അന്നയാള്‍ക്കൊപ്പം ഒരു ജനത മുഴുവന്‍ കണ്ണീരണിഞ്ഞു; ഇനി ഒരേയൊരു സ്വപ്‌നം മാത്രം...


ആദര്‍ശ് പി ഐ

അപരാജിതകുതിപ്പ് തുടരുന്ന സ്‌കലോണിപ്പടയെ ആര്‍ക്ക് തടയാനാകും? അയാള്‍ എന്തത്ഭുതമായിരിക്കും ഖത്തറില്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്?

photo: twitter/infosfcb

ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെയാണ് പരാന നദി ഒഴുകികൊണ്ടിരിക്കുന്നത്. ബ്രസീലിന്റെയും അര്‍ജന്റീനയുടേയും പാരാഗ്വായുടേയുമൊക്കെ ആത്മാവിനെ തൊട്ടറിഞ്ഞുളള ആ ഒഴുക്കിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അര്‍ജന്റീനയിലെ റൊസാരിയോയില്‍നിന്ന് നോക്കിയാല്‍ ഒഴുകുന്ന പരാനയ്ക്ക് മുകളിലൂടെ സൂര്യനുദിച്ചുയരുന്ന കാഴ്ച കാണാം. അതേ ഒഴുക്കുപോലെയാണ് അര്‍ജന്റീനക്കാരുടെ പന്താട്ടവും. കാല്‍പ്പനികമായ നൃത്തച്ചുവടുപോലെയാണ് അത്. അങ്ങനെ തെരുവുകളിലും മൈതാനങ്ങളിലും പന്ത് തട്ടിക്കൊണ്ട് ഉദിച്ചുയര്‍ന്ന എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളുടെ തിളക്കമിപ്പോഴും ആ മണ്ണിനെ പ്രകാശഭരിതമാക്കുന്നുണ്ട്. അത്ര സര്‍ഗാത്മകമായാണ് ആ നീലക്കുപ്പായക്കാരുടെ കാലുകളിലൂടെ പന്ത് സഞ്ചരിച്ചുകൊണ്ടിരുന്നത്.

പതിറ്റാണ്ടുകള്‍ക്കപ്പുറവും പരാന ഒഴുക്ക് തുടര്‍ന്നു. പക്ഷേ മൈതാനത്ത് അവര്‍ക്ക് അങ്ങനെ ഒഴുകി നടക്കാനായില്ല. പഠിച്ചുറപ്പിച്ച പാഠങ്ങളെല്ലാം അപ്രസക്തമായി. അവര്‍ പരാജിതരായി തിരിഞ്ഞുനടന്നു. ഒന്നിനും അവരെ തിരിച്ചുകൊണ്ടുവരാനായില്ല. ഒരു ഭൂതകാലത്തിനും അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനായില്ല. ഒടുവില്‍ കാല്‍പ്പനികതയെ കരയ്ക്കിരുത്തി പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞ് ലയണല്‍ സെബാസ്റ്റ്യന്‍ സ്‌കലോണി എന്ന നാല്‍പ്പത്തിനാലുകാരന്‍ അവരുടെ സ്വപ്‌നങ്ങളെ പുനര്‍ജ്ജനിപ്പിച്ചു. മൈതാനങ്ങളില്‍ വീണ്ടും ആല്‍ബിസെലസ്റ്റന്‍ തിരയിളക്കം.കെട്ടുറപ്പില്ലാത്ത ഒരു ടീമിലേക്ക് കടന്നു വരുന്ന ഓരോ പുതിയ പരിശീലകരും സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളുണ്ട്. ഓരോ കളിക്കാരും മൈതാനത്ത് വ്യത്യസ്തമായ സമീപനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായിരിക്കും. അവരെ അദൃശ്യമായ വലക്കണ്ണികളാല്‍ മൈതാനത്ത് ചേര്‍ത്തുനിര്‍ത്തണം. അനുയോജ്യമായ ഫോര്‍മേഷന്‍ കണ്ടെത്തണം. പ്രതിസന്ധിഘട്ടങ്ങള്‍ക്കനുസരിച്ച് കളിയുടെ രീതി മാറ്റാന്‍ താരങ്ങളെ പ്രാപ്തരാക്കണം. പഠിച്ചുറപ്പിച്ച പാഠങ്ങള്‍ അപ്രസക്തമാകുമ്പോള്‍ പുതിയ കളിയും ശാസ്ത്രവും ആവിഷ്‌ക്കരിക്കേണ്ടതായി വരും. അതിന് പതിറ്റാണ്ടുകളായി സഞ്ചരിക്കുന്ന വഴികളില്‍നിന്ന് മാറിയൊഴുകിയേ മതിയാവൂ. തനിക്ക് മുന്നില്‍ കടന്നുവന്ന വെല്ലുവിളികളെ സ്‌കലോണി മറികടക്കുന്നതും അങ്ങനെയാണ്. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുക്കം 2021 കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ കാനറികളുടെ സ്വന്തം മാരക്കാന ആല്‍ബിസെലസ്റ്റന്‍ തിരമാലകളാല്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ സൃഷ്ടിച്ചെടുത്ത പാതയിലൂടെയാണ്.

photo: Getty Images

2019 കോപ്പ അമേരിക്ക സെമിഫൈനലില്‍ ചിരവൈരികളായ ബ്രസീലായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. കോപ്പ അമേരിക്ക സെമിയില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് കാനറികള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി. അതിന് ശേഷം നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുളള മത്സരം സംഭവബഹുലമായിരുന്നു. അര്‍ജന്റീന ആരാധകര്‍ക്ക് അങ്ങനെ എളുപ്പത്തില്‍ ആ മത്സരം മറക്കാനാകില്ല. 2015-ലും 2016-ലും കോപ്പ അമേരിക്കയിലെ കലാശപ്പോരില്‍ തങ്ങളെ കീഴടക്കിയ ചിലിക്കെതിരേ അര്‍ജന്റീന സര്‍വ്വായുധങ്ങളുമായി പോരാടി. ആദ്യ മുപ്പത് മിനിറ്റിനുളളില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിട്ടുനിന്നു. 37-ാം മിനിറ്റില്‍ ചിലിയന്‍ പ്രതിരോധനിരക്കാരന്‍ ഗാരി മെഡലുമായി മെസ്സി തര്‍ക്കത്തിലേര്‍പ്പെട്ടു. റഫറി രണ്ടുപേര്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കി. മെസ്സിയുടെ രാജ്യാന്തര കരിയറിലെ രണ്ടാം ചുവപ്പ് കാര്‍ഡായിരുന്നു അത്. 59-ാം മിനിറ്റില്‍ ചിലി തിരിച്ചടിച്ചെങ്കിലും ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന വിജയിച്ചു. കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരായി മടങ്ങി എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും ആ മത്സരത്തിന് അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അര്‍ജന്റീനയുടെ പുതുചരിത്രം പിറവിയെടുത്ത മത്സരമായി അതിനെ വിലയിരുത്താം. ആ മത്സരമടക്കം 36-മത്സരങ്ങള്‍ അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ അപരാജിതരായി തുടര്‍ന്ന ഇറ്റലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇനി ലോകകപ്പിലാണ് അര്‍ജന്റീനയുടെ പോരാട്ടം. ചരിത്രം കുറിക്കാന്‍ സ്‌കലോണിയും സംഘവും തയ്യാറെടുത്തുകഴിഞ്ഞു.

photo: Getty Images

നാല് വര്‍ഷം മുമ്പ് 2018-ലോകകപ്പിനെത്തുമ്പോള്‍ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അര്‍ജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകര്‍ന്നടിഞ്ഞ ടീം. യൂറോപ്യന്‍ ലീഗുകളില്‍ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങള്‍ ഉയര്‍ന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്.

സാംപോളി ടീമിന്റെ പരിശീലകകുപ്പായമണിയാന്‍ തുടങ്ങിയിട്ടും കളിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പലപ്പോഴും മെസ്സിയുടെ തോളിലേറിയാണ് ടീം പരാജയത്തില്‍ നിന്ന് കരകയറിയിരുന്നത്. ഒരു സ്ഥിരം ഫോര്‍മേഷനോ പൊസിഷനുകളില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന കളിക്കാരോ വിരളമായിരുന്നു. അര്‍ജന്റീനിയന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളായിരുന്നു ടീമിലധികവും. ലോകകപ്പില്‍ പന്ത് തട്ടാനിറങ്ങിയ സംഘം പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. തോല്‍വിയെത്തുടര്‍ന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണല്‍ സ്‌കലോണിയ്ക്ക് അര്‍ജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറുന്നത്.

യൂറോപ്യന്‍ ലീഗുകളില്‍നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്‌കലോണി പുത്തന്‍ ടീമിനെ വാര്‍ത്തെടുത്തു. റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലേക്ക് വന്നതോടെ അര്‍ജന്റീനയ്ക്ക് പുതിയ ഭാവം കൈവന്നു. മുന്നേറ്റത്തില്‍ മെസ്സി പടനയിച്ചിറങ്ങുമ്പോള്‍ മധ്യനിരയിലെ നെടുംതൂണായി ഡി പോള്‍ ഉറച്ചുനിന്നു. പ്രതിരോധത്തില്‍ ക്രിസ്റ്റിയന്‍ റോമേറോയും ഗോള്‍ ബാറിന് കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും. പഴയ അര്‍ജന്റീനിയന്‍ ശൈലിയെ കൈവെടിഞ്ഞ സ്‌കലോണി യൂറോപ്യന്‍ രീതികളുള്‍ച്ചേര്‍ന്നാണ് തന്ത്രങ്ങളൊരുക്കിയത്. പ്രായോഗികതയാണ് സ്‌കലോണി ആധാരമാക്കിയത്. മത്സരങ്ങള്‍ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു.

എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് സ്‌കലോണിപ്പട 2021 കോപ്പയില്‍ മുന്നേറിയത്. സ്വപ്‌നഫൈനലില്‍ ചിരവൈരികളായ ബ്രസീലായിരുന്നു എതിരാളികള്‍. സെമിഫൈനലില്‍നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഫൈനലില്‍ ബ്രസീലിനെ നേരിട്ടത്. ടൂര്‍ണമെന്റിലതുവരെ ആദ്യ പതിനൊന്നിലിടംപിടിക്കാതിരുന്ന എയ്ഞ്ചല്‍ ഡി മരിയയെ കൊണ്ടുവന്നതടക്കം തന്ത്രപരമായിരുന്നു സ്‌കലോണിയുടെ ഓരോ നീക്കങ്ങളും. ടൂര്‍ണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കി രാജകീയമായാണ് സ്‌കലോണിപ്പട കിരീടത്തില്‍ മുത്തമിട്ടത്.

photo: Getty Images

രാജ്യത്തിനായി പിന്നീട് കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അര്‍ജന്റീന അപരാജിത കുതിപ്പ് തുടര്‍ന്നു. അതിനിടയില്‍ വന്‍കരയിലെ ചാമ്പ്യന്‍മാരുടെ പോരാട്ടവും വന്നു. യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ജയത്തേക്കാള്‍ അര്‍ജന്റീനയുടെ കളി കണ്ടാണ് കായികലോകം അത്ഭുതപ്പെട്ടത്. കളിയുടെ സര്‍വ്വമേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന ഫൈനലിസ്സിമ ട്രോഫി നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നായി അര്‍ജന്റീന മാറിക്കഴിഞ്ഞു. മെസ്സിയും പത്തുപേരും എന്നതില്‍ നിന്ന് പതിനൊന്ന് പേരടങ്ങുന്ന മികച്ച കളിക്കൂട്ടമായി രൂപാന്തരപ്പെടുകയും ചെയ്തു. കിരീടത്തിനായുളള അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പവസാനിപ്പിച്ച സ്‌കലോണിക്ക് ലോകകിരീടവും നേടിത്തരാനാകുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അവസാനലോകകപ്പിനിറങ്ങുന്ന മെസ്സിക്ക് വിശ്വകിരീടത്തോടെ പടിയിറങ്ങാനുമാകും. അപരാജിതകുതിപ്പ് തുടരുന്ന സ്‌കലോണിപ്പടയെ ആര്‍ക്ക് തടയാനാകും? അയാള്‍ എന്തത്ഭുതമായിരിക്കും ഖത്തറില്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്? കായികലോകമൊന്നടങ്കം കാത്തിരിക്കുകയാണ്.

Content Highlights: Lionel Scaloni’s long journey to rebuild Argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented