സുബ്ഹിക്ക് ഗ്രൗണ്ടിലെത്തും,മഗ്‌രിബിന് ഫൈനല്‍ വിസില്‍;മലപ്പുറം പോലൊരു ഗ്രൗണ്ടില്‍ കളിച്ചുവളര്‍ന്നവന്‍


സജ്‌ന ആലുങ്ങല്‍സാദിയോ മാനെ | Photo: AFP/ Instagram/ Sadio Mane

സാദിയോ മാനേയുടെ ബൂട്ടില്‍ നിന്നൊരു പന്ത് എതിര്‍വല ചുംബിക്കുമ്പോള്‍ അതിനൊപ്പം മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പതിനഞ്ചുകാരന്‍ പയ്യന്റെ കിതപ്പും കേള്‍ക്കാനാകും. 11 വര്‍ഷം മുമ്പ് സെനഗലിന്റെ തെക്കേ അറ്റത്തുള്ള ബന്‍ബാലിയെന്ന ഗ്രാമത്തില്‍ നിന്നും 317 കിലോമീറ്റര്‍ അകലെയുള്ള ദാകറിലേക്ക് ഓടിപ്പോയ ഒരു പയ്യന്റെ കിതപ്പ്. കൂട്ടുകാരന്‍ നല്‍കിയ പണവുമായുള്ള ആ ഒളിച്ചോട്ടത്തിന് പിന്നില്‍ എങ്ങനെയെങ്കിലും ഒരു ഫുട്‌ബോള്‍ താരമാകണമെന്ന തീക്ഷ്ണമായ ആഗ്രഹമായിരുന്നു. ഒരാഴ്ച്ചയോളം മകനെ കാണാതെ വിഷമിച്ച അവന്റെ അമ്മയോട് ഒടുവില്‍ കൂട്ടുകാരന് സത്യം പറയേണ്ടി വന്നു. അവനെ കൂട്ടിക്കൊണ്ടുവരാനുള്ള ദൗത്യം അമ്മ അവന്റെ ചേട്ടനെ ഏല്‍പ്പിച്ചു. അങ്ങനെ ഒരാഴ്ച്ചക്കുള്ളില്‍ അവന്‍ ബന്‍ബാലിയില്‍ തന്നെ തിരിച്ചെത്തി. പക്ഷേ ആ ഒളിച്ചോട്ടം ഒരു തുടക്കമായിരുന്നു. ലോകമറിയുന്ന സാദിയോ മാനേയെന്ന ഫുട്‌ബോള്‍ താരത്തിലേക്കുള്ള ഒരു സെനഗലുകാരന്റെ വളര്‍ച്ചയുടെ തുടക്കം. ഒടുവിലിപ്പോള്‍ ആ യാത്ര ഖത്തര്‍ ലോകകപ്പിന്റെ കളിമുറ്റത്ത് എത്തിയിരിക്കുന്നു.

'മലപ്പുറത്തെ ഗ്രൗണ്ടില്‍' കളിച്ചുവളര്‍ന്നവന്‍സെനഗലിന്റെ തെക്കേ അറ്റത്തുള്ള, കസാമനസ് നദിക്കരയിലുള്ള ബന്‍ബാലിയെന്ന ഗ്രാമത്തില്‍ 1992 ഏപ്രില്‍ പത്തിനാണ് മാനെ. ജനിച്ചത്. 24213 ആളുകള്‍ മാത്രം താമസിക്കുന്ന, ലിവര്‍പൂളിലെ ജനസംഖ്യയുടെ 5% മാത്രമുള്ള ഒരു ചെറിയ ഗ്രാമം. യാഥാസ്ഥികരായ കുടുംബത്തിന് മതപരമായ കാര്യങ്ങള്‍ കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു. പള്ളിയിലെ ഇമാമായ പിതാവിന് ഖുര്‍ആന്‍ ഓതണമെന്നതും അഞ്ച് നേരവും നിസ്‌കരിക്കണമെന്നതും നിര്‍ബന്ധമുള്ള കാര്യമായിരുന്നു. രാവിലെ സുബ്ഹ് നിസ്‌കാരത്തിന് ശേഷം മാനേ ഗ്രൗണ്ടിലേക്ക് ഓടും. കളിച്ചുതിമിര്‍ത്ത ശേഷം സ്‌കൂളിലേക്ക് പോകുന്ന അവന്‍ വൈകുന്നേരവും ഗ്രൗണ്ടില്‍ തന്നെയാകും. മഗ്‌രിബ് ബാങ്കോടെ ഗ്രൗണ്ടിലെ ഫൈനല്‍ വിസിലൂതും. മലപ്പുറത്തെ ഗ്രൗണ്ടുകളില്‍ കളിച്ചുവളര്‍ന്ന ആഷിഖിന്റെയോ അനസിന്റെയോ കുട്ടിക്കാലവുമായി ഇതിന് സാമ്യം തോന്നിയേക്കാം.

