ജര്‍മന്‍ മതിലില്‍ വിള്ളല്‍ വീഴ്ത്തിയ ജാപ്പനീസ് ടെക്‌നിക്, ഇനിയും അട്ടിമറികള്‍ തുടരുമോ?


അനുരഞ്ജ് മനോഹര്‍

Photo: Getty Images

'നീയൊളൊരു ജപ്പാന്‍ തന്നെ....!' പലപ്പോഴും സംഭാഷണത്തിനിടയില്‍ കടന്നുവരുന്ന ഒരു പ്രയോഗമാണിത്. ഇന്ന് ആ വാക്യം അന്വര്‍ത്ഥമാക്കി ലോക ഫുട്‌ബോളില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ജപ്പാന്‍. ഫുട്‌ബോള്‍ ഭീമന്മാരായ ജര്‍മനിയെ ഖത്തറിലെ ആരാധകക്കൂട്ടത്തിനുനടുവില്‍ അട്ടിമറിച്ചുകൊണ്ട് ജപ്പാന്‍ ചരിത്രം കുറിച്ചു. അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്!

നാല് തവണ ലോകകിരീടമുയര്‍ത്തിയവര്‍, ഓരോ പൊസിഷനിലും കളിക്കാന്‍ രണ്ടിലധികം ലോകോത്തര താരങ്ങള്‍ ഒപ്പം പുതിയ പരിശീലകന്‍ ഹാന്‍സ് ഫ്‌ലിക്കിന്റെ തന്ത്രങ്ങളും.. ഇവയെല്ലാം ധാരാളമായിരുന്നു ജര്‍മനി ലോകകപ്പിലെ എത്രത്തോളം ശക്തരായ ടീമാണെന്ന് തെളിയിക്കാന്‍. താരമ്യേന ദുര്‍ബലരായ ജപ്പാനെ കീഴടക്കാന്‍ ജര്‍മനിയുടെ പകുതി ശക്തി തന്നെ ധാരാളമായിരുന്നു. പക്ഷേ കടലാസിലെ കരുത്തരെ ചുരുട്ടിക്കൂട്ടി ജപ്പാന്‍ ജര്‍മന്‍ മതിലിന് മേല്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ വിജയം വിദൂരസാധ്യതയായി മാത്രം കണ്ട ജപ്പാന്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മന്‍ പടയെ ഞെട്ടിച്ചപ്പോള്‍ ജര്‍മനിയുടെ പരിശീലകന്‍ ഫ്‌ലിക്കിന്റെയും ആരാധകരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.മത്സരത്തില്‍ 10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ഇല്‍കൈ ഗുണ്ടോഗന്‍ ജര്‍മനിയെ മുന്നിലെത്തിച്ചപ്പോള്‍ മത്സരം മുന്‍ ലോക ചാമ്പ്യന്മാര്‍ സ്വന്തമാക്കുമെന്ന് ഏവരും കരുതി. ആദ്യ പകുതയില്‍ ആ ലീഡ് നിലനിര്‍ത്താനും ജര്‍മനിയ്ക്ക് സാധിച്ചു പക്ഷേ അവിടെ ഓര്‍ത്തുവെയ്‌ക്കേണ്ട മറ്റൊരു കാര്യമുണ്ട്. പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിരയെ സമര്‍ത്ഥമായി ആദ്യ പകുതിയില്‍ നേരിടാന്‍ നായകന്‍ യോഷിദ നേതൃത്വം നല്‍കിയ പ്രതിരോധത്തിന് സാധിച്ചു. ജപ്പാന്‍ ബോക്‌സിലേക്ക് ജര്‍മന്‍ പടയാളികളെ മുന്നേറാനനുവദിക്കാതെ ചെറുത്തുനിന്നപ്പോള്‍ തന്നെ ഏഷ്യന്‍ ശക്തികള്‍ അപകടസൂചന നല്‍കിയതാണ്. അത് രണ്ടാം പകുതിയില്‍ ജപ്പാന്‍ കാണിച്ചുതരികയും ചെയ്തു.

രണ്ടാം പകുതിയില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തിയ ജാപ്പനീസ് പരിശീലകന്‍ ഹജിമെ മൊറിയാസുവിന്റെ വേറിട്ട തന്ത്രങ്ങള്‍ ജപ്പാന്റെ തലവരമാറ്റി. ഒരു ഘട്ടത്തില്‍ പിന്നില്‍ നിന്ന ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ മൊറിയാസുവിന്റെ തന്ത്രങ്ങള്‍ ഏറെ ഫലം കണ്ടു. പകരക്കാരായി വന്ന റിറ്റ്‌സു ഡൊവാനിലൂടെ ജപ്പാന്‍ ആദ്യ ഗോളടിച്ചപ്പോള്‍ തന്നെ പേരുകേട്ട ജര്‍മന്‍ പ്രതിരോധം തളര്‍ന്നിരുന്നു. പിന്നാലെ മറ്റൊരു സൂപ്പര്‍ സബ്ബായി വന്ന തകുമ അസാനോയും ന്യൂയര്‍ തീര്‍ത്ത പ്രതിരോധമതില്‍ തകര്‍ത്തതോടെ ജപ്പാന്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം അര്‍ജന്റീനയെ വിഴുങ്ങിയ അതേ ദുര്‍ഭൂതം ജര്‍മന്‍ മതിലിലും വിള്ളലുകള്‍ വീഴ്ത്തിയിരിക്കുന്നു. ജപ്പാന്റെ തന്ത്രങ്ങള്‍ പേരുകേട്ട ജര്‍മന്‍ ടീമിനെ അട്ടിമറിയുടെ പടുകുഴിയിലേക്ക് വീഴ്ത്തിയിരിക്കുന്നു.

ജപ്പാന്‍ ടീം എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരേ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി വിജയതീരത്തിന് തൊട്ടടുത്തെത്തിയ ജപ്പാന്‍ ഒടുവില്‍ കര കാണാതെ മുങ്ങി. മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം മത്സരം സ്വന്തമാക്കിയപ്പോള്‍ ജപ്പാന്‍ താരങ്ങളുടെ കണ്ണുനീര്‍ റഷ്യന്‍ മണ്ണില്‍ വീണു. ആ കണ്ണീരില്‍ നിന്ന് ജപ്പാന്‍ പഠിച്ചത് വലിയൊരു പാഠമാണ്. എത്ര വലിയ വമ്പന്മാര്‍ മുന്നിലെത്തിയാലും പതറാതെ പോരാടാന്‍ അവരെ പരിശീലകന്‍ മൊറിയാസു പഠിപ്പിച്ചു. അതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇന്ന് ഖത്തര്‍ ലോകകപ്പില്‍ കണ്ടത്. ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും അവര്‍ തളര്‍ന്നില്ല. പോരാടാനുറച്ച ജപ്പാന്റെ ആത്മവിശ്വാസത്തിന് മുന്നില്‍ വിശ്വവിജയികളായ ജര്‍മനിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഗോളടിച്ച് മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിട്ടും അവസാന 15 മിനിറ്റുകളില്‍ ആക്രമിച്ചുതന്നെയാണ് ജപ്പാന്‍ കളിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരേ അനാവശ്യ പ്രതിരോധം തീര്‍ത്ത ജപ്പാന്‍ അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടു.

ജര്‍മന്‍ താരങ്ങളുടെ മുന്നേറ്റങ്ങളെല്ലാം ജാപ്പനീസ് താരങ്ങള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. അത് ഗ്രൗണ്ടില്‍ പ്രകടമായിരുന്നു. ജപ്പാന്‍ ദേശീയ ടീമിലെ വലിയൊരു വിഭാഗം താരങ്ങളും ജര്‍മന്‍ ബുണ്ടസ് ലീഗയിലാണ് കളിക്കുന്നത്. ജര്‍മന്‍ തന്ത്രങ്ങള്‍ അവിടെ പയറ്റിത്തെളിഞ്ഞ താരങ്ങള്‍ക്ക് ഇന്നത്തെ മത്സരം ഒരു വിഷയമേ ആയിരുന്നില്ല. ഹാവെര്‍ട്‌സും നാബ്രിയും മുസിയാലയും മുള്ളറുമെല്ലാം അണിനിരന്ന മുന്നേറ്റ നിരയ്ക്ക് മികച്ച ഒരു നീക്കം പോലും നടത്താന്‍ കഴിയാത്ത വിധം പഴുതടച്ച പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്. അതില്‍ അവര്‍ നൂറുശതമാനം വിജയിക്കുകയും ചെയ്തു. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ഗോളടിച്ചുകൂട്ടുന്ന നാബ്രിയും മുസിയാലയുമെല്ലാം മത്സരത്തില്‍ നനഞ്ഞ പടക്കമായി. മരണ ഗ്രൂപ്പായി കണക്കാക്കുന്ന ഗ്രൂപ്പ് ഇയിലെ വമ്പന്മാരുടെ അന്തകരാകാന്‍ ജപ്പാന് അധികം സമയം വേണ്ടിവരില്ല. അത് ഈ മത്സരത്തിലൂടെ അവര്‍ കാണിച്ചുതരുകയും ചെയ്തു. സ്‌പെയ്‌നും കോസ്റ്റ റീക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

തുടര്‍ച്ചായി ഏഴാം തവണയാണ് ജപ്പാന്‍ ലോകകപ്പ് കളിക്കുന്നത്. അതില്‍ മൂന്ന് തവണ പ്രീ ക്വാര്‍ട്ടറിലെത്താനും ടീമിന് സാധിച്ചു. 2002, 2010, 2018 വര്‍ഷങ്ങളിലാണ് ജപ്പാന്‍ അവസാന പതിനാറിലെത്തിയത്. കഴിഞ്ഞ തവണ നിര്‍ഭാഗ്യം കൊണ്ട് ബെല്‍ജിയത്തോട് പുറത്തായ ജപ്പാന്‍ ഇത്തവണ അതിലും മികച്ച പ്രകടനത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം അവരുടെ ടീം അത്രയും ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. വലിയ സൂപ്പര്‍ താരനിരയൊന്നും ലോകകപ്പിന്റെ വിജയത്തില്‍ നിര്‍ണായകമാകില്ല എന്ന് അവര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. യോഷിദ നയിക്കുന്ന ടീമില്‍ മുന്‍ ലിവര്‍പൂള്‍ താരം തകുമി മിനാമിനോ, റയല്‍ സോസിദാദിന്റെ തകെഫുസ കുബോയുമെല്ലാമുണ്ട്. മരണ ഗ്രൂപ്പിലെ സഹപോരാളികളായ ജര്‍മനിയെയും സ്‌പെയിനിനെയും തട്ടിച്ചുനോക്കുമ്പോള്‍ ജപ്പാന്റെ താരമൂല്യം വളരെ കുറവാണ്. പക്ഷേ അവരുടെ കൈയ്യില്‍ ഒരു വജ്രായുധമുണ്ട് ഒത്തിണക്കം. ആ കരുത്തിലാണ് ജപ്പാന്‍ ഇനി മുന്നോട്ട് പോകുന്നത്. ഈ പ്രകടനം ഇനിയും തുടര്‍ന്നാല്‍ അട്ടിമറികള്‍ ഇനിയും തുടരും. ഇനിയും വമ്പന്മാര്‍ മുട്ടുമടക്കും....

Content Highlights: stategy of japan football team vs germany in football world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented