ഒടുവില്‍ ഗരെത് ബെയിൽ ആദ്യ ലോകകപ്പിന്: ഒരു രാജ്യത്തിന്റെ 64 വര്‍ഷത്തെ കാത്തിരിപ്പിനും വിരാമം


അജ്മൽ എൻ.എസ്

ഒടുവില്‍ കാലം ബെയിലിന് ഒരു അവസരം കൊടുത്തിരിക്കുകയാണ്, ലോക വേദിയില്‍ തന്റെ കളിമികവ് കാഴ്ചവെക്കാന്‍, വെയില്‍സ് എന്ന രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍

വെയിൽസ് ടീം | PHOTO : GETTY IMAGES

ലോക ഫുട്‌ബോളില്‍ ബി.ബി.സി എന്നറിയപ്പെട്ടിരുന്ന ഒരു സൂപ്പര്‍ ത്രയമുണ്ടായിരുന്നു. എതിരാളികള്‍ എത്ര വലിയ കൊമ്പന്മാരാണെങ്കിലും യാതൊരു കൂസലുമില്ലാതെ അവര്‍ ഗോളുകള്‍ അടിച്ചുകൂട്ടി. ഒരു സമയത്ത് ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും അടക്കിവാണിരുന്ന ത്രയം, മറ്റുടീമുകള്‍ ഭയപ്പെട്ടിരുന്ന റയല്‍മാഡ്രിഡിന്റെ ബെന്‍സീമ-ബെയ്ല്‍-ക്രിസ്റ്റ്യാനോ എന്ന കരുത്തുറ്റ കൂട്ടുകെട്ട്. ബി.ബി.സി ത്രയം ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ റയല്‍ മാഡ്രിഡിന്റേത് സുവര്‍ണകാലഘട്ടമായിരുന്നു.

റൊണാൾഡോ, ബെൻസീമ, ബെയിൽ

ബി.ബി.സി ത്രയം 'ഒരുമിച്ച്' ഒരു ലോകകപ്പിന്ക്ലബ് ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുന്ന പല താരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിലേയ്ക്ക് വരുമ്പോള്‍ നിഴല്‍ മാത്രമാകുന്ന കാഴ്ച പതിവാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ള ചില താരങ്ങള്‍ ക്ലബ്ബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. പലപ്പോഴും പോര്‍ച്ചുഗലിനെ ചുമലിലേറ്റി കുതിക്കുന്ന ക്രിസ്റ്റിയാനോ എന്ന ഒറ്റയാനെ ഫുട്‌ബോള്‍ പ്രേമികള്‍ പലകുറി കണ്ടിട്ടുണ്ട്. റൊണാള്‍ഡോ ദേശീയ കുപ്പായമണയും മുന്‍പ് പോര്‍ച്ചുഗല്‍ വെറും മൂന്ന് ലോകകപ്പില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ക്രിസ്റ്റ്യോനോ എത്തിയശേഷം പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടിയത് അഞ്ചുതവണയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബി.ബി.സിയിലെ രണ്ടാമനാണ് കരീം ബെന്‍സീമ. ശരിക്കും പറഞ്ഞാല്‍ ത്രയം ബി.ബി.സി പിരിഞ്ഞതിന് ശേഷമാണ് കരീം ബെന്‍സീമയുടെ ശരിക്കുമുള്ള ശൗര്യം ലോകം കണ്ടത്. റയലിന്റെ ഈ കുന്തമുനയ്ക്ക് പക്ഷേ ലോകകപ്പ് നിരാശയുടേതായിരുന്നു. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ ടോപ്പ് സ്‌കോറര്‍ ആയെങ്കിലും ടീം ക്വാര്‍ട്ടറില്‍ പുറത്തായി.

2018 ല്‍ റഷ്യയില്‍ ഫ്രാന്‍സ് ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ ബെന്‍സീമയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഇത്തവണ ഖത്തറില്‍ ടീമിന്റെ നെടുംതൂണായി എത്തുന്നത് ഈ ബാലണ്‍ ദ്യോര്‍ ജേതാവ് തന്നെയാണ്.

