക്കയില്‍ നിന്ന് മോചനം നേടിയെത്തുന്ന സ്പെയിനാകുമോ ഇനി വരുക. അതോ അതിന്റെ പരിഷ്കരിച്ച പതിപ്പാകുമോ. തോല്‍വികള്‍ പഠിക്കാനും പുതുക്കാനും ഉള്ളതാണല്ലോ. ടിക്കി ടാക്കയുടെ ആവിര്‍ഭാവ കാലത്ത് ബാഴ്സയെ രാജാക്കന്മാരാക്കിയ പെപ് ഗാര്‍ഡിയോള പറഞ്ഞ കാര്യമുണ്ട്. ലക്ഷ്യത്തോടെയാകണം പാസ്. അത് എതിര് ഗോളവലയില് എത്തിക്കാന്‍ ലക്ഷ്യമിട്ടാകണം. അതാണ് സ്പെയിന് മുന്നില്‍ ഇപ്പോഴുമുള്ളത്. പാസില്‍ സമ്പന്നമായിട്ട് കാര്യമുണ്ടോ അതിലൂടെ ഗോളില്ലെങ്കില് പിന്നെന്ത് കാര്യം.
Content Highlights: fifa worldcup, spain team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..