Photo: Getty Images
നഷ്ടപ്പെട്ട പെനാല്‍റ്റിയുടെ പേരില്‍ സാലി അല്‍ ഷെഹരിയും മറ്റ് സൗദി കളിക്കാരും ഇന്ന് ഉറങ്ങില്ല. കൂടെ ലക്ഷ്യമില്ലാത്ത രണ്ട് മൂന്ന് ഷോട്ടുകളിലൂടെ നഷ്ടപ്പെട്ട ഗോളുകളുമായപ്പോള് സൗദിയുടെ പതനം പൂര്‍ത്തിയായി. രണ്ട് പകുതികളിലായി പിയോറ്റര്‍ സിയെലെന്സ്കിയുടെയും ലെവന്‍ഡോവ്സ്കിയുടെയും ഗോളുകളിലൂടെ പോളണ്ട് 2 - 0 ന് സൗദിയെ തോല്‍പ്പിച്ചു.
സൗദി കളി തുടങ്ങിയത് അര്‍ജന്റീന വിജയത്തില്‍നിന്ന് കിട്ടിയ ഉത്തേജനത്തോടെയായിരുന്നു. മികച്ച പാസുകളും വേഗതയും ചേര്‍ന്ന് യൂറോപ്യന്‍ ശൈലിയില്‍ പല യൂറോപ്യന്‍ ടീമുകളേക്കാള്‍ നന്നായി അവര്‍ തുടങ്ങി. പതിമൂന്നാം മിനുട്ടില്‍ സൗദി അറേബ്യയുടെ മുഹമ്മദ് കാനോ പെനാല്‍റ്റി ബോക്സിന്റെ പുറത്തു നിന്ന് അടിച്ച ഒരു ബുള്ളറ്റ് ഷോട്ട് പോളിഷ് ഗോളി സെസ്നി ചാടി കൈ കൊണ്ട് തട്ടി വലയ്ക്ക് മുകളിലേക്കിട്ടു. തുടക്കത്തിലെ പോളണ്ടിന്റെ ആക്രമണത്തില്‍ സെന്റര്‍ ഫോര്‍വേഡ് ലെവന്‍ഡോവ്സ്കി മങ്ങിയപ്പോള്‍ സിയെലെന്‍സ്കി കുറേക്കൂടി അധ്വാനിക്കുന്നത് കണ്ടു. വേഗതയിലും പന്തടക്കത്തിലും സൗദിയാണ് മികച്ചു നിന്നത് എന്നതിനാല്‍ പോളണ്ടിലെ കളിക്കാര്‍ പലപ്പോളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ആദ്യത്തെ ഇരുപതു മിനുട്ടുകളില്‍ പോളണ്ടിന് മൂന്ന് മഞ്ഞ കാര്‍ഡാണ് കിട്ടിയത്. പോളണ്ടിന്റെ കാഷ് പിന്‍നിരയിലും മുന്‍നിരയിലും തിളങ്ങിയെന്നതും പറയാതെ വയ്യ. ആ സമയത്ത് കളി മിക്കവാറും നടന്നത് പോളണ്ടിന്റെ ഇടതു വിങ്ങിലും മധ്യഭാഗത്തുമായിരുന്നു. പോളണ്ടിന്റെ വലതു ഭാഗം മിക്കവാറും ഒഴിഞ്ഞു കിടന്നു.
ക്രമേണ പോളണ്ട് കളിയുടെ താളം കണ്ടെത്തി. മുപ്പത്തിയഞ്ചാം മിനുട്ടില്‍ ലെവന്‍ഡോവ്സ്കി തന്നെ വളഞ്ഞിരുന്ന വലതു വിങ്ങിലൂടെ പെനാല്‍റ്റി ബോക്സിലേക്കും വലയുടെ വലതുഭാഗത്തേക്കും മുന്നേറി വന്നെങ്കിലും ആ നീക്കം സൗദിയുടെ പ്രതിരോധത്തില്‍ തകര്‍ന്നു വീണു. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ പോളണ്ട് ഗോളടിച്ചു. ലെവന്റോവ്സ്കി തുടക്കമിട്ട ആക്രമണം സൗദി ഗോളി തടുത്ത് മുന്നോടിട്ടത് സിയെലെന്‍സ്കി ശക്തമായി അടിയിലൂടെ വലയുടെ മേല്‍ ഭാഗം കുലുക്കി. പോളണ്ട് ഒരു ഗോളിന് മുന്നില്‍. ആ ഗോള്‍ അടിച്ചപ്പോള്‍ പോളണ്ടിന്റെ ആക്രമണത്തിന് വേഗതയേറി. പക്ഷേ, അപ്പോളായിരുന്നു നാടകീയമായ രംഗങ്ങള്‍.
44-ാം മിനിറ്റ്, സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുന്നു. അല്‍ ഷെഹ്രിയെ ബിയാലെക് വീഴ്ത്തിയതായിരുന്നു തുടക്കം. വാസ്തവത്തിന് അതൊരു വലിയ ഫൗള്‍ ആയി തോന്നിയില്ല. പക്ഷേ വിഡിയോ കണ്ട റഫറി പെനാല്‍റ്റി വിധിച്ചു. സൂപ്പര്‍താരം സാലി അല്‍ ഷെഹ്രിയാണ് കിക്കെടുത്തത്. എന്നാല്‍ താരത്തിന്റെ പെനാല്‍ട്ടി കിക്ക് ഗോള്‍കീപ്പര്‍ സെസ്നി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. പന്ത് റീബൗണ്ട് ചെയ്ത് വന്നത് സൗദിയുടെ അല്ബുറക്കിന്റെ കാലിലേക്ക്. അല്ബുറക്കിന്റെ ഗോളുറപ്പിച്ച ഷോട്ടും പോളിഷ് ഗോളി തട്ടിത്തെറിപ്പിച്ചു.
രണ്ടാം പകുതി പ്രതീക്ഷിച്ചതു പോലെത്തന്നെ സൗദിയുടെ ആക്രമണത്തിലും പോളണ്ടിന്റെ പ്രതിരോധത്തിലും തുടങ്ങി. പോളണ്ടിന്റെ പ്രതിരോധത്തിലെ ഷോട്ട് പാസുകളില്‍ ചെറിയ പിഴവുകള്‍ വന്നെങ്കിലും സൗദി കളിക്കാരുടെ അലക്ഷ്യമായ ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയി. 59, 60, 79 മിനിട്ടുകളില്‍ ആയിരുന്നു സൗദിക്ക് ഗോളടിക്കാന്‍ സാധ്യതകള്‍ നഷ്ടപ്പെട്ടപ്പെട്ടത്. മറുപക്ഷത്ത് പോളണ്ടിനും കിട്ടി മികച്ച അവസരങ്ങള്‍. പക്ഷേ, രണ്ട് വട്ടവും പന്ത് ഗോള്‍ പോസ്റ്റില്‍ തട്ടി തിരിച്ചു വന്നു. പോളണ്ടിന്റെ മിക്ക ആക്രമണങ്ങളും രണ്ടോ മൂന്നോ കളിക്കാരെ മാത്രം വെച്ചായിരുന്നു. അവര്‍ ആക്രമിക്കുമ്പോളും മറ്റ് പോളിഷ് കളിക്കാര്‍ സൗദിയുടെ പ്രത്യാക്രമണം പ്രതീക്ഷിച്ച് മിഡ്ഫീല്‍ഡിലും പിന് നിരയിലും കോട്ട കാത്തുനിന്നു. എണ്‍പത്തി രണ്ടാം മിനിറ്റില്‍ സൗദി പ്രതിരോധത്തില്‍ നിന്ന അബ്ദുലേലാ അല്മാല്കിക്ക് പറ്റിയ ഒരു കാലബദ്ധം. പന്ത് അല്മാല്കിയില്നിന്ന് പിടിച്ചെടുത്ത ലെവന്‍ഡോവ്സ്കി സൗദിഗോളി മുഹമ്മദ് അലോവൈസിനെയും മറികടന്ന് പോളണ്ടിന്റെ രണ്ടാം ഗോളടിച്ചു. ആ ഗോള്‍കൂടി വീണതോടെ സൗദിയുടെ പോരാട്ട വീര്യം അവസാനിച്ചു. അവസാന നിമിഷങ്ങളില്‍ ലെവന്‍ഡോവ്സ്കിക്ക് ഒരു ഗോള്‍ കൂടി അടിക്കാമായിരുന്നെങ്കിലും സൗദി രക്ഷപ്പെട്ടു.
Content Highlights: wasted penalty and saudi arabia s tears
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..