ഒന്നല്ല പത്ത് ഒവൈറാന്മാര്‍, ഒന്നിച്ചൊരോട്ടം...


സ്വന്തം ലേഖകന്‍

ഒറ്റക്കു പന്തുമായി ഓടി ഗോളടിച്ച ആദ്യത്തെ കളിക്കാരനൊന്നുമല്ല ഒവൈറാന്‍. മാറഡോണ ഉള്‍പ്പെടെ പലരും ഫുട്ബോള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍ ഒവൈറാന്റേത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു

Photo: Getty Images

1994 ജൂണ്‍ 29. സൗദിക്ക് ഫുട്ബോളിലെ വല്യേട്ടന്മാരോടുള്ള 'റെവറന്‍സ്' നഷ്ടപ്പെട്ടത് അന്നാണ്. സൗദി ഒരു ചെറിയ മീനല്ല എന്നു ലോകത്തിനു ബോധ്യപ്പെട്ടതും. സയീദ് അല്‍ ഒവൈറാനെന്ന ഒരോട്ടക്കാരന്‍ അന്നോടിയ ഓട്ടത്തിന്റെ 'എഫക്ട്'. ഫുട്ബോളും ലോകകപ്പുമുള്ള കാലത്തോളം ആരും മറക്കാത്ത ആ ഓട്ടമാണ് ഇന്നലെ മെസ്സിപ്പടക്കെതിരെ, പത്ത് ഒവൈറാന്മാര്‍ ഒന്നിച്ചോടിയത്... അയാളോടി നിര്‍ത്തിയേടത്തു നിന്നെന്ന പോലെ..

വാഷിങ്ടണ്‍ ഡിസിയിലെ റോബര്‍ട്ട് കെന്നഡി സ്റ്റേഡിയം. 1994-ലെ ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ സൗദി ബെല്‍ജിയത്തെ നേരിടുന്നു. എന്‍സോ ഷിഫോയും മാര്‍ക് വില്‍മോട്സും മൈക്കല്‍ പ്രൂഡോമും ലുക് നീല്‍സും യോസിപ് വീബറുമൊക്കെ അണിനിരക്കുന്ന, 1986-ലെ സെമി ഫൈനലിസ്റ്റുകളായ, ബെല്‍ജിയത്തെ! സൗദി നിരയില്‍ താരങ്ങളൊന്നുമില്ല, ചില കളിക്കാര്‍ മാത്രം. മജീദി മുഹമ്മദും അല്‍ ദേയയും അഹമ്മദ് ജമീലും അബ്ദുളള അല്‍ ദൊസാരിയും സയീദ് ഒവൈറാനും പോലെ യൂറോപ്പിനറിയാത്ത കുറെ പേരുകള്‍...കളി തുടങ്ങി അഞ്ചു മിനുട്ടേ ആയുള്ളൂ. സ്വന്തം ഡീപ് ഏരിയയില്‍ നിന്ന് ഒവൈറാന് ഒരു പന്തു കിട്ടുന്നു. ടീമിലെ ഏറെക്കുറെ എല്ലാവരും അയാളേക്കാള്‍ പുറകിലാണ്. സ്വന്തം പെനാല്‍ട്ടി ഏരിയയില്‍. ആരും സഹായത്തിനില്ലാത്തതിനാല്‍ അയാള്‍ പന്തുമായി ഓട്ടം തുടങ്ങി. ആദ്യം തടയാന്‍ വന്നത് ഡിര്‍ക് മെഡ് വെഡ്. വലത്തോട്ടോടി അയാളെ കടന്നു. പിന്നെ വഴി തടഞ്ഞത് ഡി വൂള്‍ഫ്. ഇടത്തോട്ടോടി അയാളെയും കടന്നു. ഇടത്തോട്ടോ വലത്തോട്ടോ ഓടേണ്ടതെന്നറിയാതെ എരിപൊരി കൊണ്ട് റൂഡി സ്മിഡ്റ്റ്സ് മുന്നില്‍ കിടന്നു കളിക്കുന്നു. ഒന്നു ചാടിത്തിരിഞ്ഞ് അയാളെയും കടന്നപ്പോഴാണ് ഓടിയോടി താന്‍ ഗോള്‍ ഏരിയയിലേക്കെത്തിക്കഴിഞ്ഞുവെന്ന് ഒവൈറാന്‍ തന്നെ അറിയുന്നത്. പിന്നെ ഒരു കുതിപ്പാണ്. അപ്പോഴേക്കും അപകടം മണത്ത ഗോളി പ്രൂഡോമും ലൊറെന്‍സോ സ്റ്റാലിയനും ജീവനെടുത്തു പിടിച്ചൊരു ടാക്കിളിനു തയ്യാറായി ഒവൈറാന്റെ മുന്നിലേക്കു ചാടി വീണു. മറ്റൊന്നും കാണാത്ത ഒവൈറാന്റെ കണ്ണില്‍ അപ്പോള്‍ ഗോള്‍വലയുടെ പക്ഷിക്കഴുത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നിലെത്തിയ എതിരാളികള്‍ക്കു മുകളിലൂടെ പന്തു കോരി വലയിലേക്കിട്ട അയാള്‍ പിന്നെയും ഓടി. നിര്‍ത്താനാവാത്തതു പോലെ! രണ്ടു കൈയിലെയും ഈരണ്ടു വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച്, വെളുക്കെ ചിരിച്ചുകൊണ്ട്...

