അലിയു സിസ്സെ | Photo: AFP
വിജയം മാത്രം ലക്ഷ്യം വെച്ചാണ് സെനഗല്‍ 2022 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനിറങ്ങിയത്. വിജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറില്‍ സമനില വഴങ്ങിയാലോ തോറ്റാലോ പുറത്ത്. എതിരാളികളായ എക്വഡോറിന് വെറും സമനില മാത്രം മതിയായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാന്‍. എന്നാല്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരുടെ യഥാര്‍ത്ഥ കരുത്ത് പുറത്തെടുത്തുകൊണ്ട് സെനഗല്‍ എക്വഡോറിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് പരിശീലകന് അലിയു സിസ്സെയാണ്. ആ പുഞ്ചിരിയ്ക്ക് മറ്റൊരു കഥ പറയാനുണ്ട്.
2002-ന് ശേഷം സെനഗലിനെ ആദ്യമായി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച പരിശീലകന് എന്ന റെക്കോഡ് സിസ്സെയെ തേടിയെത്തിയെങ്കിലും അതിനേക്കാളും തിളക്കമുള്ള മറ്റൊരു നേട്ടം പരിശീലകന് മാത്രം അവകാശപ്പെടാനുണ്ട്. 2002 ലോകകപ്പില്‍ കറുത്ത കുതിരകളായി പ്രീ ക്വാര്‍ട്ടറിലെത്തിയ സെനഗല്‍ ടീമിന്റെ നായകനായിരുന്നു സിസ്സെ. അധികമാര്‍ക്കും അവകാശപ്പെടാനാനില്ലാത്ത വലിയ നേട്ടത്തിനുടമയായി സിസ്സെ ഫുട്ബോള്‍ ലോകത്ത് പുഞ്ചിരിച്ച് നില്ക്കുന്നു.
സെനഗലിനെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സിസ്സെയുടെ തന്ത്രങ്ങളാണ്. വെറുമൊരു ശരാശരി ടീമില്‍ നിന്ന് സെനഗലിനെ ലോകോത്തര നിലവാരമുള്ള ടീമാക്കി മാറ്റുന്നതില്‍ സിസ്സെ വഹിച്ച പങ്ക് നിസ്തൂലമാണ്. 2019-ല്‍ സെനഗലിനെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെത്തിച്ചുകൊണ്ട് സിസ്സെ പരിശീലകക്കുപ്പായത്തിലെ തന്റെ പവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഫൈനലില്‍ അള്‍ജീരിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിന്റെ പോരാട്ടവീര്യത്തെ തല്ലിക്കെടുത്തിയെങ്കിലും സിസ്സെയുടെ ഉള്ളിലെ തീ കെട്ടില്ല. അദ്ദേഹം സെനഗല്‍ ഫുട്ബോളിന് പുതിയ മാനങ്ങള്‍ സമ്മാനിച്ചു. ഒരിക്കല്‍ തോറ്റിടത്ത് ജയിക്കണമെന്ന വാശി ടീമംഗങ്ങള്ക്കുള്ളില് നിറച്ചു.
അതിനുശേഷം സെനഗല്‍ അടിമുടി മാറിയതായി അവരുടെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. ഒരിക്കല്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം നേടിയെടുക്കാനായി സിസ്സെ സെനഗല്‍ ടീമില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ലോകോത്തര താരങ്ങളായ സാദിയോ മാനെയും എഡ്വാര്‍ഡോ മെന്‍ഡിയും ഡിയാലോയും കലിദോ കൗലിബാലിയുമെല്ലാം സെനഗലിന്റെ ചാവേറുകളായി. 2022 ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗലിന്റെ പ്രകടനം കണ്ട ആരാധകര്‍ സിസ്സെയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ഫൈനലില്‍ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്തുകൊണ്ട് സെനഗല്‍ കിരീടമുയര്‍ത്തുമ്പോള്‍ അവിടെ വിജയിച്ചത് സിസ്സെയാണ്. കളിക്കാരനായി നേടാനാകാതെ പോയ കിരീടം അയാള്‍ പരിശീലകന്റെ കുപ്പായത്തിലൂടെ നേടിയെടുത്തു. 2002-ല്‍ സെനഗലിനെ നായകനായി മുന്നില്‍ നിന്ന് നയിച്ച സിസ്സെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലിലെത്തിച്ചെങ്കിലും പരാജയപ്പെട്ടു. കാമറൂണിനെതിരായ ഫൈനലില്‍ താന്‍ പാഴാക്കിയ ആ വിലപ്പെട്ട പെനാല്‍റ്റി നല്കിയ നീറ്റല്‍ ഇപ്പോഴും സിസ്സെയുടെ ഇടനെഞ്ചില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. ഹൃദയം തകര്‍ന്നുകൊണ്ട് അയാള്‍ അന്ന് പൊട്ടിക്കരഞ്ഞു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ആ കണ്ണീര് സിസ്സെ ആനന്ദാശ്രുവാക്കിമാറ്റി, പരിശീലകന്റെ കുപ്പായത്തില്‍. അന്ന് നേടാതെ പോയ കിരീടം അയാള്‍ വിറയാര്‍ന്ന കൈകളോടെ എടുത്തുയര്‍ത്തി.
അതുപോലെ കാലം ഒളിപ്പിച്ചുവെച്ച മറ്റൊരു അത്ഭുതമാണ് ഇന്ന് മറനീക്കി പുറത്തുവന്നത്. 2002-ല്‍ സെനഗലിനെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ ഇന്ന് പരിശീലകക്കുപ്പായമണിഞ്ഞ് ദേശീയ ടീമിനെ 20 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ടീമിനെ അവസാന 16-ല്‍ എത്തിച്ചിരിക്കുന്നു. അന്ന് നായകനെങ്കില്‍ ഇന്ന് പരിശീലകന്.
2002-ല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍ അത്ഭുതമായി അവസാന എട്ടിലെത്തുമ്പോള്‍ ആ വിജയത്തില്‍ സിസ്സെ വഹിച്ച പങ്ക് ചെറുതല്ല. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ ഹെന്റി കമാറയുടെ ഇരട്ട ഗോളുകള്‍ സെനഗലിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചു. സെമി ഫൈനല്‍ സ്വപ്നം കണ്ട് ആ രാത്രി സിസ്സെയും കൂട്ടരും സുഖമായി ഉറങ്ങി. ക്വാര്‍ട്ടറില്‍ അത്ര പ്രബലരൊന്നുമല്ലാത്ത തുര്‍ക്കിയായിരുന്നു സെനഗലിന്റെ എതിരാളി. എന്നാല്‍ വിജയപ്രതീക്ഷയുമായി കളിക്കാനെത്തിയ സെനഗലിനെ ഒരു ഗോളിന്റെ ബലത്തില്‍ വീഴ്ത്തി തുര്‍ക്കിപ്പട കരുത്തുകാട്ടിയപ്പോള്‍ സിസ്സെയും കൂട്ടരും ഞെട്ടിത്തരിച്ചു നിന്നു. കണ്ണീരോടെ സെനഗല്‍ സംഘം ഗ്രൗണ്ട് വിട്ടു.
എന്നാല്‍ സെനഗലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ബാഗിലാക്കിയാണ് സിസ്സെയും സംഘവും ജപ്പാനിലെ യാന്മാര് സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. അതിനുശേഷം അതുപോലൊരു പ്രകടനം പുറത്തെടുക്കാന്‍ സെനഗലിന് സാധിച്ചിട്ടില്ല.
എന്നാല്‍ ഇത്തവണ ആഫ്രിക്കന്‍ ചാമ്പ്യന്‍ പട്ടവുമായി എത്തിയ സെനഗല്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ ആരാധകര്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ താരം സാദിയോ മാനെ ഇല്ലാഞ്ഞിട്ടും സെനഗല്‍ ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ പ്രീ ക്വാര്‍ട്ടറിലും അവരെ എഴുതിത്തള്ളാനാവില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളാണ് സിസ്സെയ്ക്ക് നിര്‍ണായകം. ഒരിക്കല്‍ നഷ്ടപ്പെട്ട ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് തന്റെ കുട്ടികളിലൂടെ അയാള്‍ ഇതിനോടകം തിരിച്ചുപിടിച്ചു. കിരീടനേട്ടം അതിമോഹമാകുമെങ്കിലും ലോകകപ്പില്‍ ടീമിനെ സെമി ഫൈനലിലെങ്കിലുമെത്തിച്ചാല് സെനഗല്‍ ഫുട്ബോള്‍ ലോകത്തെ ഇതിഹാസമായി സിസ്സെ മാറും. അതിനുള്ള കരുത്ത് അയാളുടെ തന്ത്രങ്ങള്ക്കുണ്ട്. കാരണം പണത്തിന് പുറകേ പോവാതെ സ്വന്തം രാജ്യത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച വലിയൊരു മനസ്സിനുടമയാണ് സിസ്സെ. അയാളുടെ പോരാട്ട വീര്യത്തെ തോല്‍പ്പിക്കാന്‍ സെനഗലിന്റെ ആഫ്രിക്കന്‍ താളത്തിലമരുന്ന ഫുട്ബോള്‍ മാന്ത്രികതയെ പൂട്ടാന്‍ എതിരാളികള്‍ വിയര്‍ക്കുകതന്നെ ചെയ്യും...
Content Highlights: fifa world cup 2022, Aliou Cisse, senegal football team coach, life story of senegal coach cisse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..