പന്തിനെയും പ്രതിരോധതാരങ്ങളെയും വട്ടം കറക്കും, ഭയക്കണം ആന്റണിയെ, ബ്രസീലിനെ...


അനുരഞ്ജ് മനോഹര്‍Photo: twitter.com/antony00

ന്തിനെ വട്ടം കറക്കി എതിരാളികളെ അമ്പരപ്പിക്കുന്ന യുവപ്രതിഭാസം. ഒറ്റ വാക്യത്തില്‍ ആന്റണി എന്ന ആന്റണി മാത്തേയുസ് ദോസ് സാന്റോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ബ്രസീലിയന്‍ സാംബാ താളം കാലിലാവാഹിച്ച യുവഫുട്‌ബോളറായ ആന്റണി 2022 ഫുട്‌ബോള്‍ ലോകകപ്പിലെ ഏറ്റവും പ്രതിഭാധനനായ താരങ്ങളിലൊരാളാണ്. വെറും 22 വയസ്സ് മാത്രമേ പ്രായമുള്ളൂ. പക്ഷേ ആന്റണി ഇന്ന് കളിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ്. അതും ചെറിയ തുകയ്‌ക്കൊന്നുമല്ല. റെക്കോഡ് തുകയ്ക്കാണ് ആന്റണി യുണൈറ്റഡിലെത്തിയത്. യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയ്ക്കാണ് (95 മില്യണ്‍ യൂറോ, അതായത് ഏകദേശം 757 കോടി രൂപ) ആന്റണി ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ചുകൊണ്ട് താരം വരവറിയിക്കുകയും ചെയ്തു.

മില്ലേനിയം സ്റ്റാറായാണ് ആന്റണിയുടെ ജനനം. 2000 ഫെബ്രുവരി 24 ന് ബ്രസീലിലെ ഒസാസ്‌കോയാണ് ആന്റണിയുടെ ഹോം ടൗണ്‍. ഒസാസ്‌കോ സാവോപോളോയോടടുത്തുനില്‍ക്കുന്ന പട്ടണമാണ്. അവിടത്തെ കുട്ടികള്‍ക്ക് ഒന്നു മാത്രമേ അറിയൂ. ഫുട്‌ബോള്‍. സാവോപോളോയിലെ കുട്ടികള്‍ പിറന്നുവീഴുന്നതുതന്നെ ഫുട്‌ബോളിന്റെ മുകളിലേക്കാണ് എന്നുവേണമെങ്കില്‍ പറയാം. പക്ഷേ ആന്റണിയുടെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. കൊള്ളക്കാരും കള്ളന്മാരും യഥേഷ്ടം വാഴുന്ന നഗരത്തിലാണ് അവന്‍ വളര്‍ന്നത്. ചെറുപ്പം തൊട്ട് പേടിച്ചരണ്ടാണ് ആന്റണി ദിവസങ്ങള്‍ തള്ളിനീക്കിയത്. ആ പേടിയെ അതിജീവിക്കാന്‍ അവനൊരു വഴി കണ്ടുപിടിച്ചു. അതാണ് ഫുട്‌ബോള്‍. കാല്‍പ്പന്തിന്റെ മായിക ലോകം അവനെ മാടിവിളിച്ചു. വൈകാതെ അവന്റെ കാലില്‍ ഫുട്‌ബോള്‍ അനുസരണയുള്ള വളര്‍ത്തുമൃഗമായി മാറി. പന്തുകൊണ്ട് എതിരാളികളെ വകഞ്ഞുമാറ്റി അവന്‍ ഫുട്‌ബോള്‍ എന്ന മാന്ത്രികകലയുടെ മര്‍മമറിഞ്ഞു. ആദ്യം ഫുട്‌സാലും സ്ട്രീറ്റ് ഫുട്‌ബോളുമായിരുന്നു ആന്റണിയുടെ പ്രധാന ശക്തികേന്ദ്രങ്ങള്‍.

ഒരിക്കല്‍ ഒരു ഫുട്‌സാല്‍ ടൂര്‍ണമെന്റില്‍ പത്തുവയസ്സുകാരനായ ആന്റണി എതിരാളികളെ വെള്ളം കുടിപ്പിച്ചുകൊണ്ട് ഗോളടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് ബ്രസീലിലെ സാവോപോളോ ക്ലബ്ബിലെ ഒരംഗം കാണുകയുണ്ടായി. കാലില്‍ അഗ്നിയൊളിപ്പിച്ച ആന്റണിയുടെ കളിമികവ് കണ്ട് അന്തം വിട്ട അയാള്‍ കുട്ടിത്താരത്തിന് സാവോപോളോയുടെ യൂത്ത് ക്ലബ്ബിലേക്ക് അവസരം നല്‍കി. അങ്ങനെ പത്താം വയസ്സില്‍ ആന്റണി സാവോ പോളോ ക്ലബ്ബിന്റെ യൂത്ത് ടീമിലിടം നേടി. തെരുവുഫുട്‌ബോളും ഫുട്‌സാലും കളിച്ചുപരിശീലിച്ച ആന്റണിയ്ക്ക് പക്ഷേ സാവോപോളോയില്‍ വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. 90 മിനിറ്റും കളിക്കാനുള്ള ശേഷിയും കരുത്തും അവനുണ്ടായിരുന്നില്ല. മാനേജ്‌മെന്റ് അവനെ പുറത്താക്കണമെന്ന് മുറവിളികൂട്ടി. പക്ഷേ ആന്റണിയുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച ടീമിന്റെ മാനേജര്‍ അവനെ ചേര്‍ത്തുനിര്‍ത്തി. അവനില്‍ ആത്മവിശ്വാസത്തിന്റെ വിത്തുപാകി.

സാവോപോളോയില്‍ വെച്ച് ആന്റണി ഹെലീന്യോ, ഇഗോര്‍ ഗോമസ് എന്നീ രണ്ട് സുഹൃത്തുക്കളെ ആന്റണിയ്ക്ക് ലഭിച്ചു. ഇരുവരുടെയും സൗഹൃദം ആന്റണിയുടെ ഫുട്‌ബോള്‍ കരിയറില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് സാവോപോളോയ്ക്ക് വേണ്ടി അതിമനോഹരമായ ഫുട്‌ബോള്‍ കാഴ്ചവെച്ചു. ഇടംകാലാണ് താരത്തിന്റെ പ്രധാന ശക്തി. 2018 സെപ്റ്റംബറില്‍ ജപ്പാനില്‍ വെച്ച് നടന്ന ജെ ലീഗ് ചലഞ്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈ മൂവര്‍ സംഘം സാവോപോളോയ്ക്ക് കിരീടം നേടിക്കൊടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. മുന്നേറ്റതാരമായ ആന്റണി വലതുവിങ്ങിലൂടെയും ഇടതുവിങ്ങിലൂടെയും ആക്രമിച്ച് കളിക്കാന്‍ മിടുക്കനാണ്.

ഒരു മാസത്തിനുശേഷം ആന്റണിയും കൂട്ടുകാരും സാവോപോളോയുടെ സീനിയര്‍ ടീമിലിടം നേടി. 2023 സെപ്റ്റംബര്‍ വരെ ആന്റണി സാവോപോളോയുമായി കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. നവംബര്‍ 15 ന് ആന്റണി ആദ്യമായി സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തി. പിന്നാലെ നടന്ന കോപ്പ സാവോ പോള്‍ ഡി ഫുട്‌ബോള്‍ അണ്ടര്‍ 20 വിഭാഗത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ സാവോപോളോയ്ക്ക് ആന്റണി കിരീടം നേടിക്കൊടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും താരം സ്വന്തമാക്കി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് ഗോളും ആറ് അസിസ്റ്റുമാണ് താരം നേടിയത്.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന്റെ ബലത്തില്‍ ആന്റണിയ്ക്ക് ദേശീയ ടീമില്‍ നിന്ന് വിളി വന്നു. ടൗലന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള അണ്ടര്‍ 23 ടീമിലേക്കാണ് താരത്തിന് വിളിവന്നത്. കിട്ടിയ അവസരം ആന്റണി ശരിക്കും മുതലാക്കി. ഫൈനലില്‍ ബ്രസീലിനായി വിജയഗോള്‍ നേടിയ ആന്റണി ടീമിന് കിരീടം സമ്മാനിച്ചു.

പിന്നീട് വീണ്ടും സാവോപോളോ സീനിയര്‍ ടീമിലിടം നേടിയ ആന്റണി സാവോ കേയ്റ്റാനോയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കി വന്നിട്ടില്ല. അതിനിടെയാണ് ഡച്ച് ക്ലബ്ബായ അയാക്‌സ് താരത്തെ നോട്ടമിട്ടത്. 2020 ജൂലായ് ഒന്നിന് അയാക്‌സ് ആന്റണിയെ ടീമിലെത്തിച്ചു. 13 മില്യണ്‍ യൂറോ (ഏകദേശം 103 കോടി രൂപ) മുടക്കിയാണ് ആന്റണി ടീമിലെത്തിയത്. എറിക് ടെന്‍ ഹാഗ് എന്ന തന്ത്രശാലിയായ പരിശീലകന്റെ മികവില്‍ അയാക്‌സില്‍ ആന്റണി വളര്‍ന്നുപന്തലിച്ചു. ആന്റണിയുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പരിശീലകനാണ് എറിക് ടെന്‍ ഹാഗ്. 2020 സെപ്റ്റംബര്‍ 13 ന് അയാക്‌സിനുവേണ്ടി ആന്റണി ആദ്യമായി കുപ്പായമണിഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ ടീമിനായി വിജയഗോള്‍ നേടി വരവറിയിക്കുകയും ചെയ്തു. വമ്പന്‍ താരങ്ങളും ടീമുകളും മാത്രം മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആന്റണി ഒക്ടോബര്‍ 27 ന് അരങ്ങേറി. അറ്റ്‌ലാന്റയായിരുന്നു എതിരാളികള്‍.