മാതാപിതാക്കളും സഹോദരങ്ങളും അമ്മാവനുമടങ്ങുന്ന പത്ത് പേരോളമുള്ള കുടുംബത്തില്‍ ജനിച്ച മാനെ, ഒരു ഫുട്‌ബോള്‍ താരമാകുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയിരുന്നില്ല. അവനെ ഒരു അധ്യാപകനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ മാനേയുടെ സ്വപ്നം മുഴുവന്‍ ഫുട്‌ബോളായിരുന്നു. വലുതായതോടെ അവന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ തുടങ്ങി. സെനഗലില്‍ നിന്ന് ഓടിപ്പോയി ഫ്രാന്‍സിലെത്തി തന്റെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങാനുള്ള അവന്റെ ആഗ്രഹം തീവ്രമായി.

2002 ലോകകപ്പും അല്‍ ഹാദ്ജി ദിയോഫും

2002 ലോകകപ്പില്‍ സെനഗലിന്റെ തേരോട്ടം മാനേയുടെ ജീവിതത്തിലും പ്രതിഫലിച്ചു. ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് വിശ്വവേദിയിലെ അരങ്ങേറ്റത്തില്‍ അവര്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചു. ആ തേരോട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെയെത്തിയപ്പോള്‍ സെനഗലിന്റെ തെരുവോരത്ത് വര്‍ണക്കടലാസുമായി ആഘോഷിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ മാനേയുമുണ്ടായിരുന്നു. പിന്നീട് അല്‍ ഹാദ്ജി ദിയോഫായി അവന്റെ റോള്‍ മോഡല്‍. അയാള്‍ പന്തിനോടെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ലാം അതുപോലെ തനിക്കും ചെയ്യണമെന്ന് അവന്റെ കുഞ്ഞുമനസ്സ് ആഗ്രഹിച്ചു.

ആ ലോകകപ്പിന് ശേഷം മാനേയും കൂട്ടുകാരും ഗ്രാമത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കളിക്കാന്‍ തുടങ്ങി. എല്ലാ ടൂര്‍ണമെന്റിലും വിജയിച്ച് മാനേ കപ്പുമായി വരുമ്പോള്‍ കൂട്ടുകാരും ഗ്രാമത്തിലുള്ളവരുമെല്ലാം അവന്‍ നാളെയുടെ താരമാണെന്ന് പ്രവചിച്ചു. എന്നാല്‍ അവന്റെ വീട്ടുകാര്‍ക്ക് മാത്രം അപ്പോഴും അവനില്‍ വിശ്വാസമില്ലായിരുന്നു. ഒടുവില്‍ അമ്മാവന്‍ വഴി അവന്‍ വീട്ടുകാരുടെ സമ്മതം നേടിയെടുത്തു. സ്‌കൂള്‍ കാലം കഴിഞ്ഞാല്‍ ഫുട്‌ബോള്‍ കളിക്കാനിറങ്ങാം എന്നതായിരുന്നു വീട്ടുകാര്‍വെച്ച നിബന്ധന. അങ്ങനെ പ്രൊഫഷണല്‍ താരമാകാനുള്ള പരിശ്രമം തുടങ്ങാന്‍ മാനേ 15-ാം വയസ്സുവരെ കാത്തിരുന്നു. അതിനിടയില്‍ അവന്‍ ആരോടും പറയാതെ ഒരു തവണ സെനഗലിന്റെ തലസ്ഥാനമായ ദാകറിലേക്ക് ഒളിച്ചോടി. ഇതു കൂടിയായതോടെ അവനെ ഇനി പിന്തിരിപ്പിക്കാനാകില്ലെന്ന് വീട്ടുകാര്‍ക്ക് ബോധ്യമായി.

പാടത്ത് വിളഞ്ഞ വിളകളെല്ലാം വിറ്റ് മാനേയുടെ അച്ഛന്‍ അവന് ദാകറിലെ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേരാനുള്ള പണം കണ്ടെത്തി. പക്ഷേ അവന്റെ ബൂട്ടിനും ജഴ്‌സിക്കുമൊന്നും അത് തികയുമായിരുന്നില്ല. കീറിപ്പറിഞ്ഞ ബൂട്ടും തുള വീണ ജഴ്‌സിയുമണിഞ്ഞാണ് അവന്‍ ദാകറില്‍ വന്നിറങ്ങിയത്. ഏറ്റവും മികച്ച ക്ലബ്ബ് ഏതാണെന്നുമുള്ള അന്വേഷണമായിരുന്നു പിന്നീട്. ദാകറിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം അവന്‍ ക്ലബ്ബുകളിലേക്കുള്ള സെലക്ഷനില്‍ പങ്കെടുത്തു. എന്നാല്‍ ആ ജഴ്‌സിയും ബൂട്ടും കണ്ടതോടെ ആര്‍ക്കും അവനില്‍ താത്പര്യമില്ലാതെയായി. ഇതൊക്കെ ധരിച്ച് എങ്ങനെ കളിക്കാനാകും എന്നാണ് ഒരാള്‍ ചോദിച്ചത്. ബൂട്ടിലും ജഴ്‌സിയിലുമല്ല കാര്യമെന്നും ഗ്രൗണ്ടില്‍ ഞാന്‍ കളിക്കുന്നത് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയൂ എന്നുമായിരുന്നു മാനേയുടെ മറുപടി. ട്രയല്‍സിന് ശേഷം അയാള്‍ തന്നെ അവനെ ടീമിലെടുത്തു. അങ്ങനെ ജനറേഷന്‍ ഫൂട്ട് എന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ മാനേ തന്റെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങി. രണ്ടു സീസണിലായി 90 മത്സരങ്ങളില്‍ നിന്ന് 131 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

അമ്മയോട് പോലും പറയാതെ മെറ്റ്‌സിലേക്ക്

പുതിയ താരങ്ങളെ തേടി സെനഗലിലെത്തിയ ഫ്രഞ്ച് ക്ലബ്ബ് മെറ്റ്‌സിന്റെ കണ്ണിലുടക്കിയത് സാദിയോ മാനേയുടെ കളിയാണ്. ഇതോടെ 19-ാം വയസ്സില്‍ ഫ്രാന്‍സില്‍ പോയി കളിക്കുകയെന്ന അവന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. വീട്ടുകാരോട് ആരോടും പറയാതെയാണ് മാനേ ഫ്രാന്‍സിലേക്ക് വിമാനം കയറിയത്. അവിടെയെത്തി എല്ലാവരേയും വിളിച്ചു പറഞ്ഞ് സർപ്രൈസ് ഒരുക്കാനായിരുന്നു താരത്തിന്റെ പ്ലാന്‍. എന്നാല്‍ ആദ്യ ദിനം തന്നെ ഹോട്ടല്‍ റൂമില്‍ നിന്ന് ഇറങ്ങേണ്ടെന്ന് പരിശീലകന്‍ പറഞ്ഞതോടെ അമ്മയെ വിളിക്കാന്‍ രണ്ടാം ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. മെറ്റ്‌സിലെ കൂട്ടുകാരോടൊപ്പം പുറത്തുപോയി ഫോണ്‍ കാര്‍ഡ് വാങ്ങിവന്ന ശേഷം അവന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ഫ്രാന്‍സിലാണെന്ന കാര്യം. ഏത് ഫ്രാന്‍സ് എന്നായിരുന്നു അമ്മയുടെ മറുപടി. യൂറോപ്പിലെ ഫ്രാന്‍സ് എന്നു പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. പിന്നീട് ഇതുറപ്പിക്കാനായി എല്ലാ ദിവസവും മാനേയെ അമ്മ വിളിക്കും. അവസാനം ടി.വിയില്‍ കളി കണ്ടതോടെയാണ് മകന്‍ ഫ്രാന്‍സിലെത്തിയ കാര്യം അമ്മ വിശ്വസിച്ചത്.

മെറ്റ്‌സിലെ പ്രകടനം മാനേയെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ദേശീയ ടീമിലെത്തിച്ചു. ദേശീയജഴ്‌സിയണിഞ്ഞതിന് തൊട്ടുപിന്നാലെ മാനേ ഓസ്ട്രിയന്‍ ക്ലബ്ബ് എഫ്.സി റെഡ് ബുള്‍ സാല്‍സ്ബര്‍ഗിലേക്ക് കൂടുമാറി. ഫ്രഞ്ച് ക്ലബ്ബില്‍ 22 മത്സരങ്ങള്‍ കളിച്ചശേഷമായിരുന്നു ഇത്. റെഡ്ബുള്ളില്‍ 80 മത്സരങ്ങളില്‍ 42 ഗോളടിച്ച താരം 2014-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തന്റെ വരവറിയിച്ചു. 11.8 മില്ല്യണ്‍ പൗണ്ട് നല്‍കി സതാംപ്ടണ്‍ താരത്തെ തട്ടകത്തിലെത്തിച്ചു. ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ രണ്ട് മിനിറ്റ് 56 സെക്കന്റിനുള്ളില്‍ മൂന്നു ഗോളടിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് സെനഗല്‍ താരം സ്വന്തം പേരില്‍ കുറിച്ചു. 1994-ല്‍ ലിവര്‍പൂളിന്റെ റോബി ഫോവ്‌ളര്‍ സ്ഥാപിച്ച റെക്കോഡാണ് മാനെ മാറ്റിയെഴുതിയത്.

ആ പെനാല്‍റ്റിയില്‍ ഇപ്പോഴും ദു:ഖിക്കുന്നു

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിലെ ആ പെനാല്‍റ്റി മാനേ ഒരിക്കലും മറക്കില്ല. കാമറൂണിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെനഗലിനെ പുറത്തേക്കുള്ള വഴിയിലെത്തിച്ചത് മാനേ നഷ്ടപ്പെടുത്തിയ ആ പെനാല്‍റ്റിയായിരുന്നു. മത്സരശേഷം കരച്ചിലടക്കാനാകാതെയാണ് താരം ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയത്. എന്നാല്‍ രോഷാകുലരായ ആരാധകര്‍ വീട്ടുകാരെ വെറുതെ വിട്ടില്ല. മാനേയുടെ വീട് ആക്രമിച്ചാണ് അവര്‍ രോഷമടക്കിയത്. പിന്നീട് രാജ്യത്തെ എല്ലാ ജനങ്ങളോടും മാനേ മാപ്പ് പറഞ്ഞു, ആ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയെ ഓര്‍ത്ത് ലിവര്‍പൂള്‍ താരം ഇപ്പോഴും ദു:ഖിക്കുന്നു.

എന്നാലും നാട്ടുകാരോട് മാനേയ്ക്ക് ഇപ്പോഴും സ്‌നേഹമാണ്. 2018-ല്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയപ്പോള്‍ ആ കളി കാണുമ്പോള്‍ അണിയാനായി നാട്ടിലെ കൂട്ടുകാര്‍ക്ക് 300 ജഴ്‌സികളാണ് താരം അയച്ചുകൊടുത്തത്. 2005-ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളും എസി മിലാനും ഏറ്റുമുട്ടുമ്പോള്‍ 12 വയസുകാരനായ മാനെ നാട്ടിലിരുന്ന് കളി കണ്ടതിന്റെ മാധുര്യമേറിയ സ്മരണയും ഈ ജഴ്സി കൊടുത്തയക്കിലിന്റെ പിന്നിലുണ്ട്.

ലിവര്‍പൂളിലെത്തിയ കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയെ

മാനേയുടെ കളി ടിവിയില്‍ പോലും കാണാന്‍ അമ്മയ്ക്ക് മനോബലമില്ല. മകന് പരിക്കെന്തിങ്കിലും പറ്റുമോ എന്ന പേടിയാണ്. 34 മില്ല്യണ്‍ പൗണ്ടിന് അഞ്ചു വര്‍ഷത്തെ കരാറില്‍ ലിവര്‍പൂളിലെത്തിയപ്പോള്‍ മാനേ ഇക്കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയേയാണ്. മാനേയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. 'എന്നെ സ്‌നേഹിക്കുന്ന, എനിക്ക് പ്രിയപ്പെട്ട ടീമിലേക്കാണ് ഞാന്‍ വരുന്നതെന്ന ചിന്തയായിരുന്നു അപ്പോള്‍. ഒപ്പം എന്നെ നന്നായി അറിയുന്ന, എന്നെ മകനെപ്പോലെ കാണുന്ന ഒരു പരിശീലകനോടൊപ്പം കളിക്കാന്‍ പോകുന്നുവെന്ന സന്തോഷവും' ലിവര്‍പൂളുമായി കരാറൊപ്പിട്ട സമയത്തുള്ള അനുഭവം മാനേ ഇങ്ങനെ പങ്കുവെയ്ക്കുന്നു.

Content Highlights: sadio mane senegal football player lifestory qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented