ക്രിസ്റ്റ്യാനോയുടെ ചിത്രം മുറിയില്‍ ഒട്ടിച്ചുവെച്ച ഒമ്പതുകാരന്‍ വിശ്വകിരീടത്തില്‍ ചുംബിച്ച കഥ


സജ്‌ന ആലുങ്ങല്‍കൈലിയൻ എംബാപ്പെ കുട്ടിക്കാലത്തെ ചിത്രം | Photo: Twitter/ Jose Mourinho

പാരീസിന്റെ സുഖശീതളിമയുടെ മറുപുറമായ ബോണ്ടിയിലെ ഒരു കുഞ്ഞുവീട്ടില്‍ ചുമരിലെല്ലാം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ചിത്രം ഒട്ടിച്ചുവെച്ച ഒരു ഒമ്പതു വയസ്സുകാരനുണ്ടായിരുന്നു. ഒരു കട്ടില്‍ ഇടാന്‍ മാത്രം വലിപ്പമുള്ള തന്റെ മുറിയുടെ ചുമരിലും അവന്‍ ക്രിസ്റ്റിയാനോയെ നിറച്ചു. രാത്രികാലങ്ങളില്‍ ആ കട്ടിലില്‍ കിടന്ന് അവന്‍ സ്വപ്നം കണ്ടു. ക്രിസ്റ്റിയാനോയെപ്പോലെ ഒരിക്കല്‍ താനും ഫുട്‌ബോള്‍ താരമാകുമെന്നും ക്രിസ്റ്റിയാനോയ്ക്ക് പകരം തന്റെ ചിത്രങ്ങള്‍ കുട്ടികള്‍ ചുമരുകളിലും മനസ്സിലും ഒട്ടിച്ചുവെയ്ക്കുമെന്നും. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി.

റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ചത് ആ കാലുകളായിരുന്നു, ടൂര്‍ണമെന്റില്‍ മികച്ച യുവതാരവുമായി ആ പത്തൊമ്പതുകാരന്‍. ഇതോടെ ഫ്രാന്‍സിലെ വീട്ടുമുറികളില്‍ മാത്രമല്ല, തെരുവായ തെരുവിലെല്ലാം അവന്റെ കട്ടൗട്ട് ചിത്രങ്ങളുയര്‍ന്നു. തന്റെ വീട്ടിലെ മുറിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം ലോകകപ്പുമായി നില്‍ക്കുന്ന സ്വന്തം ചിത്രങ്ങള്‍ അവനൊട്ടിച്ചു. ആ ചിത്രങ്ങളില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന പയ്യന്റെ പേരാണ് കൈലിയന്‍ എംബാപ്പെ. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാര താരമെന്ന റെക്കോഡില്‍ പെലെയ്‌ക്കൊപ്പമെത്തി എംബാപ്പെ.ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിക്കായി 15-ാം ഗോള്‍ പൂര്‍ത്തിയാക്കിയ എംബാപ്പെ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. 21 വയസ്സിനുള്ളില്‍ 15 ഗോളടിച്ച മെസ്സിയുടെ റെക്കോഡാണ് അവന് മുന്നില്‍ പഴങ്കഥയായത്. ക്രിസ്റ്റ്യാനോയും മെസ്സിയും അവശേഷിപ്പിച്ചു പോകുന്ന ശൂന്യത നികത്തേണ്ടവന്‍ താനാണെന്ന് അവന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ആരാധകരുടെ കണക്കുകൂട്ടലും വ്യത്യസ്തമല്ല. കളിക്കളത്തിലെ എംബാപ്പെയുടെ കുതിപ്പ് കണ്ട് എത്രയോ തവണ മെസ്സിയും ക്രിസ്റ്റിയാനോയും അവനെ മനസ്സില്‍ പുകഴ്ത്തിയിട്ടുണ്ടാകും, ഭാവിയുടെ താരമെന്ന വാഴ്ത്തിയിട്ടുമുണ്ടാകും.

ഒരു ദിവസം അഞ്ചു മത്സരങ്ങള്‍ കാണും

1998 ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തിന് ആറു മാസങ്ങള്‍ക്കിപ്പുറം വില്‍ഫ്രഡ്-ഫയ്‌സ ദമ്പതികളുടെ മകനായാണ് എംബാപ്പെ ജനിച്ചത്. കാമറൂണുകാരനായ വില്‍ഫ്രഡ് ഫുട്‌ബോള്‍ പരിശീലകനായിരുന്നു. അള്‍ജീരിയക്കാരിയായ ഫയ്‌സ പഴയ ഹാന്‍ഡ്‌ബോള്‍ താരവുമായിരുന്നു. ഒരിക്കല്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എംബാപ്പെയുടെ കാലിലേക്ക് പന്തെത്തിച്ചത് അച്ഛനായിരുന്നു. പിന്നീട് ദിവസം മുഴുവന്‍ അവന്‍ പന്തുതട്ടാന്‍ തുടങ്ങി. ഇടക്ക് കളിക്കാന്‍ കൂട്ടുകാരില്ലാത്തപ്പോള്‍ ഒരു ദിവസം നാലും അഞ്ചും മത്സരങ്ങള്‍ കാണാന്‍ തുടങ്ങി. അങ്ങനെ കളിച്ചും കളി കണ്ടും അവന്‍ വളര്‍ന്നു. കുട്ടിക്കാലത്തിന്റെ കൗതുകങ്ങളെല്ലാം ത്യജിച്ചായിരുന്നു ഈ വളര്‍ച്ച. കൂട്ടുകാര്‍ക്കൊപ്പം ഒരു സിനിമ കാണാനോ ഐസ്‌ക്രീം കഴിക്കാനോ അവന്‍ പുറത്തുപോയില്ല. ഈ നഷ്ടബാല്യത്തെ കുറിച്ച് 2018-ല്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ എംബാപ്പെ മനസ്സുതുറക്കുന്നുണ്ട്്. എന്നാല്‍ അതിനെല്ലാമപ്പുറം സ്വപ്നം കണ്ടത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമാണ് മനസ്സുനിറയെ എന്നും അഭിമുഖത്തില്‍ താരം പറയുന്നു.

കുട്ടിക്കാലത്ത് എംബാപ്പെയുടെ കരിയറിനെ കുറിച്ച് അച്ഛന് കൃത്യമായ ധാരണയുണ്ടായിരുന്നു. നാട്ടിലെ എ.എസ് ബൗണ്ടി ക്ലബ്ബില്‍ അച്ഛനോടൊപ്പം പോകാന്‍ തുടങ്ങിയ എംബാപ്പെ കുറച്ചുകാലത്തിനുള്ളില്‍ താരമായി മാറി. ബോണ്ടിയിലെ പരിശീലകരില്‍ ഒരാളായിരുന്നു എംബാപ്പെയുടെ അച്ഛന്‍. അന്നത്തെ എംബാപ്പയെ പരിശീലകനായിരുന്ന അന്റോണിയോ റിക്കാര്‍ഡി ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 'അന്ന് ആറു വയസ്സായിരുന്നു പ്രായം. ഒരു കാര്യം പറഞ്ഞുകൊടുത്താല്‍ പിന്നീട് ആവര്‍ത്തിക്കേണ്ടി വരാറില്ല. അപ്പോഴേക്കും അതു പഠിച്ചെടുത്തിട്ടുണ്ടാകും. ഞാന്‍ പരിശീലിപ്പിച്ചവരില്‍ ഏറ്റവും മികച്ച കുഞ്ഞായിരുന്നു അവന്‍. എന്റെ കരിയറില്‍ ഞാന്‍ പരിശീലിപ്പിച്ച ഏറ്റവും മികച്ച താരവും അവന്‍ തന്നെയാകും.'അന്റോണിയോ പറയുന്നു.

