Photo: Ryan Pierse/Getty Images
ഇന്ത്യ എന്നാണ് ഒരു ലോകകപ്പ് കളിക്കുക...ഓരോ ലോകകപ്പ് വരുമ്പോഴും സ്ഥിരമായി ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണിത്. മെസ്സിയേയും നെയ്മറേയും റൊണാള്‍ഡോയേയും ആരാധിക്കുന്ന, ബ്രസീലിനും അര്‍ജന്റീനയ്ക്കും യൂറോപ്യന്‍ ടീമുകള്‍ക്കും വേണ്ടി ആര്‍പ്പ് വിളിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ഏറെക്കാലമായി കാണുന്ന സ്വപ്നമാണ് രാജ്യത്തിന്റെ ലോകകപ്പ് പ്രവേശനം. ഓരോ ലോകകപ്പ് വരുമ്പോഴും ഇന്ത്യന്‍ കളിക്കാരുടെ കട്ടൗട്ട് ഉയര്‍ത്തുന്നതും ഗ്യാലറിയിലിരുന്ന് രാജ്യത്തിനായി ആര്‍പ്പ് വിളിക്കുന്നതും അവര്‍ സ്വപ്നം കാണും. പക്ഷേ, ലോകകപ്പ് കഴിന്നതോടെ എല്ലാവരും എല്ലാം മറക്കും. വീണ്ടും അടുത്ത ലോകകപ്പ് എത്തണം ഈ സ്വപ്നങ്ങള്‍ പൊടിതട്ടിയുണരാന്.
2002-ല്‍ ഇന്ത്യ ലോകകപ്പ് യോഗ്യത നേടാനാകാതെ വന്നപ്പോള്‍, അന്നത്തെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അധ്യക്ഷന്‍ പ്രിരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞത് നമുക്ക് 2018-ല്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സാധ്യതയുണ്ടെന്നാണ്. അടുത്ത ലോകകപ്പ് വന്നെങ്കിലും ഇന്ത്യക്ക് യോഗ്യത നേടാനായില്ല. എന്നാല്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയോട് ഇക്കാര്യത്തില്‍ പങ്കുവെച്ച ശുഭാപ്തി വിശ്വാസം രാജ്യത്തിന് പ്രതീക്ഷ പകരുന്നതാണ്. 2026-ലോകകപ്പില്‍ ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് ചൗബേ പറഞ്ഞത്.
2017-ല്‍ തന്നെ ആരംഭിച്ചതാണ് 2026 ലേകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി വേദിയൊരുക്കുന്ന ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഫോര്‍മാറ്റ് സംബന്ധിച്ച് പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളും അതില്‍ നിന്ന് രണ്ട് ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നതുമാണ് നിലവില്‍ പരിഗണിക്കുന്ന ഫോര്‍മാറ്റ്.
എന്നാല്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഫോര്‍മാറ്റ് അനുസരിച്ച് ഒരു ടീമിലെ മൂന്ന് ടീമുകളും പരസ്പരം ഏറ്റമുട്ടുകയും പോയിന്റ് നിലയില്‍ മുന്നിലത്തുന്ന രണ്ട് ടീമുകള്‍ അടുത്ത് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും. എന്നാല്‍ ഈ ഫോര്‍മാറ്റ് ഏര്‍പ്പെടുത്തുമ്പോള്‍ അവസാന ഗ്രൂപ്പ് മത്സരം കളിക്കുന്ന രണ്ട് ടീമുകള്‍ക്ക് മൂന്നാമത്തെ ടീമിനെ പുറത്താക്കാനായി ഒത്തുകളിക്കാന്‍ സാധിക്കും.
ഇത് ഒഴിവാക്കാനായി മറ്റ് രണ്ട് ഫോര്‍മാറ്റുകളും ഫിഫയുടെ പരിഗണനയിലുണ്ട്. നാല് ടീമുകളുടെ 12 ഗ്രൂപ്പ് എന്നതാണ് ഒരു നിര്‍ദേശം. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്. ഒപ്പം മറ്റ് ഫോര്‍മാറ്റുകളും പരിഗണിക്കുന്നുണ്ട്.
48 ടീമുകളെ ഉള്‍പ്പെടുത്തി ലോകകപ്പ് വിപുലീകരിക്കുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നാലില്‍ നിന്ന് എട്ടായി ഉയരും. ആഫ്രിക്ക, കോണ്‍കാഫ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ടീമുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുക. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്. 70,000 പേര്‍ക്കിരിക്കാവുന്ന കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയമാവും അമേരിക്കന്വേദികളില് ശ്രദ്ധേയം. എന്നാല്‍ ഫൈനല്‍വേദി പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: What is the new FIFA World Cup format, can it help India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..