ആദ്യം ഡേവിഡ് നെറെസിന്റെ പകരക്കാരനായി ടീമിലിടം നേടിയ ആന്റണി പിന്നീട് ടീമിന്റെ ഫസ്റ്റ് ഇലവനിലെ അവിഭാജ്യഘടകമായി മാറി. ഇതിനിടെ 2020 സമ്മര്‍ ഒളിമ്പിക്‌സിലേക്കുള്ള ബ്രസീല്‍ അണ്ടര്‍ 23 ടീമിലേക്ക് ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിനിനെതിരായ ഫൈനല്‍ മത്സരത്തില്‍ മാല്‍ക്കോം വിജയഗോള്‍ നേടിയപ്പോള്‍ പാസ് നല്‍കിയത് ആന്റണിയായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രസീല്‍ കിരീടം നേടി.

അയാക്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ആന്റണിയ്ക്ക് ബ്രസീല്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നു. 2021 ഒക്ടോബര്‍ ഏഴിന് ആന്റണി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനായി അരങ്ങേറി. വെനസ്വേലയായിരുന്നു എതിരാളികള്‍. 77-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ആന്റണി ലഭിച്ച 13 മിനിറ്റിനുള്ളില്‍ തന്നെ ഗോളടിച്ച് വരവറിയിച്ചു. ബ്രസീലിനായി നിലവില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ച ആന്റണി രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.

അയാക്‌സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന സമയത്താണ് ഇടിത്തീ പോലെ ആ വാര്‍ത്ത ആന്റണിയുടെ കാതുകളിലെത്തിയത്. തന്റെ പ്രിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അയാക്‌സ് വിട്ട് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നു. ടെന്‍ ഹാഗ് പോയതോടെ ക്ലബ്ബ് വിടണമെന്ന് ആന്റണിയും തീരുമാനിച്ചു. പക്ഷേ വലിയ തുകയാണ് താരത്തിനായി അയാക്‌സ് മറ്റ് ക്ലബ്ബുകളില്‍ നിന്ന് ആവശ്യപ്പെട്ടത്. തന്റെ ഗുരുനാഥനൊപ്പം പന്തുതട്ടാന്‍ ആന്റണി ആഗ്രഹം പ്രകടിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ടെന്‍ ഹാഗ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. ആന്റണിയെ കൊണ്ടുവരാന്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും അയാക്‌സ് താരത്തിന്റെ മൂല്യമുയര്‍ത്തികൊണ്ടിരുന്നു. ഒടുവില്‍ വലിയ ചരടുനീക്കത്തിനൊടുവില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 757 കോടി രൂപ മുടക്കി ചുവന്ന ചെകുത്താന്മാര്‍ ആന്റണിയെ റാഞ്ചി. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ ആന്റണിയുടെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല.

വമ്പന്മാര്‍ പന്തുതട്ടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താന്‍ ഏറെ ആരാധിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തുതട്ടാന്‍ ആന്റണിയ്ക്ക് അവസരം വന്നു. 2022 സെപ്റ്റംബര്‍ നാലിന് ആഴ്‌സനലിനെതിരായ മത്സരത്തിലൂടെ ആന്റണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. എല്ലാ മത്സരങ്ങളും ജയിച്ചുവന്ന ആഴ്‌സനലിന്റെ അഹങ്കാരത്തിന് ആന്റണിയുടെ കൈയ്യില്‍ മരുന്നുണ്ടായിരുന്നു. ആഴ്‌സനലിന്റെ നെഞ്ചത്ത് ആദ്യ വെടിപൊട്ടിച്ചുകൊണ്ട് ആന്റണി ചുവന്ന ചെകുത്താനായി. യുണൈറ്റഡിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍. അപരാജിതക്കുതിപ്പ് നടത്തിയ ഗണ്ണേഴ്‌സിനെ 3-1 ന് തകര്‍ത്ത് യുണൈറ്റഡ് വിജയം നുകര്‍ന്നപ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ചത് ആന്റണിയാണ്.

ആന്റണി വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ തുറുപ്പുചീട്ടാണ്. വലതുവിങ്ങിലൂടെ ആക്രമിച്ച് കളിക്കാനും പ്രതിരോധ താരങ്ങളെ ചടുലതാളത്തിലമരുന്ന ഡ്രിബ്ലിങ്ങുകളിലൂടെ കബിളിപ്പിക്കാനും മിടുക്കനാണ് ആന്റണി. ആന്റണിയെ പൂട്ടാനായി പ്രതിരോധ താരങ്ങള്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരും. കാരണം താരത്തിന്റെ കാലിലുളളത് റൊണാള്‍ഡോയും റൊണാള്‍ഡീന്യോയുമെല്ലാം കെട്ടിയാടിയ സാംബാ താളത്തിന്റെ ചിലങ്കയാണ്.....

Content Highlights: fifa world cup 2022, antony, antony brazil, antony life story, antony in world cup, qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented