Lionel Messi
ദോഹ: പന്തുകളിക്കാരനായിരുന്നില്ലെങ്കില് ലയണല്‍ മെസ്സി ചിലപ്പോള്‍ ഗണിതശാസ്ത്രജ്ഞന് ആകുമായിരിക്കാം. അത്തരമൊരു ചിന്ത പ്രസക്തമാകുന്നത് ഗണിതത്തിലെ ഒരു കുരുക്കഴിക്കുന്നതുപോലെ ടീമിന് വിജയം നേടിക്കൊടുക്കുന്നത് കൊണ്ടുമാത്രമല്ല, എതിര്‍ടീമിന്റെ തന്ത്രങ്ങളെ പാടേ മാറ്റിമറിക്കാന്‍ കഴിയുന്ന സമവാക്യങ്ങളും കണക്കുകൂട്ടലുകളും കളിക്കളത്തില്‍ നിമിഷാര്‍ധംകൊണ്ട് നടപ്പാക്കുന്നതു കൊണ്ടുകൂടിയാണ്.
ഓസ്ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ 2-1 ന് ജയിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തുന്നത്. 35-ാം മിനിറ്റിലാണ് മെസ്സിയുടെ ഗോള്‍ വരുന്നത്. 57-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന രണ്ടാംഗോള്‍ കണ്ടെത്തുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളാണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലുള്ളത്. 1000-ാം മത്സരത്തിലാണ് മെസ്സി ഗോളും ടീമിന് ജയവും നേടിക്കൊടുക്കുന്നത്.
കൂട്ടിയും കിഴിച്ചുമാണ് മെസ്സി ആദ്യഗോള്‍ നേടുന്നത്. ഓസ്ട്രേലിയ അവരുടെ ഹാഫില്‍ പന്ത് പരസ്പരം കൈമാറി കളിച്ച് അര്‍ജന്റീനയെ സമ്മര്‍ദത്തിലാക്കുന്ന സമയം. ഫൈനല്‍ തേഡിലേക്ക് കടക്കാന്‍ കഴിയാതെ അര്‍ജന്റീന താരങ്ങള്‍ ഉഴറുമ്പോഴാണ് മെസ്സിയില്‍ തുടങ്ങി മെസ്സിയിലവസാനിക്കുന്ന നീക്കത്തില്‍നിന്ന് ഗോള്‍ വരുന്നത്. ആറ് എതിര്‍താരങ്ങള്‍ വരിയിട്ടുനില്ക്കുന്ന ബോക്സിനെ അളന്നാണ് മെസ്സിയില്‍നിന്ന് പന്ത് പാപുഗോമസിലേക്കും അവിടെ നിന്ന് മെക്കാലിസ്റ്ററിലേക്കും എത്തുന്നത്.
.jpg?$p=74dd70a&&q=0.8)
മെക്കാലിസ്റ്റര്‍ പന്ത് നിക്കോളാസ് ഒട്ടാമെന്ഡിയിലേക്ക് എത്തിക്കുമ്പോഴേക്കും മെസ്സി അവിടെ ഹാജരുണ്ട്. മുന്നിലുള്ള നാല് പ്രതിരോധനിരക്കാര്‍ ഏത് രീതിയില്‍ നീങ്ങുമെന്നതിന്റെ കണക്കയാളുടെ മനസ്സിലുണ്ട്. കിട്ടിയ പന്തിനെ നിമിഷാര്‍ധം കൊണ്ട് പ്രതിരോധനിരക്കാരന്റെ കാലുകള്‍ക്കിടയിലൂടെ പായിക്കുമ്പോള്‍ രണ്ട് താരങ്ങളുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ് മെസ്സി തെറ്റിച്ചത്. കാലുകള്‍ കൂട്ടിവെക്കാന്‍ ഓസീസ് താരം ഹാരി സൗറ്ററിനും മുഴുനീളെ ഡൈവിന് ഗോള്‍കീപ്പര്‍ മാറ്റ് റയാനും വേണ്ടിവരുന്ന സമയത്തെയാണ് മെസ്സി തന്റെ മനക്കണക്കുകൊണ്ട് കീഴടക്കുന്നത്. കളിയുടെ ഇഞ്ചുറി ടൈമില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ സേവോടെ അര്‍ജന്റീനയുടെ ജയം പൂര്‍ത്തിയാകുന്നു.
മെസ്സിക്കുമുന്നില്‍ ഇനി ചരിത്രത്തിലേക്കുള്ള കണക്കുകളുണ്ട്. ഒരുഗോള്‍ കൂടി നേടിയാല്‍ പത്ത് ഗോളോടെ ലോകകപ്പിലെ അര്‍ജന്റീനയുടെ ടോപ് സ്കോററെന്ന പദവി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്കൊപ്പം പങ്കിടാം. സെമിയില്‍ കളിച്ചാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന ജര്‍മന്‍താരം ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്താം. മത്തേയൂസിന് 25 മത്സരങ്ങളാണുള്ളത്. മെസ്സിക്ക് 23 മത്സരങ്ങളായി.



Content Highlights: Messi made history..in FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..