മുഹമ്മദ് കുഡോസ്lAFP
'മയക്കുമരുന്നിന്റേയും ഗുണ്ടാസംഘങ്ങളുടേയും ക്രിമിനല്‍ കൂട്ടങ്ങളുടേയും ഇടയില്‍ നിന്ന് വരുന്നവര്‍', ഘാനയുടെ ഗ്രേറ്റര്‍ ആക്ര റീജ്യണിലെ നിമയില്‍ നിന്ന് വരുന്ന കുട്ടികളെല്ലാം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു. എത്ര നിഷ്കളങ്കരായാലും ആ മുന്‍വിധിയില്‍ തകര്‍ന്നടിഞ്ഞ ഒരുപാട് ജീവിതങ്ങളുണ്ട് ഇന്നും നിമയില്‍. എന്നാല്‍ ആ ചിത്രം മായ്ച്ചുകളഞ്ഞവരാണ് പ്രസിഡന്റ് നാന അകുഫോ അഡോയും ഫുട്ബോള്‍ താരം മുഹമ്മദ് കുഡൂസും.
ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുമായി തിളങ്ങിയ മുഹമ്മദ് കുഡുസിന് സ്വന്തം നാട്ടില്‍ ദൈവത്തിന്റെ സ്ഥാനമാണ്. നിമയെന്ന ചേരിയിലേക്ക് ഫുട്ബോളിലൂടെ വെളിച്ചംകൊണ്ടുവന്ന ദൈവം. കുട്ടിക്കാലം മുതല്‍ നിമയിലെ ജനങ്ങളുടെ ഹൃദയത്തിലാണ് കുഡുസിന്റെ സ്ഥാനം. 11-ാം വയസ്സില്‍ നാട്ടിലെ സ്ട്രോങ് ടവര്‍ എഫ്.സിയെന്ന ക്ലബ്ബിന്റെ ക്യാപ്റ്റനായി കുഡുസ് മാറി. ഫുട്ബോളിന്റെ എ.ബി.സി.ഡി പഠിക്കേണ്ട കാലത്ത് ടീമിനെ നയിച്ച് അവന് സ്റ്റാറായി മാറി. അവന്റെ ആത്മവിശ്വാസവും ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശവും അത്രത്തോളമുണ്ടായിരുന്നു.
'തെരുവില്‍ നിന്നാണ് ഞാനവന്റെ കളി കാണുന്നത്. അവന്റെയുള്ളിലെ തീ പാറുന്ന കളിക്കാരനെ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അവനെ ഞാന്‍ കൂടെക്കൂട്ടി.' കുഡുസിന്റെ കരിയറില്‍ വഴിത്തിരിവായ സ്ട്രോങ് ടവര്‍ എഫ്.സി മാനേജര്‍ ജോഷ്വ അയോബ അവുവയുടെ വാക്കുകളാണിത്. 'പത്താം വയസ്സിലാണ് അവനെ ആദ്യമായി കാണുന്നത്. അന്ന് അവന് ലോകത്തിലെ ഏറ്റവും മികച്ചവനെന്ന പേരാണ് ഞാന്‍ നല്‍കിയത്'. ജോഷ്വ കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ മൈതാനെത്തന്ന പോലെ ക്ലാസ്മുറികളിലും കൂഡോസ് മിടുക്കനായിരുന്നു. ബുക്സ് ആന്റ് ബൂട്ട്സ് എന്ന സന്നദ്ധ സംഘടന നിമയില്‍ സംഘടിപ്പിച്ച ഫുടബോള്‍ ടൂര്‍ണമെന്റായിരുന്നു കളിയും പഠനത്തിലും മിടുക്കനാകാന്‍ കുഡുസിനെ സഹായിച്ചത്. പട്ടിണി, കുറ്റകൃത്യങ്ങള്‍, ലഹരി ഉപയോഗം, കൗമാര ഗര്‍ഭധാരണം എന്നിവയിലെല്ലാം അകപ്പെട്ടുപോയ സമൂഹത്ത ഫുട്ബോളിലൂടേയും വായനാ സംസ്കാരത്തിലൂടേയും തിരിച്ചുകൊണ്ടുവരികയായിരുന്നു ബുക്സ് ആന്റ് ബൂട്സിന്റെ ലക്ഷ്യം.
'കുഡുസിന് ഒരിക്കലും നല്ലൊരു കളിക്കാരന്റെ ശരീരഘടനയായിരുന്നില്ല. എന്നിട്ടും തന്റെ കഴിവിലും ആത്മവിശ്വാസത്തിലും ഉറച്ച് വിശ്വസിച്ച അവന് നിമയുടെ അതിര്‍ത്തി കടക്കുകയായിരുന്നു.' ബുക്സ് ആന്റ് ബൂട്ട്സ് സി.ഇ.ഒ ആംപോഫോ അഗ്രാ പറയുന്നു.
കുഡുസിന്റെ പ്രകടനം കണ്ട് ഘാനയിലെ റൈറ്റ് ടു ഡ്രീം അക്കാദമിയാണ് ആദ്യം അവനെ തേടിയെത്തിയത്. പിന്നീടങ്ങോട്ട് നേട്ടങ്ങളിലേക്കുള്ള യാത്രയായിരുന്നു. ചേരിയില്‍ നിന്നും വന്നവനെന്ന പേരില്‍ അപരിഷ്കൃതനായിരുന്നുവെങ്കിലും പുതിയ ചുറ്റുപാടുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്നു. പരിശീലന കാലത്തെ ആദ്യ ദിവസം തന്നെ ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശം അവന് കാണിച്ചു തുടങ്ങിയിരുന്നു. റൈറ്റ് ഡ്രീം പരിശീലകന് അബ്ദുള്‍ റാബി ചൂണ്ടിക്കാട്ടുന്നു.
ആറ് വര്‍ഷത്തോളമുള്ള റൈറ്റ് ഡ്രീം അക്കാദമയിലെ കളിദിനങ്ങള്‍ കുഡുസിനെ ഒന്നാകെ മാറ്റിമറിച്ചു. ഫുട്ബോള്‍ പ്രതിഭ എന്നതിനപ്പുറം തന്റെ വ്യക്തിത്വം ടീം അംഗങ്ങള്‍ക്കിടയില്‍ അവനെ പ്രിയപ്പെട്ടവനാക്കി. നൈക്ക് വേള്‍ഡ് അണ്ടര്‍-15 പ്രീമയര്‍ ചാമ്പ്യന്‍ഷിപ്പ് അടക്കം യൂറോപ്യന്‍ ടൂറിലെ പ്രധാന മത്സരങ്ങളെല്ലാം ജയിച്ച റൈറ്റ് ടു ഡ്രീം അക്കാദമിയുടെ പ്രധാന കളിക്കാരനായിരുന്നു ആദ്യം കുഡുസ്. 18 വയസ്സ് പൂര്ത്തായിയി ദിവസങ്ങള്‍ക്കുള്ളില്‍ എഫ്.സി നോര്‍ദ് സജ്ലന്ഡ് അവനെ ടീമിലെടുത്തു. അവിടെ നിന്നായിരുന്നു അയാക്സിലേക്കും ഘാനയുടെ ദേശീയ ടീമിലേക്കുള്ള യാത്ര.
ഫുട്ബോളില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുമ്പോഴും തന്റെ കൗമാര ക്ലബ്ബായ സ്ട്രോങ് ടവറില്‍ ഇപ്പോഴും കുഡുസ് എത്താറുണ്ട്. കുട്ടികള്‍ക്കായി ബൂട്ടും ഫുട്ബോള്‍ ഉപകരണങ്ങളുമായി എത്തുന്ന കുഡുസ് ക്ലബ്ബിന്റെ അഭിമാന താരമാണ്.
'അവന് ഞങ്ങളുടെ കുടുംബാംഗം മാത്രമല്ല, എല്ലാ കുടുംബത്തിലേയും അംഗമാണ്.' കുഡുസിന്റെ അമ്മാവന് അബ്ദുള്‍ ഫത്താവു അല്‍ഹാസന്‍ പറയുന്നു. 2020-ല്‍ ഇറ്റലിയിലെ ടുട്ടോസ്പോര്‍ട്ട് ന്യൂസ്പേപ്പര്‍ കുഡുസിനെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് നല്കി ആദരിച്ചതും അവന്റെ കഴിവും ഫുട്ബോളിന് നല്‍കിയിട്ടുള്ള സംഭാവനയും പരിഗണിച്ചാണ്.
Content Highlights: muhammed kudus ghana qatar world cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..