Photo: Getty Images
ദോഹ: ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, ക്ലബ്ബിനും രാജ്യത്തിനുമായി അഞ്ഞൂറിലധികം ഗോളുകള്‍, ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം... പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടാത്ത അംഗീകാരങ്ങളില്ല. ഫുട്ബോളില്‍ പടവുകളോരോന്നായി കയറുമ്പോഴും ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോളുപോലും നേടാനായിട്ടില്ല എന്ന സങ്കടം അദ്ദേഹത്തിന്റെ മനസ്സില്‍ എപ്പോഴും ഒരു വിങ്ങലായി അവശേഷിച്ചു. ഒടുവില്‍ ആ വേദന ലെവന്‍ഡോവ്സ്കി സന്തോഷമാക്കി മാറ്റി. അതെ... ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിച്ചിരിക്കുകയാണ് സൂപ്പര്‍താരം ലെവന്‍ഡോവ്സ്കി.
സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ 82-ാം മിനിറ്റിലാണ് ലെവന്‍ഡോവ്സ്കി ഗോളടിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലെവന്‍ഡോവ്സ്കി സൗദി പ്രതിരോധതാരം അല്‍ മാലികിയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി വലകുലുക്കുമ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. പിന്നാലെ ലെവന്‍ഡോവ്സ്കി ഗ്രൗണ്ടില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. പോളിഷ് നായകനെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങള്‍ വന്ന് മൂടി. മെക്സിക്കോയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പാഴാക്കിയ നിര്‍ണായക പെനാല്‍റ്റി കിക്കിന്റെ കുറ്റബോധം മുഴുവന്‍ ഈ ഗോളിലൂടെ അദ്ദേഹം കഴുകിക്കളഞ്ഞു.
മത്സരത്തില്‍ ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്സ്കി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 39-ാം മിനിറ്റില്‍ പിയോട്ടര്‍ സിയെലിന്‍സ്കി ഗോളടിക്കുമ്പോള്‍ അതിന് വഴി വെച്ചത് ലെവന്‍ഡോവ്സ്കിയുടെ ക്രോസാണ്. ഈ വിജയത്തോടെ പോളണ്ടിനെ നോക്കൗട്ട് റൗണ്ടിന്റെ അടുത്തെത്തിക്കാന്‍ ലെവന്‍ഡോവ്സ്കിയ്ക്ക് സാധിച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയ്ക്കെതിരേ ലെവന്‍ഡോവ്സ്കി നിര്‍ണായകമായ പെനാല്‍ട്ടി കിക്ക് പാഴാക്കിയിരുന്നു. ലെവന്‍ഡോവ്സ്കിയില്‍ നിന്ന് ഗോളില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരം പേറിയ ലെവന് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഒച്ചാവോയുടെ കാവല്‍ ഭേദിക്കാനായില്ല. പന്ത് ഒച്ചാവോ തട്ടിയകറ്റിയപ്പോള്‍ ഞെട്ടിയത് ലെവന്‍ഡോവ്സ്കി മാത്രമല്ല ഫുട്ബോള്‍ ലോകം ഒന്നടങ്കമാണ്. ഏതായാലും ആ വലിയ പിഴവ് ഇന്ന് പലിശയടക്കം തിരുത്തിയിട്ടുണ്ട് സൂപ്പര്‍ താരം. നായകനായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ലെവന്‍ഡോവ്സ്കി കറുത്ത കുതിരകളായി അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ വീഴ്ത്തി ടീമിന് വലിയ കരുത്താണ് സമ്മാനിച്ചിരിക്കുന്നത്.
സൗദിയ്ക്കെതിരേ ഗോളടിച്ചതോടെ ലെവന്‍ഡോവ്സ്കി ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്തി. അന്താരാഷ്ട്ര ഫുട്ബോളില്‍ ലെവന്‍ഡോവ്സ്കി നേടുന്ന 77-ാം ഗോളാണിത്. ഇതോടെ താരം പെലെയുടെ റെക്കോഡിനൊപ്പമെത്തി. പെലെയ്ക്കും 77 ഗോളുകളാണുള്ളത്. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളടിച്ചത്. ലെവന്‍ഡോവ്സ്കിയാകട്ടെ 136-ാം മത്സരത്തില്‍ നിന്നാണ് 77 ഗോളടിച്ചത്. ഈ ഗോളോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലെവന്‍ഡോവ്സ്കി ആദ്യ പത്തിലിടം നേടി. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയാണ് പോളണ്ടിന്റെ എതിരാളികള്‍. ഈ മത്സരത്തെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാം... മെസ്സിയും ലെവന്‍ഡോവ്സ്കിയും മുഖാമുഖം വരുന്ന മത്സരം...
Content Highlights: robert lewandowski, fifa world cup 2022, qatar world cup 2022, lewandowski scores his first wc goal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..