photo: Getty Images
പ്രിയപ്പെട്ട മാറഡോണ, ഈ ഭൂഗോളത്തിലെവിടെ നിന്നാണ് നിങ്ങളീ കാഴ്ചകാണുന്നതെന്ന് നിശ്ചയമില്ല. എവിടെയായാലും നിങ്ങള്‍ ആനന്ദാശ്രുപൊഴിക്കുന്നുണ്ടാകും. മതിമറന്ന് പൊട്ടിത്തെറിക്കുന്നുണ്ടാകും. ഉറപ്പ്. നിങ്ങള്‍ക്കു ശേഷമിതാ മിശിഹ എന്ന മെസ്സി ആ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം കുറിച്ചിരിക്കുന്നു. ആ നീലക്കുപ്പായക്കാര്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. മിശിഹ ആനന്ദനൃത്തമാടുന്നു. ദൈവത്തിനുശേഷം മിശിഹ വാഴ്ത്തപ്പെട്ടവനാകുന്ന ഈ രാത്രിയില്‍ എങ്ങനെ നിങ്ങളെ തിരയാതിരിക്കും? നിങ്ങളുടെ പ്രവചനങ്ങള്‍ അന്വര്‍ഥമാകുകയാണ്. തന്റെ പിന്‍ഗാമിയായെന്ന് വിളിച്ച അതേ പത്താംനമ്പറുകാരന്‍ ഇതാ ആ കനകസിംഹാസനത്തില്‍ അവരോധിക്കപ്പെടുകയാണ്. രാജകീയമായി...
കണ്ണീരും കിനാവും പെയ്തിറങ്ങിപ്പോയ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന വീണ്ടും ആ വിശ്വകിരീടത്തില്‍ ചുംബിക്കുന്നത്. ആ യാത്രയില്‍ ഇരുട്ട് തളം കെട്ടിക്കിടന്നിരുന്നു. സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. എത്രയോ തവണ. ഒടുക്കമിതാ അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. നഷ്ടപ്പെട്ട പ്രണയങ്ങളും പരാജയപ്പെട്ട യുദ്ധങ്ങളും അത്രമേല്‍ കരുത്തരാക്കിയ ഒരു ജനതയിങ്ങനെ ആര്‍ത്തിരമ്പിയെത്തുമ്പോള്‍ പുതു ചരിത്രം പിറവിയെടുക്കുന്നു. മാറഡോണയ്ക്കു ശേഷം മിശിഹയുടെ പേരും അങ്ങനെ വിശ്വകിരീടത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു.
കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ഒന്നായിരുന്നു 1986-ലോകകപ്പിലെ മാറഡോണയുടെ പ്രകടനം. അത് കണ്ട് അത്ഭുതപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ക്വാര്‍ട്ടറിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം. അന്ന് മെക്‌സിക്കോയിലെ ആസ്റ്റക്ക് സ്‌റ്റേഡിയത്തില്‍ ദൈവവും ചെകുത്താനും ഒന്നിച്ച് പന്തുതട്ടാനിറങ്ങി.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് അത് സംഭവിക്കുന്നത്. മാറഡോണയും സഹതാരം ജോര്‍ജ് വാല്‍ഡാനോയും ചേര്‍ന്ന് നടത്തിയ ഒരു മുന്നേറ്റം. വാല്‍ഡാനോ ഇംഗ്ലീഷ് പ്രതിരോധക്കാരെ വെട്ടിയൊഴിയാന്‍ ശ്രമിക്കുന്നു. അത് പ്രതിരോധിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധതാരം സ്റ്റീവ് ഹോഡ്ജിന് അടുത്ത നീക്കത്തില്‍ പിഴച്ചു. ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന് മറിച്ച് നല്‍കാന്‍ ശ്രമിച്ച പന്ത് ഉയര്‍ന്നുപൊങ്ങി. മാറഡോണയും ഷില്‍ട്ടനും പന്തിനായി ഉയര്‍ന്നുചാടി. എന്നാല്‍ ഗോള്‍ കീപ്പറെ മറികടക്കാനാവില്ലെന്ന് മനസിലാക്കിയ മാറഡോണ ആ കൈ പ്രയോഗം നടത്തി. ഇടംകൈകൊണ്ട് പന്ത് തട്ടി വലയിലാക്കി. ഇംഗ്ലണ്ട് താരങ്ങള്‍ അത് ഹാന്‍ഡ്‌ബോളാണെന്ന് വാദിച്ചെങ്കിലും റഫറി ഗോളനുവദിച്ചു. ആസ്റ്റക്കിലെ കാണികള്‍ ചെകുത്താന്റെ കൈ എന്ന് കൂകിവിളിച്ചു.