കരീം ബെന്‍സീമ

ബി.ബി.സി ത്രയത്തില്‍ സ്വന്തം രാജ്യം ലോകകപ്പ് കളിക്കുന്നത് പോലും നേരിട്ട് കാണാന്‍ സാധിക്കാത്ത താരമാണ് ഗരെത് ബെയില്‍. പക്ഷേ കാത്തിരിപ്പിനും കടുത്ത പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഗരെത് ബെയിലിന്റെ രാജ്യം ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്നു. 64 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'വെയില്‍സ്' ലോകകപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. ബി.ബി.സി ത്രയത്തെ ആദ്യമായി ഒരേ ലോകകപ്പ് വേദിയില്‍ കാണാം.

ഗരെത് ബെയില്‍ എന്ന സൂപ്പര്‍ താരത്തിന്റെ ആദ്യ ലോകകപ്പ്

2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. കരുത്തരായ റയല്‍ മാഡ്രിഡും ലിവര്‍പൂളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു, ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ വീറും വാശിയുമുള്ള ആ 90 മിനിറ്റിലേയ്ക്ക്. മികച്ച ഫോമിലുള്ള റൊണാള്‍ഡോയ്ക്ക് ഫൈനലില്‍ പക്ഷേ ഗോള്‍ നേടാനായില്ല. പകരം ടീമിന് രക്ഷകനായത് ഗരെത് ബെയിലെന്ന വെല്‍ഷ് താരമായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെ തകര്‍ക്കുമ്പോള്‍ ഇരട്ട ഗോളുകളുമായി ഗരെത് ബെയില്‍ തിളങ്ങി. അന്ന് ഫുട്‌ബോള്‍ പ്രേമികള്‍ സാക്ഷിയായത് ഒരു ലോകോത്തര താരത്തിന്റെ പോരാട്ടവീര്യമായിരുന്നു.

റയലിനായി 258 മത്സരങ്ങളില്‍ നിന്നായി 106 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ടോട്ടനത്തിനായി 237 മത്സരങ്ങളില്‍ നിന്നായി 72 ഗോളുകളും നേടി. സൗത്താംപ്ടണിനായി അഞ്ച് ഗോളുകളും ലോസ് ഏഞ്ചല്‍സിനായി മൂന്ന് ഗോളുകളും താരം കരിയറില്‍ നേടി. ദേശീയ ടീമിനായി 108 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ബെയിൽ

പലപ്പോഴും റയലിന് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമാകുമ്പോഴും സ്വന്തം രാജ്യത്തിനെ ലോകകപ്പ് വേദിയിലെത്തിക്കാന്‍ ബെയിലിനായില്ല. പക്ഷേ ഒടുവില്‍ കാലം ബെയിലിന് ഒരു അവസരം കൊടുത്തിരിക്കുകയാണ്, ലോക വേദിയില്‍ തന്റെ കളിമികവ് കാഴ്ചവെക്കാന്‍, വെയില്‍സ് എന്ന രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍.

കരിയറില്‍ പരിക്ക് ഏറ്റവുമധികം വലച്ച മികച്ച താരങ്ങളുടെ നിരയെടുത്താല്‍ മുന്‍പന്തിയില്‍ തന്നെ 33-കാരനായ ഗരെത് ബെയിലുമുണ്ടാകും. 90 മിനിറ്റും കളിക്കുന്ന ബെയിലിനെ ആരാധകര്‍ കണ്ടിട്ട് നാളുകളേറെയായി. ചില്ലറ സമ്മര്‍ദമൊന്നുമല്ല കോച്ചിനും ടീമിനും ബെയലിന്റെ ഫിറ്റ്‌നെസ് സമ്മാനിക്കുന്നത്.

ബെയിൽ

സെപ്റ്റംബറിന് ശേഷം ആകെ 28 മിനിറ്റ് മാത്രമാണ് വെയില്‍സിന്റെ ക്യാപ്റ്റന്‍ കളത്തിലിറങ്ങിയത്. എന്നാല്‍ താന്‍ പൂര്‍ണ ആരോഗ്യവാനായാണ് ലോകകപ്പിന് എത്തുന്നതെന്നാണ് ബെയില്‍ പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും 90 മിനിറ്റും കളിക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നുണ്ട്. ബെയിലിന്റെ പ്രകടനത്തെയും മുന്‍ ആര്‍സനല്‍ താരം ആരോണ്‍ റാംസെയുടെ കളിമികവിനെയും ആശ്രയിച്ചാകും വെയില്‍സിന്റെ മുന്നോട്ടുള്ള കുതിപ്പ്.

വെയല്‍സിനെ കന്നി ലോകകപ്പിൽ വീഴ്ത്തിയ പെലെ

1958ലാണ് വെയില്‍സ് ആദ്യമായി ലോകകപ്പില്‍ മത്സരിക്കുന്നത്. സ്വീഡന്‍, ഹംഗറി, മെക്‌സിക്കോ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു വെയില്‍സ്. ഗ്രൂപ്പില്‍ രണ്ടുവിജയവുമായി സ്വീഡന്‍ ഒന്നാമതെത്തി. ഒരു മത്സരവും ജയിക്കാനായില്ലെങ്കിലും മൂന്ന് സമനിലകള്‍ സ്വന്തമാക്കിയ വെയില്‍സ് രണ്ടാം സ്ഥാനക്കാരായി. മൂന്ന് പോയിന്റുമായി ഹംഗറിയും ഒപ്പമെത്തി. ഇതോടെ അന്നത്തെ നിയമമനുസരിച്ച് ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി പ്ലേയോഫ് കളിക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്ത്‌ വെയില്‍സ് അടുത്ത റൗണ്ടിലേയ്ക്ക് മുന്നേറി.

1958 ലെ ലോകകപ്പിൽ ഗോള്‍ നേടിയ പെലെ

പക്ഷേ ക്വാര്‍ട്ടറില്‍ വെയില്‍സിന് നേരിടേണ്ടി വന്നത് കരുത്തരായ ബ്രസീലിനെയായിരുന്നു. സാക്ഷാല്‍ പെലെയുടെ ഗോളില്‍ തോറ്റ് അന്ന് പുറത്തായതിന് ശേഷം പിന്നീട് വെയില്‍സിന് മറ്റൊരു ലോകകപ്പ് മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് 64 വര്‍ഷമാണ്. 1958ല്‍ ബ്രസീല്‍ തന്നെയാണ് കിരീടം നേടിയതും.

1958 ലെ ലോകകപ്പ് ജേതാക്കളായ ബ്രസീൽ

ഖത്തറിലേയ്ക്ക് വെയില്‍സ് എത്തുമ്പോള്‍

മുന്‍ വെല്‍ഷ് ദേശീയ താരമായ റോബ് പേജാണ് വെയില്‍സിന്റെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ട്, ഇറാന്‍, യു.എസ്.എ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയില്‍സിന്റെ സ്ഥാനം. നവംബര്‍ 22-ന് യു.എസ്.എയുമായാണ് ആദ്യ മത്സരം. പിന്നാലെ 25-ന് ഇറാനുമായി ഏറ്റുമുട്ടും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ട് - വെയില്‍സ് പോരാട്ടം നവംബര്‍ 30-നാണ്.

റോബ് പേജ്(കോച്ച്)

ജൂണില്‍ ലോകകപ്പ് ക്വാളിഫയറിന്റെ ഫൈനലില്‍ യുക്രെയ്‌നിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വെയില്‍സ് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. ഫൈനലിലും ടീമിനെ തുണച്ചത് ബെയിലിന്റെ ഗോള്‍ തന്നെ.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന് പിന്നാലെ രണ്ടാമത് ഫിനിഷ് ചെയ്തതതോടെയാണ് വെയില്‍സിന് ക്വാളിഫയര്‍ കളിക്കേണ്ടി വന്നത്. യോഗ്യതാ റൗണ്ടില്‍ നാല് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഭേദപ്പെട്ട പ്രകടനമാണ് ബെയിലിന്റെ ടീം കാഴ്ചവെച്ചത്. ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ബെലാറസ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

വെയിൽസ് ടീം

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും അതിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. നേഷന്‍സ് ലീഗില്‍ വളരെ മോഷം പ്രകടനമായിരുന്നു വെയില്‍സിന്റേത്. നെതര്‍ലന്റ്, പോളണ്ട്, ബെല്‍ജിയം എന്നീ ശക്തന്മാരുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒരു വിജയം പോലും സ്വന്തമാക്കന്‍ വെയില്‍സിന് സാധിച്ചില്ല.

ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണവും തോറ്റപ്പോള്‍ ഒരെണ്ണം സമനിലയായി. കരുത്തരായ ബെല്‍ജിയത്തിനെതിരെയായിരുന്നു സമനില എന്നതാണ് ഏക ആശ്വാസം. നെതര്‍ലന്റ്‌സ് ഒന്നാം സ്ഥാനക്കാരായ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് വെയില്‍സ്.

വെയിൽസ് ടീം പരിശീലനത്തിൽ

ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ബെയിലും സംഘവും കച്ചകെട്ടി ഇറങ്ങുകയാണ്. ഒരു പക്ഷേ ഗ്രൂപ്പ് ഘട്ടം പിന്നിട്ടാല്‍ പോലും വെയില്‍സ് ആരാധകര്‍ ആനന്ദനൃത്തം ആടിയേക്കാം. ഫുട്‌ബോള്‍ പ്രവചനാതീതമാണെന്നതും ആര് വേണമെങ്കിലും കറുത്ത കുതിരകള്‍ ആകാമെന്നതും സത്യം തന്നെ. എങ്കിലും കിരീടം എന്നത് അവരെ സംബന്ധിച്ചിടത്തോളം വിദൂരസ്വപ്‌നമാണ്.

ജയമോ തോല്‍വിയോ എന്തുമാകട്ടെ, 90 മിനിറ്റും ആവേശത്തോടെ പൊരുതുന്ന ബെയിലിനെയും സംഘത്തെയും കാണാനാകും ഓരോ വെല്‍ഷ് ആരാധകനും ആഗ്രഹിക്കുന്നത്. ജയത്തിലുമുപരി അവരുടെ ഇതിഹാസ താരം നയിക്കുന്ന വെയില്‍സ് ടീം ലോകത്തെ സാക്ഷിയാക്കി ലോകകപ്പ് വേദിയില്‍ ഒന്ന് പന്തുതട്ടുന്നത് കാണാനാകും ഒരു രാജ്യം കാത്തിരിക്കുന്നത്, 64 വര്‍ഷത്തെ നിരാശയ്‌ക്കൊടുവില്‍ വരുന്ന ആ സുദിനത്തിലേയ്ക്കുള്ള കാത്തിരിപ്പ്.

വെയിസ് ടീം


വെയില്‍സ് ടീം ഇങ്ങനെ

കോച്ച്

റോബ് പേജ്

ഗോള്‍ കീപ്പര്‍മാര്‍

വെയ്ന്‍ ഹെന്നെസേ
ഡാനി വാര്‍ഡ്
ആദം ഡേവിസ്

പ്രതിരോധ നിര

ജോ റോഡോന്‍
ബെന്‍ കബാന്‍ഗോ
ക്രിസ് മേഫം
ക്രിസ് ഗണ്ടര്‍
കോന്നര്‍ റോബര്‍ട്ട്‌സ്
നെക്കോ വില്യംസ്
ഏഥന്‍ അമാപ്ടു
ടോം ലോക്‌യര്‍

മധ്യനിര

ആരോണ്‍ റാംസെ
ജോ അലെന്‍
ഹാരി വില്‍സന്‍
ജോ മോറെല്‍
മാത്യു സ്മിത്ത്
ഡൈലന്‍ ലെവിറ്റ്
സോര്‍ തോമസ്
റൂബിന്‍ കോള്‍വില്‍
ജോണി വില്യംസ്

മുന്നേറ്റ നിര

ഗരെത് ബെയില്‍
ഡാനിയല്‍ ജെയിംസ്
മാര്‍ക്ക് ഹാരിസ്
കീഫര്‍ മൂര്‍
ബ്രെന്നന്‍ ജോണ്‍സന്‍

Content Highlights: wales qualified for World Cup finals tournament after 64 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented