photo: Getty Images
ലോകത്തെ അമ്പരപ്പിച്ച ആ അത്ഭുതയാത്രയ്ക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇതാ അവസാനമായിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് വമ്പന്മാരെ കീഴടക്കിയ മൊറോക്കന്‍ പോരാട്ടത്തിന് ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ കാലിടറി. ചരിത്രങ്ങളെയെല്ലാം പഴങ്കയഥയാക്കിക്കൊണ്ടാണ് മൊറോക്കോ ഖത്തറില്‍ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടര്‍ന്നു. ഒടുക്കം സെമിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോള്‍ മൊറോക്കോ മറുപടിയില്ലാതെ തിരിഞ്ഞുനടന്നു. ആരവങ്ങള്‍ നിലച്ച അല്‍ ബെയ്ത്തില്‍ അറ്റ്ലസ് സിംഹങ്ങളുടെ സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ചു. എങ്കിലും തലയുയര്‍ത്തി തന്നെയാണ് മടക്കം. അത്ര മനോഹരമായാണ് അവര്‍ പന്തുതട്ടിയത്. കളിപ്രേമികളുടെ ഹൃദയം കവര്‍ന്നുകൊണ്ട്....
ലോകകപ്പിന്റെ ഗ്രൂപ്പ് ഫിക്‌സ്ചറിങ് കഴിഞ്ഞപ്പോള്‍ തന്നെ ഒട്ടുമിക്കവരും മൊറോക്കോയെ എഴുതിത്തള്ളിയതാണ്. കാരണം അവര്‍ക്കൊപ്പമുള്ളത് കരുത്തരായിരുന്നു. ഗ്രൂപ്പ് എഫില്‍ മൊറോക്കോയ്‌ക്കൊപ്പം ബെല്‍ജിയവും ക്രൊയേഷ്യയും കാനഡയുമാണ് പോരാടാനിറങ്ങിയത്. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ക്ലബ്ല് ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ ബൂട്ടുകെട്ടിയിറങ്ങുന്ന ബെല്‍ജിയവും ഗ്രൂപ്പ് എഫില്‍ നിന്ന് അനായാസം നോക്കൗട്ടിലേക്ക് മുന്നേറുമെന്നാണ് കളിപ്രേമികളെല്ലാം പ്രവചിച്ചത്. കാരണം താരതമ്യേന ദുര്‍ബലരായ മൊറോക്കോയും കാനഡയും വെല്ലുവിളിയുയര്‍ത്തുമെന്നു കരുതാന്‍ മാത്രമുള്ള ഒരു ചരിത്രവും അവര്‍ക്കുണ്ടായിരുന്നില്ല.
എന്നാല്‍ മൈതാനത്ത് പ്രവചനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണ് കാണാനായത്. എല്ലാ കണക്കുക്കൂട്ടലുകളും പിഴച്ചു. മൊറോക്കോ ഖത്തറിലെ മൈതാനങ്ങളില്‍ നിറഞ്ഞാടി. ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയായിരുന്നു എതിരാളികള്‍. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാം ക്രൊയേഷ്യയാണ് മുന്നിട്ടുനിന്നത്. എന്നിട്ടും മോഡ്രിച്ചും കൊവാസിച്ചും പെരിസിച്ചും അടങ്ങുന്ന ക്രോട്ട് നിരയ്ക്ക് എത്ര ശ്രമിച്ചിട്ടും മൊറോക്കന്‍ കോട്ട ഭേദിക്കാനായില്ല. മത്സരം ഗോള്‍രഹിതസമനിലയിലാണ് അവസാനിച്ചത്.
രണ്ടാം മത്സരത്തില്‍ ബെല്‍ജിയമായിരുന്നു എതിരാളികള്‍. ചുവന്ന ചെകുത്താന്മാരുടെ സുവര്‍ണനിരയ്ക്ക് കിരീടം നേടാനുള്ള അവസാന അവസരം കൂടിയായിരുന്നു ലോകകപ്പിലേത്. പക്ഷേ മൊറോക്കോ ബൂട്ടുകളിലൊളിപ്പിച്ചുവെച്ച മായാജാലത്തെ അവര്‍ക്ക് തിരിച്ചറിയാനായില്ല. മൊറോക്കോയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ക്കുമുന്നില്‍ ബെല്‍ജിയം പ്രതിരോധം ആടിയുലഞ്ഞു. മത്സരത്തില്‍ ബോള്‍ പൊസിഷന്‍ കൂടുതല്‍ ബെല്‍ജിയത്തിനായിരുന്നു. പക്ഷേ കിട്ടിയ അവസരങ്ങളില്‍ ഗോള്‍മുഖം വിറപ്പിച്ച മൊറോക്കോക്കാര്‍ രണ്ടുതവണ വലകുലുക്കി. അതിന് മറുപടി നല്‍കാന്‍ പേരുകേട്ട ബെല്‍ജിയം മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയേയും കീഴടക്കിയാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്. മൊറോക്കോ രണ്ടുതവണ വലകുലുക്കിയപ്പോള്‍ പ്രതിരോധതാരം നയെഫ് അഗ്വെര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയ്ക്ക് അനുകൂലമായി. മൊറോക്കന്‍ മുന്നേറ്റനിരയുടെ എല്ലാ ആക്രമണോത്സുകതയും കണ്ട മത്സരം കൂടിയായിരുന്നു അത്. വലതു വിങ്ങില്‍ നിന്ന് ഹക്കിം സിയെച്ചും അഷ്രഫ് ഹക്കീമിയും മുന്നേറ്റങ്ങളുമായി നിരന്തരം ബോക്‌സിനുള്ളില്‍ കയറിയിറങ്ങി. നിരവധി ഷോട്ടുകളുമുതിര്‍ത്തു. അങ്ങനെ കളം നിറഞ്ഞ് കളിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തലയെടുപ്പോടെയാണ് മൊറോക്കോ നോക്കൗട്ടിലേക്ക് മുന്നേറുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനും മൊറോക്കോയെ വീഴ്ത്താനായില്ല. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയത് സ്‌പെയിനായിരുന്നു. പക്ഷേ ഗോളടിക്കാതെ ജയിക്കാനാവില്ലെന്ന യാഥാര്‍ഥ്യം വീണ്ടും അവര്‍ തിരിച്ചറിഞ്ഞു. നിശ്ചിതസമയവും കഴിഞ്ഞ് അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് തന്നെ വേണ്ടിവന്നു. അവിടെ സ്‌പെയിനിന് കാലിടറി. ഒറ്റ കിക്ക് പോലും ഗോളാക്കാനാവാതെ സ്‌പെയിന്‍ ഷൂട്ടൗട്ടില്‍ ദയനീയമായി തകര്‍ന്നടിഞ്ഞു. മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോനോ മികച്ച സേവുകളുമായി അവരുടെ ഹീറോയായി മാറി.
സ്‌പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം കൂടിയായിയിരുന്നു അവര്‍. 1990-ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിക്കൊണ്ട് കാമറൂണാണ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയത്. പിന്നാലെ 2002-ല്‍ സെനഗലും 2010-ല്‍ ഘാനയും ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തി. 1998-ല്‍ നൈജീരിയക്കുശേഷം ലോകകപ്പില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തുന്ന ആഫ്രിക്കന്‍ രാജ്യം കൂടിയായിരുന്നു മൊറോക്കോ.
പ്രീ ക്വാര്‍ട്ടറില്‍ സ്വിസ്പടയെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് കീഴടക്കിയ പോര്‍ച്ചുഗീസ് പടയായിരുന്നു ക്വാര്‍ട്ടറിലെ മൊറോക്കോയുടെ എതിരാളികള്‍. ഒരു ലോകകിരീടമെന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്‌നത്തിന് വിലങ്ങിടാന്‍ മൊറോക്കോയ്ക്ക് സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മുന്നേറ്റവും മധ്യനിരയുമെല്ലാം സുശക്തമായ പോര്‍ച്ചുഗീസ്പട ക്രിസ്റ്റ്യാനോയില്ലാതെയാണ് മൊറോക്കോയ്‌ക്കെതിരേ ഇറങ്ങിയത്. പക്ഷേ തുടക്കം മുതല്‍ തന്നെ അവര്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. ഹൈ പ്രെസ്സിങും കൗണ്ടര്‍ അറ്റാക്കുകളുമായി മൊറോക്കോ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ അത്ഭുതമായി മാറി. ആദ്യ പകുതിയില്‍ തന്നെ ലീഡുമെടുത്തു.
രണ്ടാം പകുതിയില്‍ റോണോയെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മൊറോക്കോ വര്‍ധിതവീര്യത്തോടെ ഉറച്ചുനിന്നു. മുന്നേറ്റങ്ങളെല്ലാം പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചു. അവസാനമിനിറ്റുകളിലെ മൊറോക്കോയുടെ പ്രകടനം കണ്ട് കായികലോകം അമ്പരന്നുനിന്നു. പിറകില്‍ നില്‍ക്കുന്ന ടീം മത്സരത്തിന്റെ അവസാനമിനിറ്റുകളില്‍ സ്വാഭാവികമായും പ്രതിരോധക്കോട്ടതീര്‍ക്കും. മുന്നോട്ടിറങ്ങിക്കളിക്കാന്‍ മുതിരാതെ പ്രതിരോധത്തിലേക്ക് വലിയും. പക്ഷേ മൊറോക്കോയുടെ ഗെയിംപ്ലാന്‍ വ്യത്യസ്തമായിരുന്നു. അവര്‍ അവസാനനിമിഷങ്ങളിലും പോര്‍ച്ചുഗലിനെ വിറപ്പിക്കുന്നതാണ് കണ്ടത്. ആക്രമണവും പ്രെസ്സിങും ഒരു ഘട്ടത്തിലും അവര്‍ കൈവിട്ടില്ല. ഒടുവില്‍ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുടഞ്ഞ വേദനയില്‍ റോണോ കണ്ണീരോടെ കളം വിട്ടു. ചരിത്രം കുറിച്ച് മൊറോക്കോ സെമിയിലേക്കും മുന്നേറി.
സെമിയില്‍ മൂന്ന് സെന്റര്‍ ബാക്കുകളെ കളത്തിലിറക്കിയാണ് മൊറോക്കോ പരിശീലകന്‍ തന്ത്രമൊരുക്കിയത്. ഇത് ടൂര്‍ണമെന്റിലുടനീളം കണ്ട മൊറോക്കോയുടെ കളിശൈലിയെ വ്യത്യസ്തമാക്കി. മത്സരം ആരംഭിച്ച് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഫ്രാന്‍സ് വലകുലുക്കി. ഫ്രാന്‍സ് ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസാണ് ഗോളടിച്ചത്. ടൂര്‍ണമെന്റില്‍ മൊറോക്കോയ്‌ക്കെതിരേ ഗോളടിക്കുന്ന ആദ്യ എതിര്‍ടീമിന്റെ താരമായിരുന്നു തിയോ. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം സെന്റര്‍ബാക്കും ക്യാപ്റ്റനുമായ റൊമെയ്ന്‍ സൈസിനുപകരം സെലിം അമല്ലയെ കളത്തിലിറക്കി.
പിന്നീട് നിലവിലെ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന മൊറോക്കോയെയാണ് മൈതാനത്ത് കണ്ടത്. വിങ്ങുകളില്‍ നിന്ന് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ മൊറോക്കോ ഫ്രാന്‍സ് ഗോള്‍മുഖങ്ങളില്‍ ഇരച്ചെത്തി. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. ഒടുക്കം രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടാമതും വലകുലുക്കിയതോടെ മൊറോക്കോ പരാജയം ഏറ്റുവാങ്ങി. ആ അത്ഭുതയാത്രയ്ക്ക് നാന്ദികുറിക്കപ്പെട്ടു. കായികലോകത്തിന്റെയൊന്നടങ്കം കയ്യടിനേടിക്കൊണ്ട് ഹക്കീം സിയെച്ചും സംഘവും മടങ്ങുന്നു.
Content Highlights: Morocco a delight of this World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..