എന്നാല്‍ നാലുമിനിറ്റകം അയാള്‍ ആ അട്ടഹാസങ്ങളെയൊക്കെ നിശബ്ദമാക്കി. ലോകത്തെ അമ്പരപ്പിച്ചൊരു ഗോളിലൂടെ. 55-ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍ നിന്ന് ഹെക്ടര്‍ എന്റിക്വെ പന്ത് മാറഡോണയ്ക്ക് നല്‍കി. പിന്നെയൊരു പത്ത് സെക്കന്റ് നേരം അയാള്‍ അതിമാനുഷനായി. മുന്നില്‍ വന്നുനിന്ന എതിരാളികളെയെല്ലാം വെട്ടിച്ചുകടന്നു. ഒടുക്കം ഗോളി പീറ്റര്‍ ഷില്‍ട്ടനേയും മറികടന്ന് വലകുലുക്കി. കണ്‍മുന്നില്‍കണ്ടത് വിശ്വസിക്കാനാവാതെ എതിരാളികള്‍ സ്തബ്ദരായി നിന്നു. ചെകുത്താനില്‍ നിന്ന് ദൈവത്തിലേക്കുള്ള പരകായപ്രവേശം. ഒടുവില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സെമിയിലേക്ക്.
അവിടെയും അയാളുടെ കുതിപ്പ് തടയാനായില്ല. മാറഡോണയുടെ ഇരട്ടഗോളില്‍ ബെല്‍ജിയത്തെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. അയാള്‍ പകര്‍ന്നാടിയ അതേ ആസ്റ്റക്കില്‍ വെച്ച് തന്നെ വിശ്വകിരീടവുമുയര്‍ത്തി. അര്‍ജന്റീനക്കാര്‍ മതിമറന്നാടി. മാറഡോണയെന്നാല്‍ അവര്‍ക്കൊടുങ്ങാത്ത ആവേശമായി മാറി. സ്വപ്‌നസാഫല്യമേകിയ ദൈവവും. അയാളത്ര ഗാഡമായി അവരുടെ ആത്മാവില്‍ ലയിച്ചുകഴിഞ്ഞിരുന്നു.
ഉന്മാദിയായ അവരുടെ ദൈവം 1990-ല്‍ ലോകകപ്പില്‍ വീണ്ടും കലാശപ്പോരിനെത്തി. പക്ഷേ ഇത്തവണ അയാള്‍ നിരായുധനായി. അര്‍ജന്റീനയെ പരാജയപ്പെടുത്തി പശ്ചിമ ജര്‍മനി കിരീടമുയര്‍ത്തി. കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ട് ജര്‍മന്‍ ആരാധകര്‍ ഗാലറിയില്‍ വിജയമാഘോഷിക്കുമ്പോള്‍ മൈതാനമധ്യത്ത് മാറഡോണ പൊട്ടിക്കരഞ്ഞു. ആ നീലക്കുപ്പായക്കാരെ പ്രണയിച്ചവരൊക്കെയും കൂടെ കരഞ്ഞു. അയാള്‍ പിന്നേയും ഒടുങ്ങാത്ത ആവേശത്തോടെ ആല്‍ബിസെലസ്റ്റന്‍ സ്വപ്‌നങ്ങളും വഹിച്ച് പന്തുതട്ടിക്കൊണ്ടിരുന്നു. 1994-ലും അര്‍ജന്റീനയ്ക്കായി വിശ്വം കീഴടക്കാനിറങ്ങി. ആദ്യ രണ്ട് മത്സരങ്ങളില്‍ മൈതാനത്തിറങ്ങി. എന്നാല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ ആ കരിയറിന് തിരശ്ശീലവീണു.