11-ാം വയസ്സില്‍ ചെല്‍സിയും റയലും നോട്ടമിട്ട താരം

പതിനൊന്നാം വയസ്സില്‍തന്നെ എംബാപ്പെ വിലപിടിപ്പുള്ള താരമായി മാറി. സ്പാനിഷ് ക്ലബ്ബുകളായ വലന്‍സിയയും റയല്‍ മാഡ്രിഡും അവനുവേണ്ടി മത്സരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും അവരോടൊപ്പം ചേര്‍ന്നു. ആ സമയത്ത് ചെല്‍സിയുടെ യൂത്ത് ടീമിനുവേണ്ടി എംബാപ്പെ ഒരു മത്സരവും കളിച്ചു. എന്നാല്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയിലാണ് എംബാപ്പെ എത്തിച്ചേര്‍ന്നത്. അച്ഛന്റെ താത്പര്യമായിരുന്നു അത്. 16 വര്‍ഷവും 347 ദിവസവും പ്രായമുള്ളപ്പോള്‍ മൊണോക്കോയ്ക്കായി ആദ്യ മത്സരം കളിച്ചു. ഇതോടെ 17-ാം വയസ്സില്‍ അരങ്ങേറിയ തിയറി ഹെന്‍ട്രിയുടെ റെക്കോഡ് പഴങ്കഥയായി. അഞ്ചാം വയസ്സില്‍ തന്നോടൊപ്പം ഫോട്ടോ എടുത്ത കുട്ടി തന്റെ റെക്കോഡ് മറികടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിന്നീട് ഹെന്‍ട്രി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ എംബാപ്പെയെ ഹെന്‍ട്രിയുമായി പലതവണ താരതമ്യം ചെയ്തിട്ടുമുണ്ട്.

എംബാപ്പെയുടെ കരിയറില്‍ നിര്‍ണായകമായത് റയല്‍ മാഡ്രിഡിന്റെ ക്യാമ്പില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയോടൊപ്പം പരിശീലനം നേടിയതാണ്. മറ്റാരുമല്ല, എംബാപ്പെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാര താരമായിരിക്കുമ്പോഴായിരുന്നു എംബാപ്പെ റയലിലെത്തിയത്. അന്ന് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കാനും താരം മറന്നില്ല. എന്നാല്‍ ഇന്ന് അതേ ക്രിസ്റ്റിയാനോയെ പിന്നിലാക്കാനുള്ള തയ്യാറെടുപ്പിലാണ് എംബാപ്പെ.

ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുന്ന എംബാപ്പെ | Photo: AP

ഗോളാഘോഷത്തിന് പിന്നിലെ രഹസ്യം

ഗോളടിച്ചാല്‍ തുറന്നുചിരിച്ച് കൈ കെട്ടിയുള്ള എംബാപ്പെയുടെ ആഘോഷം കണ്ടവരാരും മറന്നിട്ടുണ്ടാകില്ല. ഫ്രഞ്ച് താരത്തിന്റെ ഈ ആഘോഷത്തിന് പിന്നില്‍ ഒരു കഥയുണ്ട്. തന്നേക്കാള്‍ ഏഴു വയസ്സിവ് താഴെയുള്ള സഹോദരന്‍ ഈതനില്‍ നിന്നാണ് എംബാപ്പെ ഇത് പഠിച്ചെടുത്തത്. ഈതനുമായി ഫുട്‌ബോള്‍ വീഡിയോ ഗെയിം കളിക്കുന്ന ശീലമുണ്ടായിരുന്നു കുഞ്ഞ് എംബാപ്പെയ്ക്ക്. കളത്തില്‍ വീരനെങ്കിലും വീഡിയോ ഗെയിമില്‍ ഗോള്‍ വാങ്ങിക്കൂട്ടാനായിരുന്നു എംബാപ്പെയുടെ വിധി. പരാജിതനായി നില്‍ക്കുമ്പോള്‍ ഏതന്‍ മുന്നില്‍ കൈകെട്ടി തലയുയര്‍ത്തി നില്‍ക്കും. ഒരു ദിവസം ഈതന്‍ എംബാപ്പെയോട് ചോദിച്ചു; 'ചേട്ടന് ഒരു മത്സരത്തിലെങ്കിലും ഇതുപോലെ ഗോള്‍ ആഘോഷിച്ചൂടേ?' ഇതോടെയാണ് എംബാപ്പെയുടെ തലയിലും ഈ ഐഡിയ കത്തിയത്. അങ്ങനെ കളത്തിലെ താരമായി വളര്‍ന്ന എംബാപ്പെ എതിരാളികളെ ഒന്നൊന്നായി ഗോളടിച്ച് തോല്‍പ്പിക്കുമ്പോള്‍ അനിയന്‍ പറഞ്ഞതുപോലെ ആഘോഷിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു വീട്ടില്‍ മാത്രം ഒതുങ്ങിനിന്ന ആ കൈകെട്ടല്‍ ലോകം മുഴുവന്‍ അനുകരിക്കാന്‍ തുടങ്ങി.

അര്‍ജന്റീനയക്കെതിരായ ആ കുതിപ്പ് എങ്ങനെ മറക്കും?

അണ്ടര്‍-19 യൂറോപ്യന്‍ കിരീടം ഫ്രാന്‍സ് നേടിയപ്പോള്‍ അതില്‍ എംബാപ്പെയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അഞ്ചു ഗോള്‍ നേടിയ താരം പോര്‍ച്ചുഗലിനെതിരായ സെമി ഫൈനലില്‍ ടീമിനെ ഒറ്റക്ക് നയിച്ചു. ഇതിന് പിന്നാലെ ഫ്രാന്‍സിന്റെ സീനിയര്‍ ടീമിലേക്കുള്ള വിളിയെത്തി. 2017 മാര്‍ച്ചില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലക്‌സംബര്‍ഗിനെതിരേ ആയിരുന്നു അരങ്ങേറ്റം. അന്ന് 18 വര്‍ഷവും മൂന്നു മാസവും അഞ്ചു ദിവസവുമായിരുന്നു പ്രായം. ഇതോടെ ഫ്രാന്‍സിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും എംബാപ്പെ മാറി. ഹോളണ്ടിനെതിരേ ആയിരുന്നു അന്താരാഷ്ട്ര ജഴ്‌സിയില്‍ ആദ്യ ഗോള്‍.

റഷ്യന്‍ ലോകകപ്പിലും എംബാപ്പെയുടെ കുതിപ്പു കണ്ടു. അതിന് മുന്നില്‍ മെസ്സിയുടെ അര്‍ജന്റീന വരെ കിതച്ചു. അര്‍ജന്റീനയെ പുറത്താക്കിയ മത്സരത്തില്‍ രണ്ട് ഗോളടിച്ച എംബാപ്പെ ഫ്രാന്‍സിന് പെനാല്‍റ്റിയും നേടിക്കൊടുത്തു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ക്ക് ഒന്നുതൊടാന്‍ പോലുമാകാത്ത വേഗതയിലായിരുന്നു ഗ്രൗണ്ടിലൂടെയുള്ള എംബാപ്പെയുടെ കുതിപ്പ്. ഗ്രീസ്മാന്‍ എടുത്ത ആദ്യ പെനാല്‍റ്റിയിലേക്കും വഴിവെച്ചതും ആ വേഗത തന്നെയാണ്. ഒടുവില്‍ ആ ഓട്ടം അവസാനിച്ചത് വിശ്വകിരീടത്തിലായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ 25 വാര അകലെ നിന്നുള്ള ആ സ്‌ട്രെക്ക് ഒരിക്കലും മറക്കാനാകില്ല. ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടിയ താരം മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവുമായാണ് ഫ്രാന്‍സിലേക്ക് വിമാനം കയറിയത്. ഒപ്പം പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാര താരവുമായി. എംബാപ്പെയുടെ ഈ റെക്കോഡിനെ സ്വാഗതം ചെയ്ത് പെലെ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു 'എന്റെ ക്ലബ്ബിലേക്ക് സ്വാഗതം എംബാപ്പെ'.

13 മിനിറ്റിനിടയില്‍ നാല് ഗോളുകള്‍

2017-ല്‍ മൊണോക്കോയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ പി.എസ്.ജിയിലെത്തിയ എംബാപ്പെ ഒരു വര്‍ഷത്തിനുള്ളില്‍ റെക്കോഡ് തുകയ്ക്ക് പി.എസ്.ജിയുടെ സ്ഥിരം താരമായി. ലോകകപ്പിലെ പ്രകടനം താരത്തിന്റെ മൂല്യമുയര്‍ത്തി. ഏഴാം നമ്പര്‍ ജഴ്‌സിയില്‍ സഹതാരം നെയ്മറെപോലും ചിത്രത്തിലേ ഇല്ലാതാക്കുന്നതായിരുന്നു ഫ്രഞ്ച് താരത്തിന്റെ പ്രകടനം. ലിയോണിനെ പി.എസ്.ജി എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ നാലും എംബാപ്പെയുടെ ബൂട്ടില്‍ നിന്നായിരുന്നു. അതും 13 മിനിറ്റിനിടയില്‍. ഇതോടെ ഫ്രഞ്ച് ലീഗില്‍ ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് എംബാപ്പെയുടെ പേരിനൊപ്പം ചേര്‍ന്നു. അന്ന് 19 വര്‍ഷവും ഒമ്പത് മാസവുമായിരുന്നു ഫ്രഞ്ച് താരത്തിന്റെ പ്രായം.

2017-ല്‍ മൊണാക്കോയ്‌ക്കൊപ്പം ലീഗ് വണ്‍ കിരീടം നേടിയ എംബാപ്പെ 2018, 2019 സീസണുകളില്‍ പി.എസ്.ജിയ്ക്കുമൊപ്പം ഈ നേട്ടം ആവര്‍ത്തിച്ചു. ഇതിനിടയില്‍ കോച്ച് തോമസ് ടച്ചലുമായുള്ള അസ്വാരസ്യങ്ങളുടം പേരിലും താരം വാര്‍ത്തികളില്‍ ഇടം നേടി. ഇപ്പോള്‍ പരിശീലകന്‍ മാറി ക്രിസ്റ്റഫെ ഗാല്‍റ്റിയര്‍ എത്തിയിട്ടും താരം ക്ലബ്ബില്‍ സന്തോഷവാനല്ല. കഴിഞ്ഞ ജൂണില്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയിരുന്നു. ടീം വിടാന്‍ ഒരുങ്ങിയപ്പോഴാണ് പിഎസ്ജി കരാര്‍ നീട്ടിയത്. ഇതുപ്രകാരം 2025 വരെ ക്ലബ്ബില്‍ തന്നെ തുടരണം. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാണ് താരം ശ്രമിക്കുന്നത്. ഫ്രാന്‍സിന് വേണ്ടി കളിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം പിഎസ്ജിയില്‍ ലഭിക്കുന്നില്ലെന്നാണ് എംബാപ്പെയുടെ പരാതി.

പിഎസ്ജിയുടെ കാര്യം അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴാണ് എംബാപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഖത്തറിലേക്ക് വിമാനം കയറുന്നത്. ഇനി ലക്ഷ്യം ലോകകപ്പ് മാത്രമാണ. ഈ ലോകകപ്പില്‍ കളിക്കാനെത്തുന്ന കളിക്കാരുടെ വിപണിമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് അദ്ദേഹം. 1333 കോടി രൂപയാണ് ഫ്രഞ്ച് സ്‌ട്രൈക്കറുടെ മൂല്യം. ലോകകപ്പ് നിലനിര്‍ത്താനുള്ള ഫ്രാന്‍സിന്റെ വജ്രായുധം. റഷ്യയില്‍ കണ്ട കളി ഖത്തറിലും കാണുമോ? ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlights: Kyline Mbappe, France football player, Qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented