റാമോസും ബോണോയും | Photo: AFP
ചാമ്പ്യന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുമ്പോഴും ലോകകപ്പ് പുതിയ കളിക്കാരെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു, അഥവാ അവരെ കണ്ടുപിടക്കുന്നു. മത്തിയാസ് ഗോണ്സലൊ റാമോസ് എന്ന റാമോസ് ആണ് ഏറ്റവും പുതിയ താരം. റാമോസ് ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയതോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരവും. തന്ത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതെന്നും അല്ലാതെ അദ്ദേഹത്തെ അച്ചടക്കം നിലനിര്‍ത്താന്‍ ബെഞ്ചില്‍ കയറ്റിനിര്ത്തിയതല്ലെന്നും പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വിശദീകരിക്കുകയുണ്ടായി. അത് ശരിയാവാം..എന്നാലും പറ്റിയ സന്ദര്‍ഭത്തില്‍ ക്രിസ്റ്റ്യാനോയെ അദ്ദേഹം ഒഴിവാക്കി.
പോര്‍ച്ചുഗലിന്റെ കളിയെ അത് ബാധിച്ചില്ലെന്നു മാത്രമല്ല, അവരുടെ കളി വെട്ടിത്തിളങ്ങുകയും ചെയ്തു. റാമോസ് അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടി. പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോയുടെ സാന്നിദ്ധ്യം കൊണ്ട് ടീമിന് വലിയ ഗുണമില്ലെന്ന് ആ നാട്ടില്‍ തന്നെ അഭിപ്രായമുണ്ടെന്നു തോന്നുന്നു. മെസ്സിയും അര്‍ജന്റീനയും തമ്മിലുള്ള ബന്ധമല്ല റൊണാള്‍ഡോയും പോര്‍ച്ചുഗലും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധം എന്നു വേണം മനസ്സിലാക്കാന്‍. ടീം നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അതെല്ലാം റൊണാള്‍ഡോ കൊണ്ടുപോകുന്നു എന്ന തോന്നലുണ്ടായേക്കാം. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഒരു ഗോള്‍ അപഹരിക്കാന്‍ റൊണാള്‍ഡോ ശ്രമം നടത്തിയതു പോലെ തോന്നി. മൊറോക്കോയ്ക്കെതിരെ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോക്ക് തിരിച്ചുവരാനാവുമോ എന്ന് സംശയമാണ്. ജോവോ ഫെലിക്സിനെ മാറ്റാനാവുമെന്ന് തോന്നുന്നില്ല.
റാമോസ് എന്ന യുവാവും കളിക്കാരനും മൂപ്പെത്തി വരുന്നതേയുള്ളൂ. സെന്റര്‍ ഫോര്വേഡായിട്ടാണ് റാമോസിനെ സ്വിറ്റ്സര്‍ലന്റിനെതിരെ കാണികള്‍ കണ്ടത്. എന്നാല്‍ മുന്‍നിരയില്‍ ഏതു സ്ഥലത്തും റാമോസിന് കളിക്കാനാവുമെന്ന് ഈ കളിക്കാരനെ സംബന്ധിച്ച ഒരു വിവരണത്തില്‍ കാണുകയുണ്ടായി. പോര്‍ച്ചുഗീസ് ടീമായ ബെനിഫീക്കക്ക് വേണ്ടി പകരക്കാരനായാണ് അധികവും റാമോസ് ഇറങ്ങിയിട്ടുള്ളത്.
റാമോസ് നേടിയ ഗോളുകള്‍ പോലെതന്നെ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസും കൗതുകകരം. 'ഫുട്ബോള്‍ അനാലിസിസ് ഡോട്ട് കോം' എന്ന ഒരു സൈറ്റില്‍ ക്രിസ്റ്റഫര്‍ വിന്റര്‍ ഇങ്ങനെ എഴുതുന്നു. ഡാര്വിന് ന്യൂനേസ് ബെനിഫീക്ക വിട്ട് ലിവര്‍പൂളിലേക്ക് പോയതോടെ റാമോസിന് കൂടുതല്‍ അവസരം കിട്ടുന്നു. അതയാള്‍ രണ്ടു കയ്യും കെട്ടി സ്വീകരിക്കുന്നു. പ്രീമിയര്‍ ലീഗിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് സംസാരമുണ്ട്. റാമോസ് കൂടുതല്‍ വളരുന്നതു വരെ ബെനിഫീക്ക കാത്തിരിക്കുമോ അതോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പ്രലോഭനങ്ങള്‍ക്ക് അവര്‍ വഴങ്ങുമോ എന്ന് പറയാറായിട്ടില്ല.
പ്രൊഫഷണല്‍ ഫുട്ബോളില്‍ ഒരു ചെറുപ്പക്കാരന്റെ കളിജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന വിചാരമാണ് ഇതേക്കുറിച്ച് ഇവിടെ പറയാന്‍ കാരണം. അയാളുടെ കളിയെക്കുറിച്ചുള്ള വിലയിരുത്തല്‍ ഒരു യുവകവിയുടെയോ കഥാകൃത്തിന്റെയോ രചനകളെക്കുറിച്ചുള്ള വിലയിരുത്തല്‍ പോലെ തോന്നുന്നതിനാല്‍ അതിനെക്കുറിച്ച് മനസ്സിലാക്കുന്നതും കൗതുകകരം. ഇങ്ങനെയാണത്: സെന്റര്‍ ഫോര്‍വേഡായ റാമോസിന് മുന്‍നിരയില്‍ കൂടുതല്‍ സ്ഥാനങ്ങളില്‍ കളിക്കാനാവും. ഈ സീസണില്‍ കഴിഞ്ഞ സീസണിലേക്കാള്‍ കൂടുതല്‍ അയാള്‍ മധ്യത്തിൽ കളിക്കുന്നതായി കാണുന്നു. ആക്രമണനിരക്ക് കുറുകെ സഞ്ചരിക്കാനും കളിയുമായി കണ്ണിചേരാനും അയാള്‍ക്കു താല്പര്യമുണ്ടെന്ന് ഹീറ്റ് മാപ്പ് അഥവാ താപചിത്രം കാണിക്കുന്നു.
പെനാല്‍റ്റി ബോക്സില്‍ പന്ത് തൊടാനാണ് കൂടുതല്‍ ശ്രദ്ധവെക്കുന്നതെന്ന് താപചിത്രം കാണിക്കുന്നുവെങ്കിലും അയാളുടെ കളിയില്‍ അതേക്കാള്‍ കൂടുതലുണ്ട്. നല്ല ധാരണയുള്ളതിനാല്‍ പിന്നിലേക്കിറങ്ങി ബെനഫീക്കയുടെ ആക്രമണത്തെ രൂപപ്പെടുത്താനും രണ്ടാം സ്ട്രൈക്കറായി പെരുമാറാനും ആവുന്നു. പന്ത് പിടിച്ചു വെക്കുന്നതില്‍ കഴിവുണ്ടെന്ന് തെളിയിക്കാനും അതു വഴി ബെനിഫീക്കയുടെ ആക്രമണനിരയുടെ ശ്രദ്ധാകേന്ദ്രമാവാനും സാധിക്കുന്നു. ചിലപ്പോള്‍ രണ്ടു വശങ്ങളില് നിയോഗിക്കപ്പെട്ടിട്ടുണ്ട്. കളിക്കാന്‍ കിട്ടുന്ന സ്ഥലത്തെക്കുറിച്ച് നല്ല ധാരണ പുലര്‍ത്താനും എതിര് പ്രതിരോധത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലേക്ക് കണ്ണു വെക്കാനും സാധിക്കുന്നു.
ഒരു കവിയുടെ, കഥാകൃത്തിന്റെ ആദ്യസമാഹാരത്തിനഴുതിയ അവതാരിക തന്നെയിതും. അങ്ങനെ ഉപകഥകള്‍ ഏറെയുണ്ട് ഈ ലോകകപ്പില്‍. സ്പെയിനിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മധ്യഭാഗം ലക്ഷ്യം വെച്ച് പതുക്കെ അടിക്കുന്ന പെനാല്റ്റിയായ 'പനേങ്ക 'യിലൂടെ ഗോള്‍ നേടിയ അഷ്റഫ് ഹക്കീമിയുടേതാണ് ഇതിലൊന്ന്. മാഡ്രിഡില്‍ ജനിച്ച് അതിന്റെ സമീപ്രദേശമായ ഗെറ്റാഫെയില്‍ വളര്‍ന്നുവന്ന ഹക്കീമി റയല്‍ മാഡ്രിഡിന്റെ അക്കാദമിയിലാണ് കളിച്ചു പഠിച്ചത്. അവിടെനിന്ന് ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന് വഴി സഞ്ചരിച്ച് ഇപ്പോള്‍ പിഎസ്ജിക്ക് കളിക്കുന്നു. ബെല്‍ജിയത്തിലും ഹോളണ്ടിലും ഫ്രാന്‍സിലും ജനിച്ചു വളര്‍ന്നവര്‍ മൊറോക്കോ ടീമിലുണ്ട്. 12 പേര് മാത്രമേ മൊറോക്കോയില്‍ ജനിച്ചവരായി ഉള്ളൂ. യൂറോപ്പും ആഫ്രിക്കയും ഇങ്ങനെ ഫുട്ബോളില്‍ വലിയ കൊള്ളക്കൊടുക്കകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മൊറോക്കോയുടെ രക്ഷകനായി മാറിയ ഗോളി യാസീന്‍ ബോനോവിന് കാനഡക്ക് വേണ്ടി കളിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ ബോനോ മോറോക്കോയെ തിരഞ്ഞെടുത്തു.
കളിയില്‍ സ്പെയിനിന് മൊറോക്കോയുടെ വേലിക്കെട്ടുകളിലൂടെ നൂണുകടക്കാന് സാധിക്കുകയുണ്ടായില്ല. വശങ്ങളിലൂടെയുള്ള ആക്രമണവും മൊറോക്കോ ചെറുത്തു. നേരത്തെ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയ മൊറോക്കോ തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ടീമായിട്ടാണ് കളിക്കുന്നത്. ശക്തിയുള്ള പ്രതിരോധ നിരക്കുമുന്നില്‍ സൂഫ്യാന്‍ അമ്രബാത്ത് എന്ന മിഡ്ഫീല്ഡറുടെ കാവലുമുണ്ട്. വേണമെങ്കില്‍ മുഴുസമയത്ത് അവര്‍ക്കും ഗോളടിക്കാമായിരുന്നു. ഒരു ഉത്തരാഫ്രിക്കന്‍ രാജ്യം നടാടെയാണ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത് എന്ന സവിശേഷതയും മൊറോക്കോയുടെ മുന്നേറ്റത്തിന് പിറകിലുണ്ട്.
ചെറുപ്പക്കാര്‍ മാത്രമല്ല, തങ്ങളുടെ കളിജീവിതത്തിന്റെ സായാഹ്നം ആഘോഷിക്കുന്ന കളിക്കാരും ലോകകപ്പിനെ സമ്പന്നമാക്കിയിരിക്കുന്നു. മെസ്സിയും റൊണാള്‍ഡോയും മാത്രമല്ല ഇക്കൂട്ടത്തിലുള്ളത്. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ഉണ്ട്, ബ്രസീലിന്റെ ഡാനി ആല്‍വേസ് ഉണ്ട്, പോര്‍ച്ചുഗലിന്റെ പെപ്പെ ഉണ്ട്. ആല്‍വേസ് ഗോളടിക്കാന്‍ ശ്രമിക്കുകയും 39-കാരനായ പെപ്പെ ഗോളടിക്കുകയും ചെയ്തു.
ക്വാര്‍ട്ടറിലെത്തിയ ടീമുകളില്‍ പാരമ്പര്യനിഷേധികളായി ഒരു ടീമേ അവശേഷിച്ചിട്ടുള്ളൂ. മൊറോക്കോയാണത്. അവരേയും സ്പെയിനിനെയും വേര്‍തിരിക്കുന്ന ജിബ്രാള്‍ട്ടര്‍ കടലിടുക്കു പോലെ വലിയ ടീമുകളും ചെറിയ ടീമുകളും തമ്മിലുള്ള അകലം അത്ര കണ്ട് കുറഞ്ഞിട്ടുണ്ടോ എന്ന് ഉടനെ അറിയാറാവും. മറ്റു സ്ഥാനങ്ങള്‍ പാരമ്പര്യശക്തികള് തമ്മില്‍ ഏറ്റുമുട്ടി തീരുമാനിക്കട്ടെ.
Content Highlights: qatar world cup cp vijayakrishnan column on spain vs morocco match and portugan vs switzerland match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..