പിന്നീടങ്ങോട്ട് അയാളുടെ പത്താം നമ്പര്‍ കുപ്പായവുമണിഞ്ഞ് പലരും വിശ്വപോരാട്ടത്തിനിറങ്ങി. പന്തുകൊണ്ട് മായാജാലം കാട്ടി. വീണ്ടും ആ പ്രതീക്ഷകള്‍ തളിരിട്ടു. പക്ഷേ കാത്തിരിപ്പിന്റെ നീളമേറിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. നീലക്കുപ്പായത്തില്‍ തിളങ്ങിക്കൊണ്ടിരുന്നവരിലെല്ലാം അവര്‍ പുതിയൊരു ദൈവത്തെ തേടി. ആദ്യം വന്നത് ഏരിയേല്‍ ഒര്‍ട്ടേഗയായിരുന്നു. ഒപ്പം ബാറ്റിസ്റ്റ്യൂട്ടയും. പിന്നെ റിക്വെല്‍മിയും വല്ലാതെ മോഹിപ്പിച്ചു. പക്ഷേ ആല്‍ബിസെലസ്റ്റന്‍ ആകാശം കറുത്തിരുണ്ടുതന്നെ കിടന്നു.
അത്ഭുതങ്ങള്‍ ബൂട്ടിലൊളിപ്പിച്ചൊരു റൊസാരിയോക്കാരന്‍ പയ്യന്‍ ആ നീലയും വെള്ളയും നിറത്തിലുള്ള കുപ്പായമണിയാന്‍ തുടങ്ങിയതുമുതലാണ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. സ്‌പെയിനിലെ കളിത്തട്ടില്‍ അപ്പോഴേക്കും മെസ്സി പയറ്റിത്തെളിഞ്ഞിരുന്നു. തട്ടകമായ ക്യാമ്പ്‌നൗവിലും സാന്റിയാഗോ ബെര്‍ണബ്യൂവിലും നിറഞ്ഞാടിയ പയ്യനില്‍ അര്‍ജന്റീനക്കാര്‍ പ്രത്യാശയുടെ കിരണങ്ങള്‍ കണ്ടു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ദ്യോര്‍ വേദിയിലും തരംഗമായതോടെ മങ്ങലേറ്റ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു.
2010-ലോകകപ്പിനെത്തിയ അര്‍ജന്റീനിയന്‍ സംഘത്തില്‍ മെസ്സിക്കൊപ്പം മാറഡോണയുമുണ്ടായിരുന്നു. മെസ്സി മൈതാനത്തും മാറഡോണ വെള്ളവരയ്ക്കുപുറത്തും. എന്നാല്‍ കിരീടസ്വപ്‌നങ്ങള്‍ക്ക് അടുത്തെത്തുംമുമ്പേ തന്നെ അവര്‍ തിരിഞ്ഞുനടന്നു. മൈതാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച മാറഡോണയ്ക്ക് പരിശീലകവേഷത്തില്‍ ആ സ്വപ്‌നദൂരം താണ്ടാനാകാതെ വന്നു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2014-ല്‍ ലോകകപ്പിനെത്തുമ്പോഴേക്കും മെസ്സി അവരുടെ മിശിഹയായി മാറിയിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളത്രയും മെസ്സിയുടെ ചുമലിലായിരുന്നു. കരിയറിലെ തന്നെ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി ലോകകപ്പിലും ആ പ്രകടനം തുടര്‍ന്നു. അങ്ങനെ രണ്ട് പതിറ്റാണ്ടിനുശേഷം അവര്‍ ഫൈനലിലുമെത്തി. ഇത്തവണ കാത്തിരിപ്പിന് വിരാമമാകുമെന്ന് അര്‍ജന്റീനക്കാര്‍ ഉറച്ചുവിശ്വസിച്ചു. കാലങ്ങളായി ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നത് നിങ്ങളേ പോലൊരു നായകനെയായിരുന്നല്ലോ എന്ന് അവര്‍ മന്ത്രിച്ചു.
പക്ഷേ കലാശപ്പോരിന്റെ 113-ാം മിനിറ്റില്‍ ഗോട്‌സെ വെടിയുതിര്‍ത്തു. ജര്‍മന്‍കാര്‍ ആഹ്ലാദത്തിലാറാടി. അവസാനസെക്കന്റുവരെ അര്‍ജന്റീനക്കാര്‍ ഒരു തിരിച്ചടിക്കായി കാത്തിരുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് വെച്ച് കിട്ടിയ ഫ്രീകിക്ക് അവസാന പ്രതീക്ഷയായിരുന്നു. ഗോള്‍വലയിലേക്ക് ഒരു കിക്ക്, ഒരേയൊരു കിക്ക്. സ്‌പെയിനിലും യൂറോപ്പിലും മാരിവില്ലഴകുകള്‍ വിരിയിച്ച ആ ബൂട്ടില്‍ നിന്ന് ജീവന്‍ തിരികെ പിടിക്കാന്‍ അത് വേണമായിരുന്നു അവര്‍ക്ക്. പക്ഷേ ഗോള്‍ബാറിന് മുകളിലൂടെ ആ പന്തിനൊപ്പം അവരുടെ പ്രതീക്ഷകളും ലക്ഷ്യം തെറ്റി പറന്നകന്നു.
കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ തുടര്‍ച്ചയായി രണ്ടുതവണ പരാജയപ്പെട്ടിട്ടാണ് മെസ്സിപ്പട വീണ്ടും വിശ്വം കീഴടക്കാനെത്തിയത്. യൂറോപ്പിലെ മിന്നും താരങ്ങളൊന്നുമില്ലാതെ ഉഴറിയ അര്‍ജന്റീന 2018-ലോകകപ്പിന് യോഗ്യതനേടുന്നത് പോലും അവസാനഘട്ടത്തിലാണ്. ലോകകപ്പിലും അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പറത്തായി. ഇനി അര്‍ജന്റീനയ്ക്ക് അടുത്തകാലത്തൊന്നും കിരീടം നേടാനാകില്ലെന്ന വിലയിരുത്തലുകള്‍ വന്നു. മെസ്സിക്ക് ഇനി ഒന്നും ചെയ്യാനാകില്ലെന്ന വിമര്‍ശനങ്ങളും.
2022-ലോകകപ്പിനെത്തുമ്പോഴേക്കും കളിയും കഥയും മാറിക്കഴിഞ്ഞിരുന്നു. മാറഡോണയില്ലാതെ മൈതാനങ്ങളില്‍ തലങ്ങും വിലങ്ങും പലവട്ടം പന്തുരുണ്ടു. സ്‌കലോണി തന്റേതായ ചരിത്രം എഴുതിത്തുടങ്ങി. പുത്തന്‍ താരങ്ങളെ വാര്‍ത്തെടുത്ത സ്‌കലോണി ടീമിനെ എത് പോരാട്ടത്തിനും കെല്‍പ്പുള്ളൊരു സംഘമായി മാറ്റിയെടുത്തു. കാല്‍പ്പനികതയെ വെള്ളവരയ്ക്ക് പുറത്തുനിര്‍ത്തി പ്രായോഗികതയിലൂടെയാണ് സ്‌കലോണി മുന്നോട്ടുപോയത്. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുക്കം അവര്‍ കോപ്പ അമേരിക്കയിലും മുത്തമിട്ടു. പിന്നാലെ ഫൈനലിസ്സിമ ട്രോഫിയിലും. എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞ് അപരാജിതകുതിപ്പുമായാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്.
ആദ്യ മത്സരത്തില്‍ പക്ഷേ സൗദിയോട് അപ്രതീക്ഷിത തോല്‍വിയേറ്റു. പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലൂടെ മെസ്സിപ്പട തിരിഞ്ഞുനടന്നു. ആ പത്താം നമ്പറുകാരന്റെ സ്വപ്‌നങ്ങളിത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തകര്‍ന്നുടയുമെന്ന വിലയിരുത്തല്‍. എന്നാല്‍ സ്‌കലോണി ടീമിനെ ഒരുക്കിനിര്‍ത്തി. പതിവുപോലെ പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞു. പിന്നീടൊരു മത്സരവും അര്‍ജന്റീന തോറ്റിട്ടില്ല. എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞ് കലാശപ്പോരിലേക്ക്...
ജീവനും മരണത്തിനുമിടയിലങ്ങനെ കുമ്മായം കൊണ്ട് വരച്ചുനിര്‍ത്തിയ ആ ബോക്‌സിനുള്ളില്‍ നിന്ന് കലാശപ്പോരിലെ 23-ാം മിനിറ്റില്‍ ആ കിക്കെടുക്കുമ്പോള്‍ ഭൂതകാലമങ്ങനെ ഓര്‍മയില്‍ മിന്നിമറഞ്ഞിട്ടുണ്ടാകണം. പലതവണ നിരായുധനായി മടങ്ങേണ്ടി വന്ന ആ സ്‌പോട്ടില്‍ നിന്ന് ഹ്യൂഗോ ലോറിസ്സങ്ങനെ ഏകാന്തനായി നില്‍ക്കുമ്പോള്‍ ഗാലറി ഒന്നടങ്കം നിശബ്ദമായിരുന്നു. സ്വാഭാവികമായും സമ്മര്‍ദത്തിനടിപ്പെടേണ്ട ആ നിമിഷം പക്ഷേ ഇത്തവണ അയാള്‍ അതിശയിപ്പിക്കുന്ന അനായാസതയോടെ വലയിലെത്തിച്ചു. പിന്നാലെ മാലാഖയും വലകുലുക്കി.
കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസില്‍ മുഴക്കുന്നതുവരെ ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ഇരുട്ട് നിറഞ്ഞ കോണില്‍ ആ സ്വപ്‌നക്കിരീടം അയാളേയും കാത്തുനിന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചതല്ലാതെ ലോകം ആ മത്സരം വീക്ഷിച്ചിട്ടുണ്ടാകില്ല. അവസാന മിനിറ്റുകളില്‍ എംബാപ്പേയുടെ തിരിച്ചടി. അര്‍ജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്‌സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാല്‍റ്റി ഷൂട്ടൗട്ട്.
അവിടെ തോറ്റാല്‍ മരണമാണ്. ദൈവം പക്ഷേ മുകളിലെവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കണം. ദൈവം കഴിഞ്ഞാല്‍ പിന്നെ അവരുടെ മിശിഹയ്ക്ക് വേണ്ടി അവര്‍ക്കത് നേടണമായിരുന്നു. അല്ലാതെ അയാള്‍ക്ക് അവിടെ നിന്ന് മടങ്ങാനാവില്ലല്ലോ. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. ആനന്ദനൃത്തമാടി. ലോകം കീഴടക്കി അര്‍ജന്റീന...ഇതാ കാത്തിരിപ്പിന്റെ പൊള്ളുന്ന കനല്‍വഴികള്‍ താണ്ടിയവര്‍ ആ സ്വപ്‌നകിരീടത്തെ ചുംബിക്കുന്നു. മതിവരാതെ.... അവര്‍ അപ്പോഴും ദൈവത്തെ തേടിക്കാണണം. അയാള്‍ എല്ലാം കാണുന്നുണ്ടെന്ന വിശ്വാസത്തില്‍ മിശിഹ ആ കിരീടമുയര്‍ത്തി.... ദൈവം...മിശിഹ....ഇതാ ലോകം ആ കാഴ്ചകണ്ട് ആനന്ദാശ്രുപൊഴിക്കുന്നു.....വാമോസ് അര്‍ജന്റീന....
Content Highlights: Lionel Messi wins Argentina their first World Cup since Diego Maradona won them the trophy in 1986
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..