1994 ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരേ ഗോള്‍ നേടിയ സയീദ് അല്‍ ഒവൈറാനെ അഭിനന്ദിക്കുന്ന സൗദി താരങ്ങള്‍

67 മീറ്റര്‍ ദൂരം ഓടിക്കഴിഞ്ഞിരുന്നു അയാള്‍ അപ്പോഴേക്കും. ഒറ്റക്കു പന്തുമായി ഓടി ഗോളടിച്ച ആദ്യത്തെ കളിക്കാരനൊന്നുമല്ല ഒവൈറാന്‍. മാറഡോണ ഉള്‍പ്പെടെ പലരും ഫുട്ബോള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍ ഒവൈറാന്റേത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. മാരത്തോണ്‍ ഓടും പോലെ. ഒരേ താളത്തില്‍. ഒരേ കരുത്തോടെ. ആരെയും കൂസാതെ. എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച്...

28 കൊല്ലം മുമ്പത്തെ ആ ഓട്ടത്തിന്റെ തുടര്‍ച്ചയാണ് സൗദി അറേബ്യ ഈ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരേ തിങ്കളാഴ്ച ഖത്തറില്‍ വീണ്ടും ഓടിയത്. ഗോളടിച്ച സാലേ അല്‍ ഷഹരിയും അല്‍ ദോസരിയും മാത്രമല്ല, 90 മിനുട്ടും 'എന്‍ഡ് ടു എന്‍ഡ്' ഓട്ടമായിരുന്നു ആ ടീമിലെ 10 പേരും. പത്ത് ഒവൈറാന്മാര്‍മാര്‍ ഒന്നര മണിക്കൂറും നിര്‍ത്താതെ, ഒന്നിച്ചോടിയ ഒരോട്ടം! 'സ്പിരിറ്റഡ്' എന്ന ഒറ്റ വാക്കു മാത്രമേ അവരുടെ പ്രകടനത്തെക്കുറിച്ചു പറയാനുള്ളൂ.

ഈ ഓട്ടം തുടരാന്‍ സൗദിക്കാവണമെന്നില്ല. ഈ തോല്‍വി അര്‍ജന്റീനക്ക് വഴിയുടെ അന്ത്യവുമല്ല. പക്ഷെ ഇനിയെത്ര കളി തോറ്റാലും സൗദിക്ക് ഈ ജയവും എത്ര കളി ജയിച്ചാലും അര്‍ജന്റീനക്ക് ഈ തോല്‍വിയും മറക്കാനാവില്ല. ലോകകപ്പ് കാണുന്നവര്‍ക്കും. 'വലിയവര്‍'ക്കെതിരെ 'ചെറിയവ'രുടെ ജീവനെടുത്തു പിടിച്ചുള്ള ഇത്തരം ഓട്ടങ്ങള്‍ കൂടിയാണ് ലോകകപ്പ്. അത്തരം ദിവസങ്ങളോ മത്സരഫലങ്ങളോ ആണ് ലോകകപ്പിനെ മഹത്തരമാക്കുന്നത്. മറ്റെല്ലാം മറന്നാലും ഇത്തരം കളികളും അട്ടിമറികളും എക്കാലവും എല്ലാവരുടെയും സ്മരണകളില്‍ നിലനില്‍ക്കും.

Content Highlights: Saeed Al-Owairan and his iconic goal in 1994 fifa world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented